KCL 2025 Final: കെസിഎല്ലില്‍ നാളെ കലാശപ്പോര്; കന്നിക്കിരീടം ലക്ഷ്യം വച്ച് ബ്ലൂടൈഗേഴ്‌സ്; ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ കൊല്ലം സെയിലേഴ്‌സ്
Kerala cricket league season 2 final when and where to watch: ഫൈനല്‍ പോരാട്ടം നാളെ നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 6.45ന് ആരംഭിക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സും, നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സും ഏറ്റുമുട്ടും

ഫൈനല്‍ മത്സരത്തിന് മുന്നോടിയായി കൊല്ലം സെയിലേഴ്‌സ് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ഫൈനല്‍ പോരാട്ടം നാളെ നടക്കും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 6.45ന് ആരംഭിക്കുന്ന മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സും, നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സും ഏറ്റുമുട്ടും. സാലി സാംസണ്‍ നയിക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മിന്നും ഫോമിലാണ്. 10 മത്സരങ്ങളില്‍ എട്ടും ജയിച്ച കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. സെമി ഫൈനലില്‍ ആദ്യ സീസണിലെ റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ തകര്‍ത്ത് ഫൈനലിലെത്തി. ഇതാദ്യമായാണ് കൊച്ചി കെസിഎല്ലില്‍ ഫൈനലിലെത്തുന്നത്.
കയറ്റിറക്കങ്ങള്‍ നിറഞ്ഞതായിരുന്നു ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ പ്രകടനം. 10 മത്സരങ്ങളില്‍ അഞ്ച് വീതം ജയവും തോല്‍വിയുമാണ് കൊല്ലത്തിന്റെ പ്രകടനത്തിന്റെ ആകെത്തുക. എന്നാല്‍ സെമി ഫൈനല്‍ പോരാട്ടത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് നിലവിലെ ജേതാക്കള്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ഫൈനലിലെത്തി. സച്ചിന്‍ ബേബിയാണ് കൊല്ലത്തിന്റെ നായകന്‍.
സഞ്ജു സാംസണിന്റെ അസാന്നിധ്യം തിരിച്ചടിയാണെങ്കിലും വിനൂപ് മനോഹരന്‍, നിഖില്‍ തോട്ടത്ത് എന്നിവരുടെ ബാറ്റിങ് കരുത്ത് കൊച്ചിക്ക് ആശ്വാസകരമാണ്. വമ്പനടികള്‍ക്ക് കെല്‍പുള്ള മുഹമ്മദ് ആഷിക്കിനും, ആല്‍ഫി ഫ്രാന്‍സിസ് ജോണിനും അവസാന ഓവറുകളില്‍ കൊച്ചിയുടെ സ്‌കോറിങിന് കുതിപ്പ് പകരാനാകും. കെഎം ആസിഫ്, ജെറിന്‍ പിഎസ് എന്നിവര്‍ കൊച്ചിയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കും. മുഹമ്മദ് ആഷിക്കിന്റെ ഓള്‍റൗണ്ട് മികവ് കൊച്ചിയുടെ കരുത്താണ്.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, വൈസ് ക്യാപ്റ്റന്‍ വിഷ്ണു വിനോദുമാണ് കൊല്ലത്തിന്റെ ബാറ്റിങ് കരുത്ത്. അമല്‍ എജി, അജയഘോഷ് തുടങ്ങിയവര്‍ അടങ്ങുന്ന ബൗളിങ് നിരയ്ക്ക് എതിരാളികള്‍ക്ക് തലവേദന സൃഷ്ടിക്കാനാകും. ഷറഫുദ്ദീന്റെ ഓള്‍റൗണ്ട് മികവും കൊല്ലത്തെ കൂടുതല്‍ അപകടകാരികളാക്കും.
എപ്പോള്‍, എവിടെ കാണാം?
സ്റ്റാര്‍ സ്‌പോര്‍ട്‌സ് 3, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളില്‍ മത്സരം തത്സമയം കാണാം. ഫാന്‍കോഡിലും ആരാധകര്‍ക്ക് മത്സരം ലൈവായി കാണാം.