KCL 2025: ടൈറ്റന്‍സ് ബൗളര്‍മാരുടെ തീപ്പൊരിയേറ്, സിബിന്‍ ഗിരീഷിന് നാലു വിക്കറ്റ്; ആലപ്പി റിപ്പിള്‍സ് പതറുന്നു
Thrissur Titans vs Alleppey Ripples: കൂട്ടത്തകര്‍ച്ചയോടെയായിരുന്നു ആലപ്പിയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായി. നിര്‍ഭാഗ്യത്തിന്റെ രൂപത്തിലെത്തിയ റണ്ണൗട്ടാണ് അസ്ഹറുദ്ദീന് പുറത്തേക്ക് വഴിയൊരുക്കിയത്
തിരുവനന്തപുരം: റണ്‍സുകള്‍ പഞ്ഞമില്ലാത്ത കേരള ക്രിക്കറ്റ് ലീഗില്‍, ഇത്തവണ ബൗളര്‍മാരുടെ പൂണ്ടുവിളയാട്ടം. തൃശൂര്‍ ടൈറ്റന്‍സിന്റെ ബൗളര്‍മാര്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ചപ്പോള്‍ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ നേടാനായത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രം. നാല് വിക്കറ്റെടുത്ത സിബിന്‍ ഗിരീഷും, രണ്ട് വിക്കറ്റെടുത്ത വിനോദ് കുമാറും, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ആനന്ദ് ജോസഫും, അജ്‌നാസുമാണ് ആലപ്പിയെ വിറപ്പിച്ചത്. 38 പന്തില്‍ 49 റണ്‍സെടുത്ത അക്ഷയ് ടികെയ്ക്ക് മാത്രമാണ് ടൈറ്റന്‍സിന്റെ ബൗളിങ് അതിജീവിക്കാനായത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
കൂട്ടത്തകര്‍ച്ചയോടെയായിരുന്നു ആലപ്പിയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായി. നിര്‍ഭാഗ്യത്തിന്റെ രൂപത്തിലെത്തിയ റണ്ണൗട്ടാണ് അസ്ഹറുദ്ദീന് പുറത്തേക്ക് വഴിയൊരുക്കിയത്.
ആലപ്പിയുടെ സ്‌കോര്‍ബോര്‍ഡ് 24 റണ്‍സില്‍ എത്തിയപ്പോഴേക്കും 17 പന്തില്‍ 22 റണ്‍സെടുത്ത അക്ഷയ് പി നായരും പുറത്തായി. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരങ്ങളില്‍ വേണ്ടി ബാറ്റിങില്‍ തിളങ്ങിയ ജലജ് സക്‌സേനയും പുറത്തായതോടെ ആലപ്പി പ്രതിരോധത്തിലായി. മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്താണ് ജലജ് മടങ്ങിയത്. വിനോദ് കുമാറാണ് അഭിഷേകിനെയും, ജലജിനെയും പുറത്താക്കിയത്.




Also Read: KCL 2025: വീണ്ടും മുന്നിൽ നിന്ന് നയിച്ച് സഞ്ജുവിൻ്റെ വെടിക്കെട്ട്; കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറാം ജയം
തുടര്‍ന്ന് ക്രീസിലെത്തിയവരില്‍ അക്ഷയിയെ കൂടാതെ എംപി ശ്രീരൂപിനും (30 പന്തില്‍ 24), കെഎ അരുണിനും (ഏഴ് പന്തില്‍ 13) മാത്രമാണ് രണ്ടക്കം കടക്കാനായത്. ശ്രീരൂപിനെ
അജ്‌നാസും, അരുണിനെ ആനന്ദ് ജോസഫും വീഴ്ത്തി. അക്ഷയിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ആലപ്പിയുടെ സ്‌കോര്‍ബോര്‍ഡ് 100 കടത്തിയത്. അക്ഷയ്, മുഹമ്മദ് കൈഫ്-4, മുഹമ്മദ് ഇനാന്‍-7, മുഹമ്മദ് നാസില്‍-0 എന്നിവരെ സിബിന്‍ ഗിരീഷ് വീഴ്ത്തി. ഒരു റണ്‍സുമായി ശ്രീഹരി എസ് നായര്‍ പുറത്താകാതെ നിന്നു.