Sanju Samson: ഒന്നാം നമ്പറില്‍ നിന്ന് വാലറ്റത്തേക്ക്; സഞ്ജുവിനെ എന്തിന് ഒതുക്കി?
Fans say Sanju Samson is facing injustice: ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ടോപ് ഓര്‍ഡറിലിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍, അത് സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും

സഞ്ജു സാംസണ്‍
The Curious Case of Sanju Samson: ”ശരിയാണ്, അദ്ദേഹം ആ റോളില്‍ പ്രയാസപ്പെടുന്നുണ്ട്. പക്ഷേ, അഞ്ചാം നമ്പറില്‍ സഞ്ജുവാണ് അനുയോജ്യന്‍. വരും മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പാണ്”-ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീം സഹപരിശീലകന്‍ റയാന്‍ ടെന്‍ ഡോഷെറ്റ് പറഞ്ഞ വാക്കുകളാണിത്. അഞ്ചാം നമ്പറിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കെല്‍പുണ്ടെന്ന് ടീം മാനേജ്‌മെന്റിന് വിശ്വാസമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. പക്ഷേ, ബംഗ്ലാദേശിനെതിരെ ഏഴാം നമ്പറില്‍ പോലും താരത്തിന് അവസരം ലഭിച്ചില്ല. സഞ്ജുവിന് എട്ടാം നമ്പറില്‍ അവസരം നല്‍കുമായിരുന്നോയെന്ന് വ്യക്തവുമല്ല. 11-ാം നമ്പറിലാണോ താരത്തെ ബാറ്റിങിന് ഇറക്കാനിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
അതിശയോക്തി കലര്‍ന്നതാണെങ്കിലും ഈ ചോദ്യത്തിലും അല്‍പം കഴമ്പുണ്ട്. കാരണം, ഒരു ബാറ്റര്‍ ഔട്ടായാല്‍ തുടര്‍ന്ന് ഇറങ്ങാനുള്ള രണ്ട് പേരെങ്കിലും ഡഗൗട്ടില്‍ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയിരിക്കും. എന്നാല്‍ എട്ടാം നമ്പറില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പൊന്നും സഞ്ജുവില്‍ കണ്ടില്ല. തലയില്‍ ഹെല്‍മറ്റോ, കയ്യില്‍ ഗ്ലൗസോ പോലും കണ്ടില്ലെന്നാണ് ആരാധകരുടെ നിരീക്ഷണം.
എന്തുകൊണ്ടാണ് സഞ്ജുവിനെ ബാറ്റിങ് ഓര്‍ഡറില്‍ പിന്നോട്ട് വലിച്ചത്? ഊഹാപോഹങ്ങള്‍ പലതുമുണ്ടെങ്കിലും കൃത്യമായ ഉത്തരം അറിയാവുന്നത് സൂര്യകുമാര്‍ യാദവിനും, ഗൗതം ഗംഭീറിനും മാത്രമായിരിക്കും. ലെഫ്റ്റ്-റൈറ്റ് കോമ്പിനേഷനെന്ന പതിവ് വാദഗതി ഇവിടെ വിലപ്പോകില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ഇടത്-വലത് ബാറ്റിങ് കൂട്ടുക്കെട്ട് പാടെ മാറ്റിവച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിട്ടത്.
ശുഭ്മാന്‍ ഗില്‍ പുറത്തായപ്പോള്‍ വണ്‍ ഡൗണായി ശിവം ദുബെയെ ഇറക്കിയതാണ് ഇതിന് മികച്ച ഉദാഹരണം. ഇടംകൈയനായ ദുബെ എത്തിയപ്പോള്‍, ക്രീസിലുണ്ടായിരുന്നത് മറ്റൊരു ലെഫ്റ്റ് ഹാന്‍ഡറായ അഭിഷേക് ശര്‍മ ! അതുകൊണ്ടും തീര്‍ന്നില്ല, അഭിഷേക് ശര്‍മ പുറത്തായപ്പോള്‍, ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് കൂട്ടായി എത്തിയത് മറ്റൊരു വലം കൈയന്‍ ബാറ്ററായ ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു.
‘മാച്ച് ടൈം’ കിട്ടാനുള്ള പരീക്ഷണമോ?
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മധ്യനിര ഇതുവരെയും കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ മധ്യനിരയിലെ ബാറ്റര്‍മാര്‍ക്കെല്ലാം ‘മാച്ച് ടൈം’ കിട്ടാനാണ് സഞ്ജുവിനെ പിന്നോട്ടിറക്കിയതെന്നാണ് നിരീക്ഷണം. എന്നാല്‍ ഈ വാദത്തിലും യുക്തിരാഹിത്യം പ്രകടമാണ്.
വെല്ലുവിളി ഉയര്‍ത്താനുള്ള കരുത്തൊന്നും ബംഗ്ലാദേശിന് ഇല്ലെങ്കിലും, ഇന്ത്യന്‍ ടീമിന് ഏറെ നിര്‍ണായകമായിരുന്നു ഇന്നലത്തെ മത്സരം. ബംഗ്ലാദേശിനോടും, ശ്രീലങ്കയോടും അട്ടിമറി തോല്‍വി നേരിട്ടാല്‍ ഇന്ത്യയുടെ മുന്നോട്ട് പോക്ക് പ്രയാസകരമാകുമായിരുന്നു. അതുകൊണ്ട് തന്നെ ബംഗ്ലാദേശിനെതിരെ വിന്നിങ് കോമ്പിനേഷനില്‍ പൊളിച്ചുപണി നടത്തേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ അടുത്ത മത്സരം തീര്‍ത്തും അപ്രസക്തമാണ്. അതില്‍ ആവോളം പരീക്ഷണം നടത്തുകയുമാകാം. പക്ഷേ, തിരക്കുപിടിച്ച് ബംഗ്ലാദേശിനെതിരെ ബാറ്റിങ് ഓര്‍ഡറിലെ അഴിച്ചുപണി നടത്തിയതിന്റെ ലോജിക്ക് ആരാധകര്‍ക്ക് പിടികിട്ടുന്നില്ല.
ശിവം ദുബെയ്ക്കും, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും കാര്യമായി മാച്ച് ടൈം ലഭിക്കുകയോ, കിട്ടിയ അവസരത്തില്‍ മികച്ച പ്രകടനം നടത്താനോ സാധിച്ചിട്ടില്ലെന്നത് വ്യക്തമാണ്. എന്നാല്‍ മതിയായ അവസരം ലഭിച്ച, ബൗളിങ് ഓള്‍ റൗണ്ടറായ അക്‌സര്‍ പട്ടേലിനെ സഞ്ജുവിന് മുമ്പായി പരിഗണിച്ചത് ‘മാച്ച് ടൈം’ എന്ന വാദങ്ങളുടെ മുനയൊടിച്ചു.
ശ്രീലങ്കയ്‌ക്കെതിരെ ടോപ് ഓര്‍ഡറില്‍
പരസ്പര ധാരണയോടെയുള്ള പരീക്ഷണമാണ് ടീം നടത്തിയതെങ്കില്‍, ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ടോപ് ഓര്‍ഡറിലിറക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങനെയെങ്കില്‍, അത് സഞ്ജുവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും. താരത്തിന്റെ കരിയറിലെ മുന്നോട്ടുപോക്ക് നിര്‍ണയിക്കുന്നതും ഈ മത്സരമാകും.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ നേടിയ ഒരു താരം ഇത്രത്തോളം പരീക്ഷണം നേരിടേണ്ടി വരുന്നത് അനീതിയാണെന്ന് പറയാതെ വയ്യ. ഒമ്പത് മാസം മുമ്പ് വരെ ഒന്നാം നമ്പറില്‍ ഇറങ്ങിയിരുന്ന താരമാണ് ഇപ്പോള്‍ ഈ അനീതി നേരിടുന്നത്. ശുഭ്മാന്‍ ഗില്ലിന് ലഭിക്കുന്ന പ്രിവിലേജ് മൂലം അഞ്ചാം നമ്പറിലേക്കും, പിന്നീട് എട്ടാം പൊസിഷനിലേക്കും പറിച്ചുനടപ്പെട്ട സഞ്ജുവിന്റെ ഈ ദുര്യോഗത്തിന് പിന്നില്‍ വ്യക്തമായ ‘പൊളിറ്റിക്‌സ്’ സംശയിക്കുകയാണ് ആരാധകര്‍.
Also Read: Asia Cup 2025: ഏത് ബംഗ്ലാദേശ്, ബംഗ്ലാദേശൊക്കെ തീർന്നു; വമ്പൻ വിജയത്തോടെ ഇന്ത്യ ഫൈനലിൽ
എന്തായാലും, അവസാനത്തെ ഒന്നോ രണ്ടോ ഓവറുകളില്‍ മാത്രമായി സഞ്ജു ഇറങ്ങാത്തതില്‍ ആരാധകര്‍ക്ക് സന്തോഷമുണ്ട്. ഒരുപക്ഷേ, തുടക്കം മുതല്‍ അറ്റാക്ക് ചെയ്ത് കളിക്കേണ്ട അത്തരമൊരു സാഹചര്യത്തില്‍ സഞ്ജുവിന് പിഴയ്ക്കാന്‍ സാധ്യതകളേറെയാണ്, പ്രത്യേകിച്ചും ദുബായിലെ ഗ്രൗണ്ടില്‍. പവര്‍പ്ലേയ്ക്ക് ശേഷം സ്‌കോറിങ്ങിനായി ഇന്ത്യന്‍ ബാറ്റര്‍മാര്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു. മുന്‍ മത്സരങ്ങളില്‍, സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞതിന്റെ പേരില്‍ സഞ്ജുവിനെ വിമര്‍ശിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരം കിട്ടിക്കാണുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.