KCL 2025: കണ്‍സിസ്റ്റന്റ് സഞ്ജു, വീണ്ടും അര്‍ധ സെഞ്ചുറി; കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് മികച്ച സ്‌കോര്‍
Kerala cricket league season 2 Kochi Blue Tigers vs Adani Trivandrum Royals: സഞ്ജുവും വിനൂപ് മനോഹരനും കൊച്ചിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൊച്ചിക്ക് 68 റണ്‍സ് സമ്മാനിച്ചു. 26 പന്തില്‍ 42 റണ്‍സ് നേടിയ വിനൂപിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി അബ്ദുല്‍ ബാസിത്താണ് ഈ കൂട്ടുക്കെട്ട് തകര്‍ത്തത്

സഞ്ജു സാംസണ്‍
തിരുവനന്തപുരം: കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് 192 റണ്‍സ് വിജയലക്ഷ്യം. സഞ്ജു സാംസണ്‍, വിനൂപ് മനോഹരന്‍, നിഖില്‍ തോട്ടത്ത്, ജോബിന്‍ ജോബി എന്നിവരുടെ ബാറ്റിങ് കരുത്തില്‍ കൊച്ചി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. കൊച്ചിയുടെ ടോപ് സ്‌കോററായ സഞ്ജു 37 പന്തില്‍ 62 റണ്‍സെടുത്തു. അഭിജിത്ത് പ്രവീണിന്റെ പന്തില്‍ സഞ്ജീവ് സതീശന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ സഞ്ജുവും വിനൂപ് മനോഹരനും കൊച്ചിക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൊച്ചിക്ക് 68 റണ്‍സ് സമ്മാനിച്ചു. 26 പന്തില്‍ 42 റണ്‍സ് നേടിയ വിനൂപിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി അബ്ദുല്‍ ബാസിത്താണ് ഈ കൂട്ടുക്കെട്ട് തകര്‍ത്തത്.
തുടര്‍ന്ന് ക്രീസിലെത്തിയ കൊച്ചി ക്യാപ്റ്റന്‍ സാലി സാംസണ്‍ നിരാശപ്പെടുത്തി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത സാലിയെ അഭിജിത്ത് പ്രവീണാണ് പുറത്താക്കിയത്. തുടര്‍ന്ന് നിഖില്‍ തോട്ടത്ത്-സഞ്ജു സാംസണ്‍ സഖ്യം കൊച്ചിയെ കരുതലോടെ മുന്നോട്ട് നയിച്ചു. എന്നാല്‍ സാലിയെ വീഴ്ത്തിയ അഭിജിത്ത് പ്രവീണ്‍ സാലിയുടെ സഹോദരന്‍ സഞ്ജുവിനെയും വീഴ്ത്തിയത് കൊച്ചിയെ ഞെട്ടിച്ചു.
വമ്പനടിക്കാരനായ ആല്‍ഫി ഫ്രാന്‍സിസ് ജോണിനെ പൂജ്യത്തിന് പുറത്താക്കി അഭിജിത്ത് കൊച്ചിക്ക് അടുത്ത പ്രഹരം സമ്മാനിച്ചു. എന്നാല്‍ പിന്നാലെ ബാറ്റിങിന് എത്തിയ ജോബിന്‍ ജോബി കൂറ്റനടികളുമായി കൊച്ചിയുടെ സ്‌കോറിങിന് ശക്തി പകര്‍ന്നു. 10 പന്തില്‍ 26 റണ്‍സെടുത്താണ് താരം മടങ്ങിയത്. അതുവരെ കരുതലോടെ ബാറ്റേന്തിയ നിഖിലും തുടര്‍ന്ന് സ്‌ട്രൈക്ക് റേറ്റ് വര്‍ധിപ്പിച്ചു. 35 പന്തില്‍ 45 റണ്‍സെടുത്ത നിഖിലും, മൂന്ന് പന്തില്‍ ആറു റണ്‍സുമായി മുഹമ്മദ് ആഷിക്കും പുറത്താകാതെ നിന്നു.