AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: സല്‍മാന്‍ ഇല്ലാത്ത കാലിക്കറ്റിനെതിരെ സഞ്ജുവില്ലാത്ത കൊച്ചിക്ക് 166 റണ്‍സ് വിജയലക്ഷ്യം

Kerala Cricket League season 2 Calicut Globstars vs Kochi Blue Tigers: ഓപ്പണിങ് വിക്കറ്റില്‍ 4.4 ഓവറില്‍ 64 റണ്‍സാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. 16 പന്തില്‍ 28 റണ്‍സെടുത്ത അമീര്‍ഷായെ ജെറിന്‍ പിഎസിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്ത് പുറത്താക്കിയതോടെ ഈ കൂട്ടുക്കെട്ട് തകര്‍ന്നു

KCL 2025: സല്‍മാന്‍ ഇല്ലാത്ത കാലിക്കറ്റിനെതിരെ സഞ്ജുവില്ലാത്ത കൊച്ചിക്ക് 166 റണ്‍സ് വിജയലക്ഷ്യം
Kochi Blue TigersImage Credit source: facebook.com/KochiBlueTigersOfficial
Jayadevan AM
Jayadevan AM | Published: 02 Sep 2025 | 04:45 PM

കൊച്ചി: കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 166 റണ്‍സ് വിജയലക്ഷ്യം. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് കാലിക്കറ്റ് നേടിയത്. ടോസ് നേടിയ കൊച്ചി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലും, സഹ ഓപ്പണര്‍ അമീര്‍ഷായും കാലിക്കറ്റിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 4.4 ഓവറില്‍ 64 റണ്‍സാണ് ഈ സഖ്യം അടിച്ചുകൂട്ടിയത്. 16 പന്തില്‍ 28 റണ്‍സെടുത്ത അമീര്‍ഷായെ ജെറിന്‍ പിഎസിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്ത് പുറത്താക്കിയതോടെ ഈ കൂട്ടുക്കെട്ട് തകര്‍ന്നു. തൊട്ടുപിന്നാലെ തന്നെ 13 പന്തില്‍ 36 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും പുറത്തായി. പി മിഥുന്റെ പന്തില്‍ ജോബിന്‍ ജോബി ക്യാച്ചെടുക്കുകയായിരുന്നു.

എന്നാല്‍ ഓപ്പണിങ് ലഭിച്ച മികച്ച അവസരം മുതലാക്കാന്‍ കാലിക്കറ്റിന് സാധിച്ചില്ല. രോഹന് പിന്നാലെ ക്രീസിലെത്തിയ അഖില്‍ സ്‌കറിയയെ ഗോള്‍ഡന്‍ ഡക്കാക്കി മിഥുന്‍ പറഞ്ഞയച്ചു. ഇതോടെ വിക്കറ്റില്ലാതെ 64 എന്ന നിലയില്‍ നിന്ന് മൂന്ന് വിക്കറ്റിന് 64 എന്ന നിലയിലേക്ക് കാലിക്കറ്റിന് അടിതെറ്റി.

തുടര്‍ന്ന് മത്സരത്തില്‍ ‘നീലക്കടുവകള്‍’ പിടിമുറുക്കുന്ന കാഴ്ചയ്ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അഖിലിന് ശേഷം ബാറ്റിങിന് എത്തിയ പ്രീതിഷ് പവനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ജെറിന്‍ പിഎസ് പുറത്താക്കിയതോടെ നാലിന് 69 എന്ന നിലയില്‍ കാലിക്കറ്റ് കൂട്ടത്തകര്‍ച്ച നേരിട്ടു. എട്ട് പന്തില്‍ മൂന്ന് റണ്‍സെടുത്താണ് പ്രീതിഷ് മടങ്ങിയത്. ഒടുവില്‍ അഞ്ചാം വിക്കറ്റില്‍ എം അജ്‌നാസും പി മുഹമ്മദ് അന്‍ഫലും ചേര്‍ന്ന് കരുതലോടെ കാലിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോയെങ്കിലും സ്‌കോറിങിന് വേഗത കുറവായിരുന്നു.

30 പന്തില്‍ 22 റണ്‍സായിരുന്നു അജ്‌നാസിന്റെ സമ്പാദ്യം. 30 പന്തില്‍ 38 റണ്‍സെടുത്ത മുഹമ്മദ് അന്‍ഫല്‍ പുറത്തായി. അന്‍ഫലിനെ ജി അനൂപും, അജ്‌നാസിനെ ജോബിന്‍ ജോബിയും പുറത്താക്കി. ഏഴാമനായി കളിക്കളത്തിലേക്ക് എത്തിയ സച്ചിന്‍ സുരേഷിന് സ്‌കോറിങിന് വേഗത കൂട്ടുന്നതിലായിരുന്നു ശ്രദ്ധ. 10 പന്തില്‍ 18 റണ്‍സെടുത്ത സച്ചിനെ പുറത്താക്കിയതും ജോബിന്‍ ജോബിയായിരുന്നു. ആറു പന്തില്‍ എട്ട് റണ്‍സുമായി കൃഷ്ണ ദേവനും, ആറു പന്തില്‍ ഒമ്പത് റണ്‍സുമായി അഭിറാമും പുറത്താകാതെ നിന്നു.

Also Read: KCL 2025: രാജകീയമായി സെമി പ്രവേശനം, പിന്നാലെ സഞ്ജുവിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

സല്‍മാന്‍ നിസാറിന്റെ അസാന്നിധ്യം കാലിക്കറ്റിന് തിരിച്ചടിയായി. കൊച്ചിക്ക് വേണ്ടി സഞ്ജു സാംസണും കളിക്കുന്നില്ല. സഞ്ജു ഏഷ്യാ കപ്പ് ക്യാമ്പിലേക്ക് തിരിച്ചു. കെസിഎല്ലില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ താരം കളിക്കില്ല. സഞ്ജുവിന്റെ അഭാവത്തില്‍ മുഹമ്മദ് ഷാനുവിനെ കൊച്ചിയുടെ വൈസ് ക്യാപ്റ്റനാക്കി.