KCL 2025: ജലജ് സക്‌സേന ‘സക്‌സസായി’; ആലപ്പി റിപ്പിള്‍സിന് ഭേദപ്പെട്ട സ്‌കോര്‍
Aries Kollam Sailors vs Alleppey Ripples Match Updates: ആലപ്പിയുടെ ടോപ് സ്‌കോററായ ജലജ് 50 പന്തില്‍ 85 റണ്‍സെടുത്തു. ഒമ്പത് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ജലജിന്റെ പ്രകടനം. അഖില്‍ സജീവന്റെ പന്തില്‍ വത്സല്‍ ഗോവിന്ദ് ക്യാച്ചെടുത്താണ് ജലജിനെ പുറത്താക്കിയത്

Alleppey Ripples
തിരുവനന്തപുരം: ജലജ് സക്‌സേനയുടെ ബാറ്റിങ് കരുത്തില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരെ ആലപ്പി റിപ്പിള്‍സിന് ഭേദപ്പെട്ട സ്‌കോര്‍. 20 ഓവറില്‍ ആറു വിക്കറ്റിന് 182 റണ്‍സാണ് ആലപ്പി നേടിയത്. ആലപ്പിയുടെ ടോപ് സ്‌കോററായ ജലജ് 50 പന്തില്‍ 85 റണ്‍സെടുത്തു. ഒമ്പത് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ജലജിന്റെ പ്രകടനം. അഖില്‍ സജീവന്റെ പന്തില്‍ വത്സല്‍ ഗോവിന്ദ് ക്യാച്ചെടുത്താണ് ജലജിനെ പുറത്താക്കിയത്. ആലപ്പി നിരയില്‍ ജലജ് ഒഴികെയുള്ള ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
ടോസ് നേടിയ കൊല്ലം സെയിലേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും, ജലജും ആലപ്പിക്ക് തരക്കേടില്ലാത്ത തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും 61 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിച്ചു. 24 പന്തില്‍ 24 റണ്‍സെടുത്താണ് അസ്ഹറുദ്ദീന്‍ മടങ്ങിയത്.
തുടര്‍ന്നെത്തിയ അഭിഷേക് പി നായരിന് കാര്യമായി ഒന്നും ചെയ്യാനായില്ല. 17 പന്തില്‍ 18 റണ്‍സെടുത്ത അഭിഷേക് റണ്ണൗട്ടായി. തുടര്‍ന്നെത്തിയ ടികെ അക്ഷയിയും റണ്ണൗട്ടിലൂടെ മടങ്ങി. ഒമ്പത് പന്തില്‍ 11 റണ്‍സായിരുന്നു അക്ഷയിയുടെ സമ്പാദ്യം.
Also Read: KCL 2025: ആവേശപ്പോരില്‍ കൊച്ചിക്ക് തകര്‍പ്പന്‍ ജയം, ട്രിവാന്‍ഡ്രം റോയല്‍സ് പൊരുതിത്തോറ്റു
മുന്‍ മത്സരത്തില്‍ ഇമ്പാക്ട് പ്ലയറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് കൈഫിനും ഇന്നത്തെ മത്സരത്തില്‍ തിളങ്ങാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സെടുതത് താരത്തെ എന്‍എസ് അജയഘോഷാണ് പുറത്താക്കിയത്. ഏഴാമനായി എത്തിയ മുഹമ്മദ് ഇനാന്റെ തകര്‍പ്പന്‍ ബാറ്റിങ് ആലപ്പിക്ക് ആശ്വാസമായി. ഒമ്പത് പന്തില്‍ 21 റണ്‍സാണ് മുഹമ്മദ് ഇനാന്‍ അടിച്ചുകൂട്ടിയത്.
ആറു പന്തില്‍ 10 റണ്‍സുമായി കെഎ അരുണും, ഒരു പന്തില്‍ രണ്ട് റണ്‍സുമായി ആദിത്യ ബൈജുവും പുറത്താകാതെ നിന്നു. കൊല്ലം സെയിലേഴ്‌സിനായി ഷറഫുദ്ദീന്‍, അഖില്‍ സജീവന്‍, എജി അമല്‍, എന്‍എസ് അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.