AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KCL 2025: വരവറിയിച്ച് പതിനേഴുകാരന്‍ രോഹിത്, ആലപ്പിയെ നിഷ്പ്രഭമാക്കി തൃശൂര്‍ ടൈറ്റന്‍സ്‌

Thrissur Titans beat Alleppey Ripples: നാല് വിക്കറ്റെടുത്ത സിബിന്‍ ഗിരീഷും, രണ്ട് വിക്കറ്റെടുത്ത വിനോദ് കുമാറുമാണ് ആലപ്പിയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. 38 പന്തില്‍ 49 റണ്‍സെടുത്ത അക്ഷയ് ടികെയാണ് ആലപ്പിയുടെ ടോപ് സ്‌കോറര്‍

KCL 2025: വരവറിയിച്ച് പതിനേഴുകാരന്‍ രോഹിത്, ആലപ്പിയെ നിഷ്പ്രഭമാക്കി തൃശൂര്‍ ടൈറ്റന്‍സ്‌
Thrissur TitansImage Credit source: facebook.com/thrissurtitans
Jayadevan AM
Jayadevan AM | Updated On: 01 Sep 2025 | 06:57 PM

തിരുവനന്തപുരം: തൃശൂര്‍ ടൈറ്റന്‍സിനെതിരെ പൊരുതാന്‍ പോലുമാകാതെ ആലപ്പി റിപ്പിള്‍സ് കീഴടങ്ങി. ആലപ്പി ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം തൃശൂര്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്നു. സ്‌കോര്‍: ആലപ്പി റിപ്പിള്‍സ്-20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 128, തൃശൂര്‍ ടൈറ്റന്‍സ്-19.2 ഓവറില്‍ ആറു വിക്കറ്റിന് 134. മുന്നിലുള്ളത് ചെറിയ വിജയലക്ഷ്യമായതിനാല്‍ കരുതലോടെ ബാറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം മാത്രമാണ് ടൈറ്റന്‍സ് ബാറ്റര്‍മാര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ഓപ്പണറായ അഹമ്മദ് ഇമ്രാനെയും, വണ്‍ ഡൗണായെത്തിയ ആനന്ദ് കൃഷ്ണനെയും പുറത്താക്കി മുഹമ്മദ് നാസില്‍ ടൈറ്റന്‍സിനെ ഞെട്ടിച്ചു.

ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതുള്ള അഹമ്മദ് ഇമ്രാന്‍ അഞ്ച് പന്തില്‍ ആറു റണ്‍സെടുത്താണ് പുറത്തായത്. ആനന്ദ് കൃഷ്ണന്‍ പൂജ്യത്തിന് പുറത്തായി. തുടര്‍ന്ന് ഓപ്പണര്‍ കെആര്‍ രോഹിതും, നാലാമനായി എത്തിയ ഷോണ്‍ റോജറും കരുതലോടെ ടൈറ്റന്‍സിനെ മുന്നോട്ട് നയിച്ചു. ഇമ്പാക്ട് പ്ലയറായെത്തിയ രോഹിത് തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്.

ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ പതിനേഴുകാരന്‍ 26 പന്തില്‍ 30 റണ്‍സെടുത്താണ് മടങ്ങിയത്. ജലജ് സക്‌സേനയ്ക്കായിരുന്നു വിക്കറ്റ്. രോഹിതിന് ശേഷം ക്രീസിലെത്തിയ അക്ഷയ് മനോഹറെയും ജലജ് പുറത്താക്കി. 10 പന്തില്‍ 16 റണ്‍സായിരുന്നു അക്ഷയിയുടെ സംഭാവന. തൊട്ടുപിന്നാലെ എകെ അര്‍ജുനെ പുറത്താക്കി നാസില്‍ തന്റെ മൂന്നാമത്തെ വിക്കറ്റ് സ്വന്തമാക്കി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്താണ് അര്‍ജുന്‍ മടങ്ങിയത്.

Also Read: KCL 2025: ടൈറ്റന്‍സ് ബൗളര്‍മാരുടെ തീപ്പൊരിയേറ്, സിബിന്‍ ഗിരീഷിന് നാലു വിക്കറ്റ്; ആലപ്പി റിപ്പിള്‍സ് പതറുന്നു

അഞ്ച് പന്തില്‍ അഞ്ച് റണ്‍സെടുത്ത വിനോദ് കുമാറിന്റെ വിക്കറ്റ് ശ്രീരൂപ് സ്വന്തമാക്കി. ഏഴാം വിക്കറ്റിലെ ഷോണ്‍ റോജര്‍-അജ്‌നാസ് സഖ്യത്തിന്റെ അപരാജിത കൂട്ടുക്കെട്ട് ടൈറ്റന്‍സിനെ വിജയത്തിലെത്തിച്ചു. റോജര്‍ 50 പന്തില്‍ 49 റണ്‍സുമായും, അജ്‌നാസ് അഞ്ച് പന്തില്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു.

നാല് വിക്കറ്റെടുത്ത സിബിന്‍ ഗിരീഷും, രണ്ട് വിക്കറ്റെടുത്ത വിനോദ് കുമാറുമാണ് ആലപ്പിയെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. 38 പന്തില്‍ 49 റണ്‍സെടുത്ത അക്ഷയ് ടികെയാണ് ആലപ്പിയുടെ ടോപ് സ്‌കോറര്‍. സിജോമോന് പകരം ഷോണ്‍ റോജറാണ് ഇന്ന് തൃശൂരിനെ നയിച്ചത്.