KCL 2025 Kochi Blue Tigers Winners: കൊച്ചി രാജാക്കന്മാര്‍ ! കെസിഎല്‍ കിരീടം ബ്ലൂ ടൈഗേഴ്‌സിന്; കലാശപ്പോരില്‍ കൊല്ലം തകര്‍ന്നടിഞ്ഞു

Kochi Blue Tigers beat Aries Kollam Sailors in KCL 2025 Final: കെസിഎല്‍ രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളായി. ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ തോല്‍പിച്ചു. കൊച്ചിയുടെ ആദ്യ കെസിഎല്‍ കിരീടമാണിത്. കൊല്ലം സെയിലേഴ്‌സ് പ്രഥമ സീസണിലെ ജേതാക്കളായിരുന്നു

KCL 2025 Kochi Blue Tigers Winners: കൊച്ചി രാജാക്കന്മാര്‍ ! കെസിഎല്‍ കിരീടം ബ്ലൂ ടൈഗേഴ്‌സിന്; കലാശപ്പോരില്‍ കൊല്ലം തകര്‍ന്നടിഞ്ഞു

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്‌

Updated On: 

07 Sep 2025 22:24 PM

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളായി. ഫൈനലില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ 75 റണ്‍സിന്‌ തോല്‍പിച്ചു. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറില്‍ 106 റണ്‍സിന് പുറത്തായി. കൊല്ലത്തിന്റെ ചേസിങ് പരിതാപകരമായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ഭരത് സൂര്യയെ പുറത്താക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍ സാലി സാംസണ്‍ ഏരീസ് കൊല്ലം സെയിലേഴ്‌സിന് ആദ്യ ഞെട്ടല്‍ സമ്മാനിച്ചു. അഞ്ച് പന്തില്‍ ആറു റണ്‍സുമായാണ് ഭരത് പുറത്തായത്. മൂന്നാം ഓവറില്‍ സാലി കൊല്ലത്തിന് അടുത്ത പ്രഹരം സമ്മാനിച്ചു. ഒമ്പത് പന്തില്‍ 13 റണ്‍സെടുത്ത അഭിഷേക് നായരെയാണ് സാലി ഇത്തവണ വീഴ്ത്തിയത്.

ഇതോടെ മൂന്നോവറില്‍ 27 എന്ന നിലയില്‍ കൊല്ലം പതറി. തുര്‍ന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും, വത്സല്‍ ഗോവിന്ദും ചേര്‍ന്ന് കൊല്ലത്തെ പതുക്കെ മുന്നോട്ട് നയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറാം ഓവറില്‍ കെഎം ആസിഫിന്റെ പന്തില്‍ വത്സല്‍ പുറത്തായതോടെ ആ കൂട്ടുക്കെട്ടും തകര്‍ന്നു. 10 പന്തില്‍ 10 റണ്‍സായിരുന്നു വത്സലിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ കെ അജീഷിന്റെ പന്തില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ക്ലീന്‍ ബൗള്‍ഡായി പുറത്തായതോടെ കൊല്ലം കൂട്ടത്തകര്‍ച്ച നേരിട്ടു. 11 പന്തില്‍ 17 റണ്‍സെടുക്കാനെ കൊല്ലത്തിന്റെ ക്യാപ്റ്റന് സാധിച്ചുള്ളൂ.

എട്ടാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ പിഴുത് പിഎസ് ജെറിന്‍ കൊല്ലത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി. എട്ട് പന്തില്‍ 10 റണ്‍സെടുത്ത വിഷ്ണു വിനോദിനെയും, മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത അഖില്‍ എംഎസിനെയുമാണ് തുടരെ തുടരെ ജെറിന്‍ വീഴ്ത്തിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ഷറഫുദ്ദീനെ നിലയുറപ്പിക്കാനും ജെറിന്‍ അനുവദിച്ചില്ല. ആറു പന്തില്‍ ആറു റണ്‍സെടുത്ത ഷറഫുദ്ദീനെ ജെറിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

Also Read: KCL 2025 Final: കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കൊച്ചിയെ കരകയറ്റി വിനൂപും ആല്‍ഫിയും, സെയിലേഴ്‌സിന്റെ വിജയലക്ഷ്യം 182 റണ്‍സ്‌

കെഎം ആസിഫിന്റേതായിരുന്നു അടുത്ത ഊഴം. ചെറുത്തുനില്‍പിന് ശ്രമിച്ച രാഹുല്‍ ശര്‍മയെ ആസിഫ് എല്‍ബിഡബ്ല്യുവില്‍ കുരുക്കി പുറത്താക്കി. പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്ത രാഹുല്‍ 14 പന്തില്‍ അഞ്ച് റണ്‍സെടുത്താണ് ഔട്ടായത്.

നാല് പന്തില്‍ ഒരു റണ്‍സെടുത്ത എ.ജി. അമലിനെ മുഹമ്മദ് ആഷിക്ക് പുറത്താക്കി. അമലിന്റെ അലക്ഷ്യമായ ഒരു ഷോട്ട് തകര്‍പ്പന്‍ പരിശ്രമത്തിനൊടുവില്‍ സാലി സാംസണ്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ അജയഘോഷിനെ ഗോള്‍ഡന്‍ ഡക്കാക്കി ആഷിക്ക് പറഞ്ഞയച്ചതോടെ കൊല്ലത്തിന്റെ പതനം പുറത്തായി. ഒമ്പതാമനായി ക്രീസിലെത്തിയ വിജയ് വിശ്വനാഥായിരുന്നു കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍.  താരം 24 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു.

കലാശപ്പോരാട്ടത്തില്‍ ടോസ് നേടിയ കൊല്ലം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായ വിനൂപ് മനോഹരനും (30 പന്തില്‍ 70), ഏഴാമനായി ക്രീസിലെത്തിയ ആല്‍ഫി ഫ്രാന്‍സിസ് ജോണും (പുറത്താകാതെ 25 പന്തില്‍ 47) പുറത്തെടുത്ത പോരാട്ടവീര്യമാണ് കൊച്ചിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. കൊല്ലത്തിനായി ഷറഫുദ്ദീനും, പവന്‍ രാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും