KCL 2025: വീണ്ടും സെഞ്ചുറിക്ക് അരികില്‍ വീണ് വിഷ്ണു വിനോദ്, കൊല്ലം സെയിലേഴ്‌സിന് തകര്‍പ്പന്‍ ജയം
Kerala cricket league season 2 Aries Kollam Sailors vs Thrissur Titans match result: 86 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്ണു വിനോദിന്റെ പ്രകടനമാണ് കൊച്ചിയുടെ വിജയം അനായാസമാക്കിയത്. കൊച്ചിക്കെതിരായ മത്സരത്തില്‍ പുറത്തെടുത്ത ഫോം തൃശൂരിനെതിരെയും വിഷ്ണു ആവര്‍ത്തിച്ചു. രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടാനായില്ല. കൊച്ചിക്കെതിരെ 41 പന്തില്‍ 93 റണ്‍സാണ് നേടിയത്
തിരുവനന്തപുരം: കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും കഴിഞ്ഞ ദിവസം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനോട് തോറ്റതിന്റെ വേദന, ഇന്ന് തൃശൂര്‍ ടൈറ്റന്‍സിനെ തകര്‍ത്ത് മായ്ച്ച് കളഞ്ഞ് ഏരീസ് കൊല്ലം സെയിലേഴ്‌സ്. എട്ട് വിക്കറ്റിനാണ് കൊല്ലം സെയിലേഴ്‌സ് ജയിച്ചത്. 145 റണ്‍സ് വിജയലക്ഷ്യം 14.1 ഓവറില്‍ കൊല്ലം മറികടന്നു. 38 പന്തില്‍ 86 റണ്‍സെടുത്ത ഓപ്പണര്‍ വിഷ്ണു വിനോദിന്റെ പ്രകടനമാണ് കൊല്ലത്തിന്റെ വിജയം അനായാസമാക്കിയത്. കൊച്ചിക്കെതിരായ മത്സരത്തില്‍ പുറത്തെടുത്ത ഫോം തൃശൂരിനെതിരെയും വിഷ്ണു ആവര്‍ത്തിച്ചു. എന്നാല്‍ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടാനായില്ല. കൊച്ചിക്കെതിരെ 41 പന്തില്‍ 93 റണ്‍സാണ് താരം നേടിയത്.
തൃശൂര്‍ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ സിബിന്‍ ഗിരീഷിന്റെ പന്തില്‍ വിനോദ് കുമാറിന് ക്യാച്ച് നല്‍കിയാണ് വിഷ്ണു പുറത്തായത്. തകര്‍ച്ചയോടെയായിരുന്നു തൃശൂരിന്റെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ അഭിഷേക് നായരെ നഷ്ടപ്പെട്ടു. ആറു പന്തില്‍ രണ്ട് റണ്‍സെടുത്ത അഭിഷേകിനെ ആനന്ദ് ജോസഫ് ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ വിഷ്ണു വിനോദ്-സച്ചിന്‍ ബേബി സഖ്യം കരുതലോടെ കൊല്ലത്തെ മുന്നോട്ട് നയിച്ചു. 103 റണ്‍സാണ് രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പില്‍ കൊല്ലത്തിന് ലഭിച്ചത്. വിഷ്ണുവിന് ശേഷം ക്രീസിലെത്തി അഖില്‍ സജീവനെ കൂട്ടുപിടിച്ച് സച്ചിന്‍ കൊല്ലത്തെ വിജയത്തിലേക്ക് നയിച്ചു. സച്ചിന്‍ 28 പന്തില്‍ 32 റണ്‍സുമായും, അഖില്‍ 13 പന്തില്‍ 19 റണ്‍സുമായും പുറത്താകാതെ നിന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ അജയ്‌ഘോഷ് എന്‍എസ്, മൂന്ന് വിക്കറ്റെടുത്ത അമല്‍ എ.ജി, രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ഷറഫുദ്ദീന്‍, ഒരു വിക്കറ്റെടുത്ത അഖില്‍ സജീവന്‍ എന്നിവരുടെ പ്രകടനമികവാണ് തൃശൂരിനെ ചെറിയ സ്‌കോറില്‍ പിടിച്ചുനിര്‍ത്തിയത്.
38 പന്തില്‍ 41 റണ്‍സെടുത്ത ആനന്ദ് കൃഷ്ണനാണ് തൃശൂരിന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. അഹമ്മദ് ഇമ്രാന്‍-16, ഷോണ്‍ റോജര്‍-11, അക്ഷയ് മനോഹര്‍-24, അര്‍ജുന്‍ എകെ-9, സിജോമോന്‍-9, വിഷ്ണു മേനോന്‍-4, വിനോദ് കുമാര്‍-13, നിധീഷ്-9, സിബിന്‍ ഗിരീഷ്-3 നോട്ടൗട്ട്, ആനന്ദ് ജോസഫ്-0 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.