Sanju Samson: സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ബേസിൽ ചോദിച്ചു; ഞാൻ പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തി സഞ്ജു സാംസൺ
Sanju Samson On Basil Joseph: സിനിമയിലഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ബേസിൽ ജോസഫ് ചോദിച്ചെന്ന് സഞ്ജു സാംസൺ. താൻ പറഞ്ഞ മറുപടിയും സഞ്ജു വ്യക്തമാക്കി.

സഞ്ജു സാംസൺ
സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ബേസിൽ ജോസഫ് ചോദിച്ചതായി സഞ്ജു സാംസണിൻ്റെ വെളിപ്പെടുത്തൽ. കേരള ക്രിക്കറ്റ് ലീഗിൻ്റെ തയ്യാറെടുപ്പുകൾക്കിടെ മീഡിയവണ്ണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. കെസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ താരമാണ് സഞ്ജു.
ചഹലിന് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന കാര്യം തനിക്കറിയാമെന്ന് സഞ്ജു പറഞ്ഞു. ചഹലിൻ്റെ കാര്യം ബേസിൽ ജോസഫ് ഉൾപ്പെടെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിട്ടുണ്ട്. സിനിമയിൽ ചാൻസുണ്ടെങ്കിൽ ചഹലിന് അവസരം നൽകണമെന്ന്. “എനിക്ക് ഒരു ഓഫറുമായി വിളിച്ചിരുന്നു, ഇങ്ങനെ സംഭവമുണ്ട്. എന്ത് പറയുന്നു എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, എന്ത് പറയാൻ ഞാനില്ല എന്ന്. ചഹലിന് അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞപ്പോൾ അത് കൊള്ളാം എന്ന് പറഞ്ഞ് പോയിട്ടുണ്ട്.”- സഞ്ജു പറഞ്ഞു.
അഹങ്കാരമെന്ന് നാട്ടുകാർ പറയുന്ന കാര്യമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന സഞ്ജുവിൻ്റെ വാക്കുകൾ വൈറലായിരുന്നു. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലെ ടീം അവതരണ ചടങ്ങിൽ വച്ചുള്ള സഞ്ജുവിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ വൈസ് ക്യാപ്റ്റനായ സഞ്ജുവിനെ റെക്കോർഡ് തുകയ്ക്കാണ് വിളിച്ചെടുത്തത്.
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഈ മാസം 21നാണ് ആരംഭിക്കുക.കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഏരീസ് കൊല്ലം സെയിലേഴ്സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്സും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. സെപ്തംബർ ഏഴിനാണ് ഫൈനൽ മത്സരം. ഫൈനൽ ഒഴികെ എല്ലാ ദിവസവും രണ്ട് മത്സരം വീതമുണ്ട്.