KCL 2025 Final: കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൊച്ചിയെ കരകയറ്റി വിനൂപും ആല്‍ഫിയും, സെയിലേഴ്‌സിന്റെ വിജയലക്ഷ്യം 182 റണ്‍സ്
Kerala Cricket League Season 2 Final Kochi Blue Tigers vs Aries Kollam Sailors: സ്‌കോര്‍ബോര്‍ഡ് എട്ട് റണ്‍സിലെത്തിയപ്പോഴേക്കും ഒരു റണ്‍സെടുത്ത വിപുല്‍ ശക്തിയെ നഷ്ടമായെങ്കിലും ഓപ്പണര്‍ വിനൂപ് മനോഹരന്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോറിങ് കുതിച്ചു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ കലാശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിന് വേണ്ടത് 182 റണ്‍സ്. 30 പന്തില്‍ 70 റണ്‍സെടുത്ത വിനൂപ് മനോഹരന്റെയും, പുറത്താകാതെ 25 പന്തില്‍ 47 റണ്‍സെടുത്ത ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെയും ബാറ്റിങ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 181 റണ്‍സാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് അടിച്ചുകൂട്ടിയത്. കലാശപ്പോരില്‍ ടോസ് നേടിയ ഏരീസ് കൊല്ലം സെയിലേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡ് എട്ട് റണ്‍സിലെത്തിയപ്പോഴേക്കും ഒരു റണ്‍സെടുത്ത വിപുല്‍ ശക്തിയെ നഷ്ടമായെങ്കിലും ഓപ്പണര്‍ വിനൂപ് മനോഹരന്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞതോടെ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സ്‌കോറിങ് കുതിച്ചു. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സാലി സാംസണെ ഒരറ്റത്ത് സാക്ഷിയാക്കി വിനൂപ് ബൗണ്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു.
70 റണ്‍സെടുത്ത വിനൂപിനെ പുറത്താക്കി അഖില്‍ എംഎസാണ് കൊല്ലത്തിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. വിനൂപ് മടങ്ങിയതോടെ കൊച്ചിയുടെ കൂട്ടത്തകര്‍ച്ച ആരംഭിച്ചു. വിനൂപിന് തൊട്ടുപിന്നാലെ 12 പന്തില്‍ എട്ട് റണ്‍സെടുത്ത സാലിയെ അജയഘോഷ് പുറത്താക്കി. ക്യാപ്റ്റന്‍ സാലി മടങ്ങിയതിന് പിന്നാലെ വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് ഷാനുവും പുറത്തായി. 13 പന്തില്‍ 10 റണ്‍സെടുത്ത ഷാനുവിനെ അമല്‍ എജിയാണ് പുറത്താക്കിയത്.
സെമിയില്‍ കൊച്ചിക്കായി തകര്‍ത്തടിച്ച നിഖില്‍ തോട്ടവും ഫൈനലില്‍ നിരാശപ്പെടുത്തി. 14 പന്തില്‍ 10 റണ്‍സെടുക്കാനെ നിഖിലിന് സാധിച്ചുള്ളൂ. ഷറഫുദ്ദീനായിരുന്നു വിക്കറ്റ്. കെ അജീഷിനെ പൂജ്യത്തിന് വിജയ് വിശ്വനാഥും, എട്ട് പന്തില്‍ 12 റണ്‍സെടുത്ത ജോബിന്‍ ജോയിയെ പവന്‍ രാജും പുറത്താക്കിയതോടെ കൊച്ചി വന്‍ അപകടം മണുത്തു.
തുടര്‍ന്ന് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള മുഹമ്മദ് ആഷിക്കിലും വമ്പനടികള്‍ക്ക് കെല്‍പുള്ള ആല്‍ഫി ഫ്രാന്‍സിസ് ജോണിലുമായിരുന്നു കൊച്ചിയുടെ പ്രതീക്ഷ. തുടക്കത്തില്‍ തന്നെ സിക്‌സറിച്ചെങ്കിലും ആഷിക്കിനെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഷറഫുദ്ദീന്‍ പുറത്താക്കിയത് കൊച്ചിക്ക് തിരിച്ചടിയായി.
വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഏഴാമനായി ക്രീസിലെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ പുറത്തെടുത്ത പോരാട്ടവീര്യം കൊച്ചിക്ക് ആശ്വാസമായി. ആല്‍ഫിക്കൊപ്പം, നാല് പന്തില്‍ രണ്ട് റണ്‍സുമായി പിഎസ് ജെറിനും പുറത്താകാതെ നിന്നു. കൊല്ലത്തിനായി എല്ലാ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി. പവന്‍ രാജും, ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതവും, എ.ജി. അമല്‍, വിജയ് വിശ്വനാഥ്, അഖില്‍ എംഎസ്, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.