IPL 2026 Trade Deal: 2021ലെ ചെന്നൈ ബൗളിംഗ് ലൈനപ്പുമായി 2026ൽ മുംബൈ; കപ്പ് തന്നെ മുഖ്യം ബിഗിലേ
Mumbai Indians Bowling Lineup 2026: 2021 ഐപിഎൽ കപ്പടിച്ച ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് ലൈനപ്പാണ് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിൻ്റേത്. ശാർദുൽ താക്കൂർ എത്തിയതോടെയാണ് ഈ ലൈനപ്പ് പൂർണമായത്.

ശാർദുൽ താക്കൂർ
ലഖ്നൗ സൂപ്പർ ജയൻ്റ്സിൽ നിന്ന് ശാർദുൽ താക്കൂറിനെ ട്രേഡ് ഡീലിൽ എത്തിച്ചതോടെ മുംബൈ ഇന്ത്യൻസിൻ്റെ ബൗളിംഗ് ലൈനപ്പ് 2021ലെ ചെന്നൈയുടേതായി. ശാർദുൽ താക്കൂർ, ദീപക് ചഹാർ, മിച്ചൽ സാൻ്റ്നർ, കരൺ ശർമ്മ എന്നിവരടങ്ങുന്ന ബൗളിംഗ് ലൈനപ്പ് കൊണ്ടാണ് ആ സീസണിൽ ചെന്നൈ കപ്പടിച്ചത്. ഈ ലൈനപ്പിനെത്തന്നെയാണ് വരുന്ന സീസണിൽ മുംബൈ അണിനിരത്തുക.
കഴിഞ്ഞ സീസണിലാണ് മുബൈ ഇന്ത്യൻസ് മിച്ചൽ സാൻ്റ്നർ, ദീപക് ചഹാർ, കരൺ ശർമ്മ എന്നിവരെ ടീമിലെത്തിച്ചത്. സീസണിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിംഗ്സിനോട് കീഴടങ്ങുകയായിരുന്നു. ഇത്തവണ ശാർദുൽ താക്കൂർ കൂടിയെത്തുമ്പോൾ കപ്പ് വരെ യാത്ര നീളുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.
Also Read: IPL 2026 Trade Deal: ഇഷാൻ കിഷൻ സൺറൈസേഴ്സ് വിടണം; മുംബൈയിലെത്തി ഓപ്പൺ ചെയ്യണമെന്ന് മുൻ താരം
എന്നാൽ, പരിക്കിൻ്റെ ഉറ്റതോഴനായ ദീപക് ചഹാറിനെ ഇത്തവണ മുംബൈ റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് താരം നേടിയത്. 9ന് മുകളിലായിരുന്നു എക്കോണമി. ചഹാർ, ട്രെൻ്റ് ബോൾട്ട്, റീസ് ടോപ്ലി എന്നിവരായിരുന്നു കഴിഞ്ഞ സീസണിൽ മുംബൈയുടെ പ്രധാന ഫാസ്റ്റ് ബൗളർമാർ. ഹാർദിക് പാണ്ഡ്യ, രാജ് ബാവ എന്നീ ഓൾറൗണ്ടർമാരും ടീമിലുണ്ടായിരുന്നു. അശ്വനി കുമാർ, സത്യനാരായണ രാജു എന്നീ അൺകാപ്പ്ഡ് ബൗളർമാർ മൂന്നാം പേസർമാരായി കളിച്ചു. ഇത്തവണ ശാർദുൽ താക്കൂറിനെപ്പോലൊരു താരമുള്ളത് മുംബൈയെ പലതരത്തിൽ സഹായിക്കും.
താക്കൂർ എത്തുമ്പോൾ ആരെയൊക്കെയാവും മുംബൈ റിലീസ് ചെയ്യുക എന്ന് വ്യക്തമല്ല. റീസ് ടോപ്ലി, റിച്ചാർഡ് ഗ്ലീസൻ, ചരിത് അസലങ്ക തുടങ്ങിയ വിദേശതാരങ്ങളെ റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ശാർദുൽ താക്കൂറിൻ്റെ വരവോടെ എട്ടാം നമ്പറിൽ മറ്റൊരു താരത്തെ മുംബൈക്ക് പരിഗണിക്കേണ്ടതില്ല.