PBKS vs LSG IPL 2026: പട നയിച്ചവന്‍ ജയിപ്പിച്ചു; ശ്രേയസിന്റെ മികവില്‍ പഞ്ചാബിന് ജയം; പ്ലേ ഓഫ് പ്രതീക്ഷ
Punjab Kings Keep Playoff Hopes Alive with Dominant 7-Wicket Win Over Lucknow Super Giants: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിങ്‌സ്. 197 റണ്‍സ് വിജയലക്ഷ്യം 12 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു.
ലഖ്‌നൗ: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴു വിക്കറ്റിന് തകര്‍ത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിങ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം 12 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടന്നു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും, അര്‍ധ സെഞ്ചുറി നേടിയ പ്രഭ്‌സിമ്രാന്‍ സിങിന്റെയും ബാറ്റിങ് മികവാണ് പഞ്ചാബിന്റെ വിജയം അനായാസമാക്കിയത്. സ്‌കോര്‍: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 20 ഓവറില്‍ ആറു വിക്കറ്റിന് 196, പഞ്ചാബ് കിങ്‌സ് 18 ഓവറില്‍ മൂന്നു വിക്കറ്റിന് 200.
51 പന്തില്‍ 101 റണ്‍സ് നേടിയ ശ്രേയസ് പുറത്താകാതെ നിന്നു. പ്രഭ്‌സിമ്രാന്‍ സിങ് 39 പന്തില്‍ 69 റണ്‍സെടുത്തു. തകര്‍ച്ചയോടെയായിരുന്നു പഞ്ചാബിന്റെ തുടക്കം. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ആദ്യ പന്തില്‍ തന്നെ പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ക്യാച്ചെടുക്കുകയായിരുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ വണ്‍ ഡൗണായെത്തിയ കൂപ്പര്‍ കോണോലിയും പുറത്തായി. മുഹമ്മദ് ഷമിക്കായിരുന്നു ഈ വിക്കറ്റും.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ പ്രഭ്‌സിമ്രാനും, ശ്രേയസും പഞ്ചാബിനെ കരുതലോടെ നയിച്ചു. വിലപ്പെട്ട 140 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഈ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് പഞ്ചാബിന് സമ്മാനിച്ചത്. പതിനഞ്ചാം ഓവറില്‍ പ്രഭ്‌സിമ്രാനെ പുറത്താക്കി അര്‍ജുന്‍ തെണ്ടുല്‍ക്കറാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. ഈ സീസണില്‍ അര്‍ജുന്‍ കളിക്കുന്ന ആദ്യ മത്സരമാണിത്.
Also Read: IPL 2026: ആര്‍സിബി ക്യാമ്പ് വിടൂ; ജേക്കബ് ബെഥലിനോട് നാട്ടിലേക്ക് മടങ്ങാന്‍ മുന്‍താരം
ലഖ്‌നൗവിന്റെ പോരാട്ടം
ഓപ്പണര്‍ ജോഷ് ഇംഗ്ലിസും, നാലാമനായി എത്തിയ ആയുഷ് ബദോനിയും മാത്രമാണ് ലഖ്‌നൗവിനു വേണ്ടി പൊരുതിയത്. 44 പന്തില്‍ 72 റണ്‍സാണ് ഇംഗ്ലിസ് നേടിയത്. ബദോനി 18 പന്തില്‍ 43 റണ്‍സെടുത്തു. അബ്ദുല്‍ സമദ് പുറത്താകാതെ 20 പന്തില്‍ 37 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അര്‍ഷിന്‍ കുല്‍ക്കര്‍ണി-ഗോള്‍ഡന്‍ ഡക്ക്, നിക്കോളാസ് പുരന്‍-ഏഴു പന്തില്‍ രണ്ട്, ഋഷഭ് പന്ത്-22 പന്തില്‍ 26, മുകുല്‍ ചൗധരി-മൂന്നു പന്തില്‍ ഒന്ന്, അര്‍ജുന്‍ തെണ്ടുല്‍ക്കര്‍-പുറത്താകാതെ അഞ്ച് പന്തില്‍ അഞ്ച് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
പഞ്ചാബിനു വേണ്ടി മാര്‍ക്കോ യാന്‍സനും, യുസ്‌വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതവും, ശശാങ്ക് സിങും, അസ്മത്തുല്ല ഒമര്‍സായിയും ഓരോ വിക്കറ്റും സ്വന്തമാക്കി. ഇതോടെ ഇരുടീമുകളുടെയും ലീഗ് ഘട്ടത്തിലെ മത്സരം അവസാനിച്ചു. 14 മത്സരങ്ങളില്‍ പത്തും തോറ്റ ലഖ്‌നൗ നേരത്തെ തന്നെ പുറത്തായിരുന്നു. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്.
പഞ്ചാബിന് പ്രതീക്ഷ
ഈ വിജയത്തോടെ പോയിന്റ് ടേബിളില്‍ പഞ്ചാബ് നാലാമതെത്തി. 14 മത്സരങ്ങളില്‍ നിന്നു ഏഴു വിജയം സ്വന്തമാക്കിയ പഞ്ചാബിന് 15 പോയിന്റുണ്ട്. എന്നാല്‍ നാളെ നടക്കുന്ന രണ്ട് മത്സരങ്ങള്‍ പഞ്ചാബിന് നിര്‍ണായകമാണ്. നാളെ ആദ്യം നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചാല്‍ പഞ്ചാബ് പുറത്താകും. മുംബൈയാണ് ജയിക്കുന്നതെങ്കിലും പഞ്ചാബിന് പ്ലേ ഓഫ് പ്രവേശനം 100 ശതമാനം ഉറപ്പിക്കാനാകില്ല. നാളെ രണ്ടാമത് നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ കൂറ്റന്‍ മാര്‍ജിനില്‍ തോല്‍പിച്ചാലും പഞ്ചാബിന്റെ സാധ്യതകളടയും.
English Summary
Punjab Kings kept their playoff hopes alive by defeating Lucknow Super Giants by 7 wickets. Chasing 197 runs, Captain Shreyas Iyer scored an unbeaten century (101*) to seal the win. Shreyas and Prabhsimran Singh (69) built a crucial 140-run partnership for the third wicket. With this win, Punjab moved to 4th place, but their qualification depends on tomorrow’s match results.