KCL 2025: ഇനി ചെറിയ കളികളില്ല; കെസിഎൽ സെമിഫൈനൽ മത്സരങ്ങൾ ഇന്ന്
Kerala Cricket League Semifinals: കേരള ക്രിക്കറ്റ് ലീഗിൽ ഇന്ന് സെമിഫൈനൽ മത്സരങ്ങൾ നടക്കും. രണ്ട് സെമിയും ഇന്നാണ് നടക്കുക.

കേരള ക്രിക്കറ്റ് ലീഗ്
കേരള ക്രിക്കറ്റ് ലീഗിൽ ഇനി നോക്കൗട്ട് മത്സരങ്ങൾ. രണ്ട് സെമിഫൈനൽ മത്സരങ്ങളും ഇന്നാണ് നടക്കുക. തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് എന്നീ ടീമുകളാണ് സെമിഫൈനലിൽ കളിക്കുക. കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂർ ടൈറ്റൻസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് എന്നീ ടീമുകളാണ് യഥാക്രമം പോയിൻ്റ് ടേബിളിൽ ഇടം പിടിച്ചത്.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ സെമിയിൽ രണ്ടാം സ്ഥാനക്കാരായ തൃശൂർ ടൈറ്റൻസ് മൂന്നാം സ്ഥാനക്കാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെ നേരിടും. രാത്രി 6.45ന് നടക്കുന്ന രണ്ടാം സെമിയിൽ ഒന്നാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ എതിരാളികൾ അവസാന സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ആണ്.
Also Read: KCL 2025: അവസാന ലീഗ് കളിയിൽ ഗ്ലോബ്സ്റ്റാഴ്സിനെ വീഴ്ത്തി ടൈറ്റൻസ്; രണ്ട് ടീമുകളും സെമിയിൽ
10 മത്സരങ്ങളിൽ എട്ടും വിജയിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സിന് 16 പോയിൻ്റുണ്ട്. സഞ്ജു ഇല്ലാതെ ഇറങ്ങിയിട്ടും മത്സരങ്ങൾ അനായാസം വിജയിക്കാൻ കൊച്ചിയ്ക്ക് സാധിച്ചു. ലീഗിൽ ഏറ്റവും മികച്ച നെറ്റ് റൺ റേറ്റും കൊച്ചിയ്ക്കാണ്. 10 മത്സരങ്ങളിൽ ആറ് ജയമാണ് രണ്ടാം സ്ഥാനക്കാരായ തൃശൂർ ടൈറ്റൻസിനുള്ളത്. ഗ്ലോബ്സ്റ്റാഴ്സിനെതിരെ അവസാന കളി വിജയിച്ചതോടെ 12 പോയിൻ്റുമായി തൃശൂർ രണ്ടാമതെത്തി. ആലപ്പി റിപ്പിൾസിനെതിരായ അവസാന മത്സരത്തിൽ വിജയിച്ചതാണ് നിലവിലെ ജേതാക്കളായ ഏരീസ് കൊല്ലം സെയിലേഴ്സിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചത്. 10 മത്സരങ്ങളിൽ അഞ്ച് ജയം സഹിതം സെയിലേഴ്സിന് 10 പോയിൻ്റുണ്ട്. അവസാന കളി തൃശൂരിനോട് തോറ്റ ഗ്ലോബ്സ്റ്റാഴ്സിന് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 10 പോയിൻ്റാണെങ്കിലും മോശം നെറ്റ് റൺ റേറ്റാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സിന് തിരിച്ചടി ആയത്.
ഏഷ്യാ കപ്പിന് പോയതിനാൽ സഞ്ജു ഇല്ലാതെ കൊച്ചി ഇറങ്ങും. ഗ്ലോബ്സ്റ്റാഴ്സിൽ സൽമാൻ നിസാർ ദുലീപ് ട്രോഫി ടീമിലാണ്. തൃശൂർ ടൈറ്റൻസിൽ നിന്ന് എംഡി നിഥീഷും ദുലീപ് ട്രോഫി ടീമിനൊപ്പമാണ്.