Harbhajan Singh Sreesanth Slap: അപ്രതീക്ഷിതമായി ഹര്‍ഭജന്റെ അടി, പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; ആ ദൃശ്യങ്ങള്‍ പുറത്ത്
Video of Harbhajan slapping Sreesanth released: ശ്രീശാന്തിനെ തല്ലിയതില്‍ അടുത്തിടെ ഹര്‍ഭജന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അവസരം ലഭിച്ചാല്‍ തന്റെ കരിയറില്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന സംഭവം ശ്രീശാന്തിനെ തല്ലിയതായിരിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ സീസണില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി. ‘ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്‌കാസ്റ്റി’ൽ ഓസ്‌ട്രേലിയൻ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ലളിത് മോദി വിവാദ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലിയത് അന്ന് ഏറെ വിവാദമായെങ്കിലും ഇതുവരെ ആ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 2008ലാണ് സംഭവം നടന്നത്. മുംബൈ ഇന്ത്യൻസും കിംഗ്സ് ഇലവൻ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിന് ശേഷമായിരുന്നു സംഭവം.
തന്റെ സെക്യൂരിറ്റി കാമറകളിലൊന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ലളിത് മോദി വെളിപ്പെടുത്തി. മത്സരശേഷം മറ്റ് കാമറകള്‍ ഓഫായിരുന്നു. ഇത്രയും കാലം ഇത് പുറത്തുവിട്ടിരുന്നില്ല. ഇപ്പോള്‍ 18 വര്‍ഷമായെന്നും ലളിത് മോദി പറഞ്ഞു.
ശ്രീശാന്തിനെ തല്ലിയതില്‍ അടുത്തിടെ ഹര്‍ഭജന്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അവസരം ലഭിച്ചാല്‍ തന്റെ കരിയറില്‍ തിരുത്താന്‍ ആഗ്രഹിക്കുന്ന സംഭവം ശ്രീശാന്തിനെ തല്ലിയതായിരിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു.
“എന്റെ ജീവിതത്തിൽ ഞാൻ തിരുത്താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ശ്രീശാന്തുമായുള്ള ആ സംഭവമാണ്. സംഭവിച്ചത് തെറ്റായിരുന്നു, ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ 200 തവണയെങ്കിലും ക്ഷമാപണം നടത്തി. ആ സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിഷമം തോന്നുന്നു. എനിക്ക് ലഭിച്ച എല്ലാ അവസരങ്ങളിലും ഞാൻ ക്ഷമാപണം നടത്തി”-അടുത്തിടെ ഒരു പരിപാടിയില്‍ ഹര്‍ഭജന്‍ പറഞ്ഞു.
വീഡിയോ
One of the wildest moments in IPL history, Unseen footage of the Bhajji–Sreesanth slapgate that never been aired#IPL pic.twitter.com/E9Ux8bodOW
— Vishal (@Fanpointofviews) August 29, 2025
ഒരിക്കല്‍ ശ്രീശാന്തിന്റെ മകള്‍ തന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. തന്റെ പിതാവിനെ തല്ലിയ ആളല്ലേയെന്നായിരുന്നു ശ്രീശാന്തിന്റെ മകളുടെ ചോദ്യം. അത് ഹൃദയം തകര്‍ത്തെന്നും, താന്‍ കണ്ണീരിന്റെ വക്കിലെത്തിയിരുന്നുവെന്നും ഹര്‍ഭജന്‍ വെളിപ്പെടുത്തി. ആ പെണ്‍കുട്ടി തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്താണെന്ന് സ്വയം ചോദിച്ചുകൊണ്ടിരുന്നു. തന്നെക്കുറിച്ച് വളരെ മോശമായാകും ആ കുട്ടി ചിന്തിക്കുന്നത്. അതില്‍ വിഷമം തോന്നി. ശ്രീശാന്തിന്റെ മകളോടും ക്ഷമ ചോദിക്കുന്നുവെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു.