KCL 2025: കഴിഞ്ഞ സീസണിലെ പ്രകടനം തിരുത്താനുറച്ച് ആലപ്പി റിപ്പിൾസ്; അസ്ഹറിനൊപ്പം ഒരു കൂട്ടം യുവാക്കൾ തയ്യാർ
KCL Alleppey Ripples Team Analysis: കെസിഎൽ ആദ്യ സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ആലപ്പി റിപ്പിൾസ് ഇത്തവണ അത് തിരുത്താനുറച്ചാണ് ഇറങ്ങുന്നത്. താരതമ്യേന പുതിയ ടീമാണ് റിപ്പിൾസ്.
കേരള സൂപ്പർ ലീഗിൻ്റെ കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ആലപ്പി റിപ്പിൾസ്. 10 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സഹിതം കേവലം ആറ് പോയിൻ്റാണ് ടീമിനുണ്ടായിരുന്നത്. ഇക്കുറി ഈ പ്രകടനം തിരുത്താനുറച്ചാണ് മുഹമ്മദ് അസ്ഹറുദ്ദീനും സംഘവും കളത്തിലിറങ്ങുന്നത്.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ രണ്ട് ടീമുകളല്ലാതെ ഇക്കുറി ക്യാപ്റ്റനെ നിലനിർത്തിയ ഒരേയൊരു ടീമാണ് ആലപ്പി റിപ്പിൾസ്. മുഹമ്മദ് അസ്ഹറുദ്ദീൻ തന്നെയാണ് ഈ സീസണിലും ടീമിനെ നയിക്കുക. എന്നാൽ, താരലേലത്തിൽ കഴിഞ്ഞ സീസണിലെ ടീം ആകെ പൊളിച്ചെഴുതി. മുഹമ്മദ് അസ്ഹറുദ്ദീൻ, അക്ഷയ് ചന്ദ്ര, വിഗ്നേഷ് പുത്തൂർ, അക്ഷയ് ടികെ എന്നിവരെ ടീമിൽ നിലനിർത്തി. ഇവരെ മാറ്റിനിർത്തിയാൽ താരതമ്യേന പുതിയ ടീമാണ് ഇക്കുറി റിപ്പിൾസിനായി കളിക്കുക.




12.40 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ച ജലജ് സക്സേനയുടെ പ്രകടനം നിർണായകമാവും. സക്സേനയുടെ ആദ്യ കെസിഎൽ സീസൺ ആണ് ഇത്. കഴിഞ്ഞ സീസണിൽ ടീമിനായി ഏറ്റവുമധികം റൺസ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീന് പിന്നിൽ രണ്ടാം സ്ഥാനക്കാരനായ അക്ഷയ് ടികെ ഇത്തവണയും ടീമിൽ തുടരും. അനുജ് ജോടിൻ, അരുൺ കെഎ, അർജുൻ നമ്പ്യാർ എന്നീ യുവതാരങ്ങളെ ബാറ്റർമാരായി ടീമിലെത്തിച്ചു. കേരള ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ് അരുൺ കെഎ. ആകാശ് പിള്ള, മുഹമ്മദ് കൈഫ് എന്നീ വിക്കറ്റ് കീപ്പർമാരും മികച്ച യുവതാരങ്ങളാണ്.
ജലജിനും അക്ഷയ്ക്കുമൊപ്പം ശ്രീരൂപ്, അഭിഷേക് പ്രതാപ് ബാലു ബാബു എന്നീ യുവ ഓൾറൗണ്ടർമാരും ടീമിലുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സിൻ്റെ കിരീടധാരണത്തിൽ പ്രധാന പങ്ക് വഹിച്ച പേസർ ബേസിൽ എൻപിയെ സ്വന്തമാക്കാനായത് റിപ്പിൾസിന് നേട്ടമാണ്. ബേസിലിനൊപ്പം കേരള യുവ പേസർമാരിൽ ഏറ്റവും ശ്രദ്ധേയനായ ആദിത്യ ബൈജു, രാഹുൽ ചന്ദ്രൻ, മുഹമ്മദ് നസീൽ എന്നീ യുവാക്കളും ചേരുമ്പോൾ പേസ് ബാറ്ററി ശക്തമാവും. വിഗ്നേഷിനൊപ്പം ശ്രീഹരി നായർ സ്പിന്നറായി ടീമിലുണ്ട്.