Vaibhav Sooryavanshi: അപ്പോള്‍ അത് ഉറപ്പിക്കാം; ഓറഞ്ച് ക്യാപ് ഈ പതിനഞ്ചുകാരന്‍ തൂക്കി
Vaibhav Sooryavanshi Set to Script History with IPL 2026 Orange Cap: ഐപിഎല്‍ 2026-ലെ ഓറഞ്ച് ക്യാപ് വൈഭവ് സൂര്യവംശി സ്വന്തമാക്കി. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് നേടിയത്. ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും മാത്രമായിരുന്നു വൈഭവിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍.
Vaibhav Sooryavanshi Orange Cap: ഫൈനല്‍ ഇനിയും അവസാനിച്ചിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു പതിനഞ്ചുകാരന്‍ ഓറഞ്ച് ക്യാപിന്റെ ഉടമയായി മാറുന്ന അത്യപൂര്‍വ നിമിഷത്തിന് ഇനി അല്‍പനേരം മാത്രമാണ് ബാക്കിയുള്ളത്. നിലവില്‍ 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് നേടിയത്. യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്ലും, സായ് സുദര്‍ശനും മാത്രമായിരുന്നു വൈഭവിന് മുന്നിലുണ്ടായിരുന്ന വെല്ലുവിളികള്‍.
എന്നാല്‍ ആര്‍സിബിക്കെതിരായ കലാശപ്പോരാട്ടത്തില്‍ ഗില്‍ പത്ത് റണ്‍സെടുത്തും, സായ് 12 റണ്‍സുമായും പുറത്തായി. ഇതോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ വൈഭവിന്റെ അവസാന ഭീഷണികളുമൊഴിഞ്ഞു. 16 മത്സരങ്ങളില്‍ നിന്ന് 732 റണ്‍സാണ് ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്‍ നേടിയത്. സായ് 17 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 722 റണ്‍സും.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ഹെയിന്റിച്ച് ക്ലാസനും, ഇഷാന്‍ കിഷനുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. സണ്‍റൈസേഴ്‌സ് ഇതിനകം പുറത്തായതിനാല്‍ ഇരുവര്‍ക്കും ഇനി മുന്നോട്ടുപോക്ക് സാധ്യമല്ല. ആറാമതുള്ള ആര്‍സിബിയുടെ വിരാട് കോലി മാത്രമാണ് ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തിലുള്ള താരങ്ങളില്‍ ഇനി ബാറ്റു ചെയ്യാനുള്ളത്.
Also Read: RCB vs GT Live Score, IPL 2026 Final: ടോപ് ഓര്‍ഡര്‍മാര്‍ പുറത്ത്, ഗുജറാത്തിന് ബാറ്റിങ് തകര്‍ച്ച
16 മത്സരങ്ങളില്‍ 600 റണ്‍സാണ് കോലി ഇതുവരെ നേടിയത്. ഒന്നാമതുള്ള വൈഭവിനെ മറികടക്കാന്‍ വേണ്ടത് 177 റണ്‍സും. അതുകൊണ്ട് തന്നെ വൈഭവിനെ മറികടക്കാന്‍ കോലിക്കും സാധിക്കില്ലെന്ന് ഉറപ്പാണ്. അതായത്, ഇത്തവണത്തെ ഓറഞ്ച് ക്യാപ് വൈഭവ് തൂക്കിയെന്ന് നിസംശയം ഉറപ്പിക്കാം. ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന താരത്തിന് സമ്മാനത്തുക ലഭിക്കും. 10 ലക്ഷം രൂപയാണ് സമ്മാനം.
റെക്കോഡ്
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. ഗില്ലിന്റെ റെക്കോഡാണ് മറികടന്നത്. 2023-ല്‍ ഗില്‍ ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ 23 ആയിരുന്നു പ്രായം. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന വൈഭവിന്റെ നേട്ടത്തിന് അടുത്തകാലത്തൊന്നും ഇളക്കം തട്ടില്ലെന്ന് ഉറപ്പാണ്.
ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു. ഈ ഐപിഎല്‍ സീസണില്‍ 72 സിക്‌സറുകളാണ് ഈ കുട്ടിതാരം പറത്തിയത്. 63 ഫോറുകളും അടിച്ചുകൂട്ടി. അഞ്ച് അര്‍ധ സെഞ്ചുറിയും, ഒരു സെഞ്ചുറിയും നേടി. രണ്ട് തവണ സെഞ്ചുറിക്കരികിലെത്തിയതിന് ശേഷമാണ് പുറത്തായത്. 237.30 ആണ് സ്‌ട്രൈക്ക് റേറ്റ്. ആവറേജ് 48.50.
ഫൈനല്‍ കാണാന്‍
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മില്‍ നടക്കുന്ന ഫൈനല്‍ പോരാട്ടം കാണാന്‍ വൈഭവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെത്തിയിട്ടുണ്ട്. മത്സരശേഷം നടക്കുന്ന സമ്മാനദാനച്ചടങ്ങളില്‍ ഓറഞ്ച് ക്യാപ് നേടിയ താരത്തിനുള്ള പുരസ്‌കാരം വൈഭവിന് സമ്മാനിക്കും. വൈഭവ് സൂര്യവംശിയുടെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റ് പുറത്തായിരുന്നു.
English Summary
Fifteen-year-old Vaibhav Sooryavanshi is set to create history by becoming the youngest-ever IPL Orange Cap winner. He scored 776 runs in 16 matches for Rajasthan Royals. His closest rivals, Shubman Gill and Sai Sudharsan, were dismissed early in the final match. Virat Kohli is too far behind to catch up, completely securing the Orange Cap for Vaibhav Sooryavanshi.