Sanju Samson: കരിയറിലെ ആ വലിയ മാറ്റത്തിന് കാരണം സഞ്ജു സാംസണ്‍; മനസ് തുറന്ന് യുസ്‌വേന്ദ്ര ചഹല്‍
Yuzvendra Chahal recalls how Sanju Samson helped him in his career: സഞ്ജു സാംസണ്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്ലിലൂടെയാണ് സൗഹൃദം സ്ഥാപിച്ചത്. ഡെത്ത് ഓവറുകളിലെ തന്റെ വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും സഞ്ജുവിന് നല്‍കുകയാണ് ചഹല്‍.

Sanju Samson and Yuzvendra Chahal
സഞ്ജു സാംസണ്‍ ക്രിക്കറ്റ് മൈതാനത്തും, കളിക്കളത്തിന് പുറത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്ന താരങ്ങളില്‍ ഒരാളാണ് യുസ്‌വേന്ദ്ര ചഹല്‍. ഐപിഎല്ലിലൂടെയാണ് ഇരുവരും സൗഹൃദം സ്ഥാപിച്ചത്. 2022 മുതല്‍ 2024 വരെ യുസ്‌വേന്ദ്ര ചാഹല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു. അന്ന് സഞ്ജു സാംസണായിരുന്നു ക്യാപ്റ്റന്‍. ചഹല്‍-ആര്‍ അശ്വിന്‍ സ്പിന്‍ കോമ്പോ സഞ്ജുവിന് ‘വജ്രാസ്ത്ര’മായിരുന്നു.
ചാഹലിനെ ഡെത്ത് ഓവറുകളില്‍ ഉപയോഗിക്കാനുള്ള സഞ്ജുവിന്റെ തന്ത്രം അന്ന് വന്‍ വിജയമായി. ഡെത്ത് ഓവറുകളില്‍ ചാഹല്‍ പുറത്തെടുത്ത മികച്ച പ്രകടനം റോയല്‍സിന് പല മത്സരങ്ങളിലും നിര്‍ണായകമായി. ചാഹലിനെ ബൗളിങില്‍ എങ്ങനെ ഉപയോഗിക്കണമെന്ന് കാണിച്ചുതന്നത് സഞ്ജുവായിരുന്നു. ഡെത്ത് ഓവറുകളില്‍ എറിയാന്‍ അവസരം ലഭിച്ചത് ചാഹലിന്റെ കരിയറിലും വഴിത്തിരിവായി.
ഡെത്ത് ഓവറുകളിലെ തന്റെ വിജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും സഞ്ജുവിന് നല്‍കുകയാണ് യുസ്‌വേന്ദ്ര ചഹല്‍. മാഷബിള്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
Also Read: Sanju Samson: ക്ലാസെടുത്ത് യുവരാജ്, തന്ത്രങ്ങള്‍ പഠിച്ചെടുത്ത് സഞ്ജു സാംസണ്‍; ഇനി കളി മാറും
രാജസ്ഥാന്‍ റോയല്‍സിലൂടെ സഞ്ജുവുമായി ബന്ധം സ്ഥാപിക്കാനായി. സഞ്ജുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് ചാഹല്‍ പറഞ്ഞു. അതിശയിപ്പിക്കുന്ന മനുഷ്യനാണ് സഞ്ജു. 2022 ന് ശേഷമാണ് താന്‍ ഐപിഎല്ലില്‍ ഡത്ത് ഓവര്‍ ബൗളറായത്. അതിന് മുമ്പ് പതിനാറോ, പതിനേഴോ ഓവര്‍ വരെ എറിഞ്ഞിട്ടുണ്ട്. അവസാന ഓവറുകള്‍ക്ക് മുമ്പ് തന്റെ സ്‌പെല്‍ അവസാനിക്കുമായിരുന്നു. പക്ഷേ, രാജസ്ഥാനില്‍ എത്തിയപ്പോള്‍ ഡെത്ത് ഓവറുകള്‍ എറിയാന്‍ അവസരം ലഭിച്ചെന്ന് ചാഹല്‍ വ്യക്തമാക്കി.
ഡെത്ത് ഓവറുകളില്‍ പകുതിയും എറിയേണ്ടി വന്നേക്കാമെന്നും, അതിനായി തയ്യാറെടുക്കണമെന്നും സഞ്ജു പറഞ്ഞു. അങ്ങനെ ഡെത്ത് ഓവറുകള്‍ക്ക് വേണ്ടി പരിശീലിച്ചു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് താനാണ്. പതിനാലോ, പതിനഞ്ചോ വിക്കറ്റുകള്‍ ലഭിച്ചു. ക്രിക്കറ്റില്‍ രണ്ട് ശതമാനം കൂടി മെച്ചപ്പെടുത്താന്‍ അതോടെ തനിക്ക് സാധിച്ചെന്നും താരം വെളിപ്പെടുത്തി.
ഡെത്ത് ഓവറുകള്‍ എറിയാന്‍ കഴിയുമെന്ന് അതുവരെ താന്‍ പോലും ചിന്തിച്ചിരുന്നില്ല. കാരണം സ്പിന്നര്‍മാരെ ആരും ഡെത്ത് ഓവര്‍ എറിയാന്‍ ഏല്‍പിക്കാറില്ല. 2022 മുതലാണ് സ്പിന്നര്‍മാര്‍ ഡെത്ത് ഓവര്‍ എറിയാന്‍ തുടങ്ങിയതെന്ന് താന്‍ കരുതുന്നു. സഞ്ജുവിനെ ചിന്തുവെന്നാണ് താന്‍ വിളിക്കുന്നത്. സഞ്ജു തനിക്ക് സഹോദരനാണ്. അദ്ദേഹം എപ്പോഴും ശാന്തനാണെന്നും ചാഹല്‍ തുറന്നുപറഞ്ഞു.