Ranji Trophy: വീണ്ടും കേരളത്തെ തോളിലേറ്റി ബാബ അപരാജിത്, ആദ്യ ദിനം ഏഴ് വിക്കറ്റുകള്‍ നഷ്ടം
Ranji Trophy Kerala vs Madhya Pradesh: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റിന് 246 റണ്‍സെടുത്തിട്ടുണ്ട്. 81 റണ്‍സുമായി ബാബ അപരാജിത് ക്രീസിലുള്ളതാണ് കേരളത്തിന്റെ ആശ്വാസം

ബാബ അപരാജിത്
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരായ മത്സരത്തില്‍ ആദ്യ ദിനം കേരളത്തിന് ഏഴു വിക്കറ്റുകള്‍ നഷ്ടം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം 246 റണ്‍സെടുത്തിട്ടുണ്ട്. 147 പന്തില്‍ 81 റണ്‍സുമായി ബാബ അപരാജിത് ക്രീസിലുള്ളതാണ് കേരളത്തിന്റെ ആശ്വാസം. അപരാജിതിന് പുറമെ 60 റണ്‍സെടുത്ത അബിജിത്ത് പ്രവീണും, 47 റണ്‍സെടുത്ത അഭിഷേക് ജെ നായരും മികച്ച പ്രകടനം പുറത്തെടുത്തി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ടോസ് നേടിയ ആതിഥേയരായ മധ്യപ്രദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
രണ്ടാം ഓവറില്‍ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്ണെടുക്കും മുമ്പേ രോഹന്‍ കുന്നുമ്മലിനെ കുമാര്‍ കാര്‍ത്തികേയ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അഭിഷേകും, അങ്കിത് ശര്‍മയും അര്‍ധ സെഞ്ചുറി കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 53 പന്തില്‍ 20 റണ്‍സെടുത്ത അങ്കിതിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി സാരന്‍ഷ് ജയിന്‍ ആ കൂട്ടുക്കെട്ട് പൊളിച്ചു.
തുടര്‍ന്ന് ക്രീസിലെത്തിയ സച്ചിന്‍ ബേബി വന്ന പോലെ മടങ്ങി. മോശം ഫോമിലുള്ള സച്ചിന്‍ മധ്യപ്രദേശിനെതിരെ പൂജ്യത്തിനാണ് പുറത്തായത്. തൊട്ടുപിന്നാലെ അഭിഷേകും പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും നിരാശപ്പെടുത്തി. ഫോം കണ്ടെത്താന്‍ പാടുപെടുന്ന അസ്ഹറുദ്ദീന് 14 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
അസ്ഹറുദ്ദീന് ശേഷം ക്രീസിലെത്തിയ അഹമ്മദ് ഇമ്രാന്റെ സംഭാവന വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു. അഹമ്മദ് ഇമ്രാനും പുറത്തായതോടെ കേരളം ആറു വിക്കറ്റിന് 105 എന്ന നിലയില്‍ പതറി. ഏഴാം വിക്കറ്റില്‍ ബാബ അപരാജിതും, അബിജിത്ത് പ്രവീണും നടത്തിയ ചെറുത്തുനില്‍പ് കേരളത്തിന് വലിയ ആശ്വാസമായി.
ഏഴാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ കേരളത്തിന് ലഭിച്ചത് വിലപ്പെട്ട 122 റണ്‍സാണ്. ആദ്യം ദിനം കളി നിര്‍ത്തുമ്പോള്‍ അപരാജിതിനൊപ്പം, ഏഴ് റണ്‍സുമായി ശ്രീഹരി എസ് നായരും ക്രീസിലുണ്ട്. മധ്യപ്രദേശിനായി സാരന്‍ഷ് ജെയിനും, അര്‍ഷദ് ഖാനും മൂന്ന് വിക്കറ്റ് വീതവും, കുമാര്‍ കാര്‍ത്തികേയ ഒരു വിക്കറ്റും സ്വന്തമാക്കി.