അതൊരു സൂചനയായിരുന്നു, ഇന്ത്യൻ ടീമിന്റെ ‘ബാലൻ’ വൈഭവിനെ ടീമിന് പുറത്തിരുത്തുമെന്ന വലിയ സൂചന!
India vs Ireland T20: Vaibhav Suryavanshi- അയർലൻഡിനെതിരായ ടി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിലെ 'ബാലൻ' വൈഭവ് സൂര്യവംശി കളിക്കും എന്ന് വിശ്വസിച്ചിരുന്ന ആരാധകർ നിരവധിയാണ്. എന്നാൽ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ വൈഭവിന് കഴിഞ്ഞില്ല.
ബെൽഫാസ്റ്റ്: അയർലൻഡിനെതിരായ ടി20 ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിലെ ‘ബാലൻ’ വൈഭവ് സൂര്യവംശി കളിക്കും എന്ന് വിശ്വസിച്ചിരുന്ന ആരാധകർ നിരവധിയാണ്. എന്നാൽ ശ്രേയസ് അയ്യർ നയിക്കുന്ന ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ വൈഭവിന് കഴിഞ്ഞില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് ഇറങ്ങുമെന്നും ഓപ്പണിങ്ങിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച് അയർലൻഡിനെ പറപ്പിക്കുമെന്നും സ്വപ്നം കണ്ടവർക്ക് നിരാശപ്പെടേണ്ടി വന്നു എന്നതാണ് യാഥാർഥ്യം. പക്ഷേ മത്സരത്തിന് മുമ്പ് തന്നെ വൈഭവ് ആദ്യ മത്സരത്തിന് ടീമിലുണ്ടായേക്കില്ല എന്ന സൂചനകൾ പുറത്തുവന്നിരുന്നു.
അരങ്ങേറ്റം കാണാൻ ആവേശം
ഇന്ത്യ- അയർലൻഡ് ടി20യിലെ ആദ്യ മത്സരം വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ മത്സരമായി ചരിത്രത്തിൽ ഇടം പിടിക്കും എന്ന് കരുതി ആരാധകർക്കിടയിൽ വൻ ആവേശം രൂപപ്പെട്ടിരുന്നു. അതിനാൽത്തന്നെ മത്സരത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റുപോയത്. എന്നാൽ ഡബ്ലിനിലെ 12,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മലാഹൈഡ് ഗ്രൗണ്ടിന് തെരഞ്ഞെടുക്കാതെ ബെൽഫാസ്റ്റിലെ സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബിലാണ് അയർലൻഡ് മത്സരങ്ങൾ ക്രമീകരിച്ചത്.
Also Read: അനിയൻ ബാവ, ചേട്ടൻ ബാവ! മൈതാനത്ത് റൺമഴ പെയ്യിച്ച് വൈഭവിന്റെ 10 വയസുകാരൻ അനിയൻ
കുറച്ച് ആളുകളെ മാത്രം പ്രതീക്ഷിച്ച് കുറഞ്ഞ സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ കളി നിശ്ചയിച്ചതിനാൽത്തന്നെ, ഉണ്ടായിരുന്ന ടിക്കറ്റുകൾ വിറ്റുതീർന്നതോടെ ആരാധകർക്ക് നിരാശപ്പെടേണ്ടി വന്നു. ഇത് അയർലൻഡ് ക്രിക്കറ്റ് ബോർഡിനും തിരിച്ചടിയായി. ”നിർഭാഗ്യവശാൽ ഞങ്ങൾക്ക് 4,500 മുതൽ 5,000 വരെ ആരാധകരെ മാത്രമേ ഇവിടെ ഉൾക്കൊള്ളാൻ കഴിയൂ. കൂടുതൽ സ്ഥലമുണ്ടായിരുന്നെങ്കിൽ ഇതിന്‍റെ മൂന്നിരട്ടി ടിക്കറ്റുകൾ ഞങ്ങൾക്ക് സുഖമായി വിൽക്കാമായിരുന്നു” എന്നാണ് അയർലൻഡ് ക്രിക്കറ്റ് ബോർഡ് അധികൃതർ പ്രതികരിച്ചത്.
ആദ്യ സൂചന ബാറ്റിങ് കോച്ചിൽ നിന്ന്
അയർലൻഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ പ്ലേയിങ് ഇലവനിൽ വൈഭവ് ഇടം പിടിച്ചേക്കില്ല എന്നതിന്റെ ആദ്യ സൂചനകൾ തന്നത് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാൻഷു കോട്ടക് ആയിരുന്നു. എതിരാളികളെയോ കളിക്കുന്ന വേദിയെയോ ഭയപ്പെടാത്ത അസാധാരണ പ്രതിഭയാണ് സൂര്യവംശി എന്നത് അംഗീകരിക്കുമ്പോൾതന്നെ, ഒരു യുവപ്രതിഭയെ വളർത്തിയെടുക്കുന്നതും സ്‌പോർട്‌സിലെ അടിസ്ഥാനപരമായ നീതി നിലനിർത്തുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോട്ടക് കഴിഞ്ഞ ദിവസം ടീമിന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്രേയസ് അയ്യർ
ടോസ് ജയിച്ച് ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തതിന് പിന്നാലെ വൈഭവ് ആദ്യ മത്സരത്തിൽ കളിക്കുന്നില്ലെന്ന വിവരം നായകൻ ശ്രേയസ് അയ്യർ ഔദ്യോഗികമായി വ്യക്തമാക്കി. അവൻ മികച്ച കളിക്കാരനാണ് എന്നതിൽ തർക്കമില്ല. പക്ഷേ, ഇതിനകം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത ചില മികച്ച കളിക്കാർ നമുക്കൊപ്പമുണ്ട്. ഞങ്ങൾ അവർക്ക് പിന്തുണ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ശരിയായ സമയം വരുമ്പോൾ വൈഭവിന് തീർച്ചയായും അവസരം ലഭിക്കുമെന്നും ശ്രേയസ് വ്യക്തമാക്കി.
തിരിച്ചടിയായത് ടോപ് ഓർഡർ
അയർലൻഡിനെതിരായ ടി20യിലെ ആദ്യ മത്സരത്തിൽ വൈഭവ് ടീമിൽ ഇടംപിടിക്കാതിരിക്കാൻ കാരണം ഇന്ത്യൻ ടീമിൻറെ അതിശക്തമായ ടോപ്പ് ഓർഡറാണ്. ലോകകപ്പ് ടീമിൻറെ ഭാഗമായിരുന്ന അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർ ടീമിലുള്ളപ്പോൾ അവരിൽ ഒരാളെ മാറ്റിനിർത്തി വൈഭവിനെ ഉൾപ്പെടുത്തുക എന്നത് വലിയൊരു റിസ്ക് ആണെന്നാണ് ടീം മാനേജ്മെൻറ് വിലയിരുത്തിയത്.
ഒഴിവാക്കൽ കഠിനം
വൈഭവിന്റെ അരങ്ങേറ്റത്തിന് അവസരമൊരുക്കാൻ വേണ്ടി മാത്രം സഞ്ജു സാംസണെയോ അഭിഷേക് ശർമയെയോ പോലുള്ള ഫോമിലുള്ള സീനിയർ കളിക്കാരെ ടീമിൽനിന്ന് മാറ്റുന്നത് മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ആരാധകരുടെ സമ്മർദത്തിന് വഴങ്ങി മികച്ച ഫോമിലുള്ള ഒരു കളിക്കാരനെ പുറത്തിരുത്തിയാൽ അത് ടീമിലെ പരസ്പര വിശ്വാസത്തെ ബാധിക്കും എന്ന് കരുതപ്പെടുന്നു.
ഈ ടൂർണമെന്റിൽ കളിച്ചാൽ റെക്കോഡ്
അയർലൻഡിനെതിരായ ടൂർണമെന്റിൽ കളിക്കാൻ സാധിച്ചാൽ വൈഭവിനെ കാത്തിരിക്കുന്നത് റെക്കോഡ് കൂടിയാണ്. ആദ്യ മത്സരത്തിൽ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 15 വയസ്സും 91 ദിവസവും പ്രായമുള്ള വൈഭവ് സൂര്യവംശി ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ (പുരുഷ-വനിതാ ടീമുകളിൽ) അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കുമായിരുന്നു.
എന്നാൽ ആദ്യ മത്സരത്തിൽ കളിക്കാനായില്ലെങ്കിലും റെക്കോഡ് കുറിക്കാൻ ഇനിയും സമയമുണ്ട്. ഞായറാഴ്ചത്തെ രണ്ടാം മത്സരത്തിൽ വൈഭവ് കളിക്കുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ വനിതാ താരങ്ങളില്‍ ഷഫാലി വർമ്മയും (15 വയസ്സും 239 ദിവസവും), പുരുഷ താരങ്ങളില്‍ സച്ചിൻ ടെൻഡുക്കൽക്കറുമാണ് (16 വയസ്സും 205 ദിവസവും) ഇന്ത്യക്കായി അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങള്‍. ഞായറാഴ്ച കളിച്ചാൽ റെക്കോഡ് വൈഭവ് സ്വന്തം പേരിൽ കുറിക്കും.
English Summary
Many fans believed that the ‘Balan’ Vaibhav Suryavanshi of the Indian team would play in the first match of the T20 tournament against Ireland. However, Vaibhav could not make it to the playing eleven in the first match of the Indian team led by Shreyas Iyer. A hint that Vaibhav might not play in the first match had come out through the response of batting coach Sitanshu Kotak earlier.