Sanju Samson: സഞ്ജുവിന് പകരം ദുബെയെയും നൽകണമെന്ന് രാജസ്ഥാൻ; അശ്വിനെ മാത്രം തരാമെന്ന് ചെന്നൈ: ചർച്ചകൾ പുരോഗമിക്കുന്നു
Sanju Samson To CSK Deal Details: സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്കെന്ന വാർത്തകളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആർ അശ്വിനെ നൽകാമെന്ന് ചെന്നൈ അറിയിച്ചപ്പോൾ ശിവം ദുബെയെക്കൂടി വേണമെന്നാണ് രാജസ്ഥാൻ്റെ ആവശ്യം.

സഞ്ജു സാംസൺ, എംഎസ് ധോണി
രാജസ്ഥാൻ റോയൽസിൻ്റെ മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ട്രേഡ് ഡീലിനൊരുങ്ങുന്നു എന്നാണ് വാർത്തകൾ. ഈ കരാറുമായി ബന്ധപ്പെട്ട മറ്റ് ചില വിവരങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സഞ്ജുവിന് പകരം ആർ അശ്വിനെ നൽകാമെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് പറയുന്നത്. എന്നാൽ, അശ്വിനെ മാത്രമല്ല, മധ്യനിര താരം ശിവം ദുബെയെയും വേണമെന്ന് രാജസ്ഥാൻ റോയൽസ് ആവശ്യപ്പെടുന്നു. എന്നാൽ, ശിവം ദുബെയെ നൽകാൻ ചെന്നൈക്ക് താത്പര്യമില്ല. കഴിഞ്ഞ ഏതാനും സീസണുകളായി ചെന്നൈ ബാറ്റിംഗ് നിരയിൽ ശിവം ദുബെ തകർപ്പൻ പ്രകടനങ്ങളാണ് നടത്തുന്നത്.
സഞ്ജു സാംസൺ ക്യാപ്റ്റൻസി ആവശ്യപ്പെടുന്നില്ലെന്ന് മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഋതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ. ഋതുരാജിന് പരിക്കേറ്റതിനാൽ കഴിഞ്ഞ സീസണിലെ അവസാന മത്സരങ്ങളിൽ എംഎസ് ധോണിയാണ് ടീമിനെ നയിച്ചത്.
കഴിഞ്ഞ സീസണിൽ തന്നെ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രണ്ട് ഓപ്പണർമാരെ ടീമിലെത്തിച്ചതോടെയാണ് ഈ സംശയം ബലപ്പെട്ടത്. ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവൻശി, ദക്ഷിണാഫ്രിക്കൻ താരം ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരെയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. സഞ്ജു സാംസൺ, യശസ്വി ജയ്സാൾ എന്നീ ഓപ്പണർമാർ ഉള്ളപ്പോൾ രണ്ട് ഓപ്പണർമാരെ ടീമിലെത്തിച്ചത് ചർച്ചയായി.