Sanju Samson: അമ്പയറെയും വീഴ്ത്തി സഞ്ജുവിന്റെ പ്രഹരം; ടി20യിലെ 1000 ക്ലബില്‍ അംഗത്വം
Sanju Samson Double Milestone: കിട്ടിയ അവസരം സഞ്ജു സാംസണ്‍ മുതലാക്കി. തിരിച്ചുവരവില്‍ താരം പുറത്തെടുത്തത് തകര്‍പ്പന്‍ പ്രകടനം. രണ്ട് നേട്ടങ്ങളും സ്വന്തമാക്കി.

Sanju Samson
‘ഇന്നില്ലെങ്കില്‍, ഇനിയില്ല’ ! അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ബാറ്റിങിന് ഇറങ്ങുമ്പോള്‍ സഞ്ജു സാംസണ്‍ നേരിട്ട സാഹചര്യത്തെക്കുറിച്ച് ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. വല്ലപ്പോഴും വീണു കിട്ടുന്ന അവസരം പോലെയായിരുന്നു സഞ്ജുവിന് ഇന്നത്തെ മത്സരം. ഒരുപക്ഷേ, മോശം പ്രകടനം പുറത്തെടുത്തിരുന്നെങ്കില്‍ ടീമിന് വെളിയിലാകുന്ന അവസ്ഥ. ഏത് താരവും സമ്മര്‍ദ്ദത്തില്‍ വീണുപോയേക്കാമെന്ന ഈ സാഹചര്യത്തിലും സഞ്ജു പതറിയില്ല. നിസ്വാര്‍ത്ഥനായ പോരാളിയെ പോലെ താരം തുടക്കം മുതല്‍ അക്രമിച്ച് കളിച്ചു. പവര്‍പ്ലേയില്‍ ഇന്ത്യ ആഗ്രഹിക്കുന്ന തുടക്കം ഏതാനും നാളുകള്‍ക്ക് ശേഷം സഞ്ജു-അഭിഷേക് ശര്‍മ ഓപ്പണിങ് സഖ്യം നല്‍കി.
വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനേറ്റ ‘പരിക്കാ’ണ് സഞ്ജുവിന് വീണ്ടും ഓപ്പണറാകാന്‍ വഴിയൊരുക്കിയത്. തിരിച്ചുവരവ് താരം ഒട്ടും മോശമാക്കിയില്ല. 22 പന്തില്‍ 37 റണ്‍സെടുത്തായിരുന്നു മടക്കം. രണ്ട് സിക്‌സറും, നാലു ഫോറും പായിച്ചു. ഒടുവില്‍ ജോര്‍ജ് ലിന്‍ഡെയുടെ അതിശയിപ്പിക്കുന്ന ബൗളിങ് മികവില്‍ ക്ലീന്‍ ബൗള്‍ഡായി മടക്കം.
Also Read: India Vs South Africa: സഞ്ജു ഓപ്പണര്‍, ഗില്‍ പുറത്ത്; അഹമ്മദാബാദില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്
രണ്ട് റെക്കോഡുകള്‍
ഇന്നത്തെ മത്സരം സഞ്ജുവിന് രണ്ട് റെക്കോഡുകളാണ് സമ്മാനിച്ചത്. രാജ്യാന്തര ടി20യില്‍ 1000 റണ്‍സും, ടി20യിലാകെ 8000 റണ്‍സും സഞ്ജു മറികടന്നു. രാജ്യാന്തര ടി20യില്‍ 1000 കടക്കുന്ന 14-ാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അടങ്ങുന്ന എലൈറ്റ് പട്ടികയിലാണ് താരം ഇടം നേടിയത്. ടി20യില്‍ 8000 റണ്‍സ് കടക്കുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമാണ് സഞ്ജു. കോഹ്ലി, രോഹിത്, ശിഖര്‍ ധവാന്‍, സൂര്യ, സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍ എന്നിവരാണ് മുന്‍ഗാമികള്‍.
അമ്പയറും വീണു
മത്സരത്തിനിടെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവവും നടന്നു. ഒമ്പതാം ഓവറില്‍ സഞ്ജുവിന്റെ ഷോട്ട് കാലില്‍ കൊണ്ട് അമ്പയര്‍ രോഹന്‍ പണ്ഡിറ്റ് വീണത് മത്സരം അല്‍പനേരം തടസപ്പെടുത്തി. ഒമ്പതാം ഓവറിലായിരുന്നു സംഭവം. കുറച്ചുനേരങ്ങള്‍ക്ക് ശേഷം രോഹന്‍ പണ്ഡിറ്റ് എഴുന്നേറ്റു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം രോഹന്‍ അമ്പയറുടെ സേവനം തുടര്‍ന്നു.
That one must have hurt. 🩹@IamSanjuSamson times this one sweetly and the ball rockets off the bowlers hand and umpire Rohan Pandit cops a nasty blow to his shin. 🫣😵💫#INDvSA 5th T20I | LIVE NOW 👉 https://t.co/adG06ykx8o pic.twitter.com/T4XdtqK9jA
— Star Sports (@StarSportsIndia) December 19, 2025
ഗില്‍ തിരിച്ചെത്തുമ്പോള്‍
എത്ര മികച്ച പ്രകടനം പുറത്തെടുത്താലും ഗില്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് വഴിമാറേണ്ടി വരും. വൈസ് ക്യാപ്റ്റനെന്ന പ്രിവിലേജും ഗില്ലിന് മാനേജ്‌മെന്റ് ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. എന്തായാലും സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം പരിശീലകന്‍ ഗൗതം ഗംഭീറിനെയും, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്നത് നാളെയാണ്. ഈ പ്രകടനത്തോടെ ലോകകപ്പ് സ്‌ക്വാഡില്‍ ഒരു ഇടം സഞ്ജു ഉറപ്പിച്ചെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പ്രോട്ടീസിന് 232 റണ്‍സ് വിജയലക്ഷ്യം
അഞ്ചാം ടി20യില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ഇന്ത്യ നേടിയത്. തിലക് വര്‍മ-42 പന്തില്‍ 73, ഹാര്‍ദ്ദിക് പാണ്ഡ്യ-25 പന്തില്‍ 63, അഭിഷേക് ശര്‍മ-21 പന്തില്‍ 34, ശിവം ദുബെ-മൂന്ന് പന്തില്‍ 10 നോട്ടൗട്ട്, സൂര്യകുമാര്‍ യാദവ്-5 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. സൂര്യകുമാറിന്റെ മോശം ഫോം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.