Vaibhav Suryavanshi: ഐപിഎലിലെ വെടിക്കെട്ട് ഇന്ത്യൻ ജഴ്സിയിലും തുടർന്ന് വൈഭവ് സൂര്യവൻശി; ഇംഗ്ലണ്ടിനെതിരെ സിക്സർ മഴ
Vaibhav Suryavanshi Against England: ഇംഗ്ലണ്ടിനെതിരെ തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് കൗമാര താരം വൈഭവ് സൂര്യവൻശി. ഐപിഎലിലെ വെടിക്കെട്ട് പ്രകടനം തുടരാൻ താരത്തിന് സാധിച്ചു.
ഐപിഎലിലെ വെടിക്കെട്ട് ഇന്ത്യൻ ജഴ്സിയിലും തുടർന്ന് കൗമാര താരം വൈഭവ് സൂര്യവൻശി. ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സിക്സർ മഴയാണ് താരം കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. മലയാളി താരം മുഹമ്മദ് ഇനാനും മത്സരത്തിൽ ഇന്ത്യക്കായി നിർണായക പ്രകടനം കാഴ്ചവച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 174 റൺസിന് ഓൾ ഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 56 റൺസ് നേടിയ റോക്കി ഫ്ലിൻ്റോഫാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ ആയത്. ഓപ്പണിംഗിലെത്തി 28 പന്തിൽ 42 റൺസ് നേടിയ ഐസാക് മുഹമ്മദും മികച്ചുനിന്നു. ഇന്ത്യക്കായി കനിഷ്ക് ചൗഹാൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മലയാളി താരം മുഹമ്മദ് ഇനാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.




മറുപടി ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മുംബൈ താരം ആയുഷ് മാത്രെയും വൈഭവ് സൂര്യവൻശിയും ചേർന്നാണ് ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്തത്. മാത്രെ സാവധാനമാണ് നീങ്ങിയതെങ്കിലും സൂര്യവൻശി തൻ്റെ പതിവുശൈലിയിൽ ആഞ്ഞടിച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. സൂര്യവൻശി പുറത്തായതോടെ ഈ കൂട്ടുകെട്ട് തകർന്നു. 19 പന്തുകൾ നേരിട്ട് മൂന്ന് ബൗണ്ടറിയും അഞ്ച് സിക്സറുകളും സഹിതം 48 റൺസ് നേടിയാണ് താരം മടങ്ങിയത്. വൈകാതെ 30 പന്തിൽ 21 റൺസ് നേടിയ ആയുഷ് മാത്രെയും തിരികെ പവലിയനിലെത്തി.
വിഹാൻ മൽഹോത്ര (18), മൗല്യരാജ്സിംഗ് ചാവ്ഡ (16) എന്നിവർ വേഗം പുറത്തായെങ്കിലും ക്രീസിലുറച്ച അഭിഗ്യൻ കുണ്ടുവും (34 പന്തിൽ 45), രാഹുൽ കുമാറും (17) ചേർന്ന് ഇന്ത്യയെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. ഈ മാസം 30 നാണ് പരമ്പരയിലെ രണ്ടാം ഏകദിനം.