Sanju Samson: ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസണും; ലേലത്തിൽ രജിസ്റ്റർ ചെയ്തെന്ന് റിപ്പോർട്ടുകൾ
Sanju Samson To Play KCL Season 2: കേരള ക്രിക്കറ്റ് ലീഗിൻ്റെ രണ്ടാം സീസണിൽ സഞ്ജു സാംസൺ കളിക്കുമെന്ന് റിപ്പോർട്ടുകൾ. സഞ്ജു ലേലത്തിൽ രജിസ്റ്റർ ചെയ്തു എന്നാണ് റിപ്പോർട്ട്.

ഇത്തവണ കേരള ക്രിക്കറ്റ് ലീഗിൽ ഇന്ത്യൻ താരം സഞ്ജു സാംസണും കളിക്കും. താരം ലേലത്തിൽ രജിസ്റ്റർ ചെയ്തു എന്നാണ് ഓൺമനോരമ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നടന്ന പ്രഥമ സീസണിൽ സഞ്ജു കെസിഎലിൽ കളിച്ചിരുന്നില്ല. കെസിഎലിന് കീഴിലുള്ള ഫ്രാഞ്ചൈസി ടി20 ലീഗാണ് കേരള ക്രിക്കറ്റ് ലീഗ്. കഴിഞ്ഞ വർഷം മുതലാണ് കെസിഎൽ ആരംഭിച്ചത്. കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ഏരീസ് കൊല്ലം സെയിലേഴ്സാണ് കഴിഞ്ഞ സീസണിൽ കിരീടം നേടിയത്.
പ്രഥമ എഡിഷനിൽ കെസിഎലിൻ്റെ ബ്രാൻഡ് അംബാസിഡറായിരുന്നു സഞ്ജു സാംസൺ. ഇത്തവണ താരം കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 22 മുതൽ സെപ്തംബർ ഏഴ് വരെയാണ് കെസിഎൽ രണ്ടാം സീസൺ നടക്കുക എന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിരുന്നു. അതിന് മുൻപ് താരലേലം നടക്കും. അടുത്ത മാസം അഞ്ചിനാവും ലേലം നടക്കുക എന്ന് റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരത്ത് വച്ചാവും ലേലം. ജൂൺ 26ന് നടക്കുന്ന ഫ്രാഞ്ചൈസി മീറ്റിങിൽ വച്ച് മറ്റ് തീരുമാനങ്ങളെടുക്കും. ആദ്യ എഡിഷനിൽ 114 താരങ്ങളാണ് പങ്കെടുത്തത്. ആകെ 168 പേർ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു.




അഞ്ച് ടീമുകളാണ് കെസിഎലിൽ കളിക്കുന്നത്. ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ എതിരാളികളായി ഫൈനൽ കളിച്ചത് രോഹൻ കുന്നുമ്മൽ നയിച്ച കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സ് ആയിരുന്നു. ഇവരെക്കൂടാതെ ബേസിൽ തമ്പിയുടെ കൊച്ചി ബ്ലൂ ടൈഗേഴ്സ്, അബ്ദുൽ ബാസിത്തിൻ്റെ ട്രിവാൻഡ്രം റോയൽസ്, വരുൺ നായനാരിൻ്റെ തൃശൂർ ടൈറ്റൻസ്, മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ആലപ്പി റിപ്പിൾസ് എന്നീ ടീമുകളും കഴിഞ്ഞ സീസണിൽ മത്സരിച്ചു.