IPL 2026: കാമറൂൺ ഗ്രീൻ എത്തിയത് തുണയാവുമോ? വരുന്ന സീസണിൽ കൊൽക്കത്തയുടെ ഫൈനൽ ഇലവൻ ഇങ്ങനെ
KKR Predicted XI For IPL 2026: വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത എങ്ങനെയാവും ടീമിനെ അണിനിരത്തുക? പ്രതീക്ഷിക്കാവുന്ന ഇലവൻ ഇങ്ങനെയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ലക്ഷ്യം ഒരു തിരിച്ചുവരവാണ്. മിനി ലേലത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ച രണ്ട് താരങ്ങളെയടക്കം ടീമിലെത്തിച്ച് കൊൽക്കത്ത അതിനുള്ള പ്രതീക്ഷ നിലനിർത്തിയിട്ടുമുണ്ട്. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
25.20 കോടി രൂപയ്ക്ക് കാമറൂൺ ഗ്രീനെ ടീമിലെത്തിച്ചതിൽ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. മധ്യനിരയിലെ സ്ഥിരത, ഒപ്പം ഉറപ്പിക്കാവുന്ന നാല് ഓവറുകളും. കഴിഞ്ഞ സീസണിൽ വെങ്കടേഷ് അയ്യരെ 23.75 കോടി രൂപ നൽകി ടീമിലെത്തിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. ഇത്തവണ, ഐപിഎലിൽ നിന്ന് വിരമിച്ച ആന്ദ്രേ റസലിനും അയ്യർക്കും പകരക്കാരനാണ് ഗ്രീൻ. അയ്യരെക്കാൾ മികച്ച താരവും റസലിനെക്കാൾ മോശം താരവുമാണ് ഗ്രീൻ. ചിലപ്പോൾ ഫ്ലോപ്പ് ആവാനും സാധ്യതയുണ്ട്. സ്ലോഗ് ഓവറുകളിലെ നിയന്ത്രണത്തിനായി മതീഷ പതിരനയെ 18 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കി. ഇരുവരും നല്ല താരങ്ങളാണ്. പക്ഷേ, രണ്ട് പേർക്കും ലഭിച്ച വില കൂടുതലാണ്.
മുസ്തഫിസുർ റഹ്മാൻ, ആകാശ് ദീപ്, രചിൻ രവീന്ദ്ര, തേജസ്വി ദഹിയ, ടിം സെയ്ഫർട്ട് തുടങ്ങിയ താരങ്ങളും ടീമിലെത്തി. രഹാനെ – രഘുവൻശി സഖ്യമാവും ഓപ്പണിങ്. രഘുവൻശിക്ക് പകരം ഗ്രീനെയും രചിൻ രവീന്ദ്രയെയും ഓപ്പണിംഗിൽ പരീക്ഷിക്കാം. അതല്ലെങ്കിൽ രഹാനെ, രവീന്ദ്ര/ ഗ്രീൻ, രഘുവൻശി എന്നിങ്ങനെയും ടോപ്പ് ത്രീയെ പരീക്ഷിക്കാം. മനീഷ് പാണ്ഡെ/ടിം സെയ്ഫെർട്ട്, സുനിൽ നരേൻ, രമൺദീപ് സിംഗ്, അനുകുൾ റോയ്, മുസ്തഫിസുർ റഹ്മാൻ/മതീഷ പതിരന, ഹർഷിത് റാണ, വരുൺ ചക്രവർത്തി. വൈഭവ് അറോറ/തേജസ്വി ദഹിയ എന്നിവർ ഇംപാക്ട് താരങ്ങളാവും.