AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jalaj Saxena: ഫോണ്‍ കോളിലെ അബദ്ധം കേരളത്തിന് സമ്മാനിച്ച വജ്രായുധം; ‘സെക്കന്‍ഡ് ഹോം’ വിടുമോ ജലജ് സക്‌സേന?

Will Jalaj Saxena leave Kerala cricket team: പല അതിഥി താരങ്ങളും സമീപവര്‍ഷങ്ങളില്‍ വന്നിട്ടുണ്ട്. അരുണ്‍ കാര്‍ത്തിക്, ശ്രേയസ് ഗോപാല്‍, റോബിന്‍ ഉത്തപ്പ, ആദിത്യ സര്‍വതെ തുടങ്ങിയവര്‍. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമാണ് ഇവര്‍ കേരളത്തിനൊപ്പം തുടര്‍ന്നത്. എന്നാല്‍ ജലജ് അങ്ങനെയായിരുന്നില്ല

Jalaj Saxena: ഫോണ്‍ കോളിലെ അബദ്ധം കേരളത്തിന് സമ്മാനിച്ച വജ്രായുധം; ‘സെക്കന്‍ഡ് ഹോം’ വിടുമോ ജലജ് സക്‌സേന?
ജലജ് സക്‌സേന Image Credit source: PTI
Jayadevan AM
Jayadevan AM | Published: 29 Aug 2025 | 03:01 PM

ഴിവ് മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്താന്‍ ഭാഗ്യം കൂടി വേണമെന്ന് തെളിയിച്ച താരമാണ് ജലജ് സഹായി സക്‌സേന. പ്രതിഭാസമ്പന്നനെങ്കിലും നിര്‍ഭാഗ്യം കൊണ്ട് മാത്രം ദേശീയ ടീമിലെത്താന്‍ സാധിക്കാത്ത ഹതഭാഗ്യന്‍. എങ്കിലും കേരള ക്രിക്കറ്റിന് ഈ 38കാരന്‍ ഇതിഹാസമാണ്. ബാറ്റും പന്തും ഉപയോഗിച്ച് വിസ്മയം തീര്‍ത്ത കേരളത്തിന്റെ വജ്രായുധം. ഒമ്പത് വര്‍ഷമായി കേരളത്തിനൊപ്പമുള്ള ജലജ് ആ ബന്ധം അറുത്തുമുറിക്കുമോയെന്ന ആശങ്കയിലാണ് ഇന്ന് ആരാധകര്‍.

അടുത്ത സീസണില്‍ വിട്ടുനില്‍ക്കുന്നുവെന്ന് മാത്രമാണ് ജലജ് കേരള ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരിക്കുന്നത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കാനായാണ് താരം ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. എന്നാല്‍ അടുത്ത സീസണില്‍ മാത്രമല്ല, കേരളത്തിനായി ഇനി ജലജ് കളിച്ചേക്കില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

നിലവില്‍ എന്‍ഒസിക്കായി താരം കേരള ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടില്ല. മറ്റേതെങ്കിലും ടീമില്‍ കളിക്കാന്‍ ജലജിന് താല്‍പര്യമുണ്ടോയെന്ന് അറിയില്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞത്.

കേരളത്തിന്റെ രക്ഷകന്‍

2015-16 സീസണില്‍ ടിനു യോഹന്നാന്‍ കേരളത്തിന്റെ ബൗളിങ് പരിശീലകനായ സമയം. മുഖ്യപരിശീലകന്‍ പി. ബാലചന്ദ്രനും, ടിനുവും അതിഥി താരങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു. ആ സമയം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യു ടിനുവിന് ഒരു നമ്പര്‍ അയച്ചുകൊടുത്തു. ഉത്തരാഖണ്ഡ് താരമായ വിനീത് സക്‌സേനയുടെ നമ്പറാണെന്ന് പറഞ്ഞാണ് മാത്യു അയച്ചത്.

പക്ഷേ, അത് ജലജ് സക്‌സേനയുടെ നമ്പറായിരുന്നു. ഇത് അറിയാതെ ടിനു യോഹന്നാന്‍ ആ നമ്പറിലേക്ക് വിളിച്ചു. മറുതലയ്ക്കല്‍ ജലജ് സംസാരിച്ചുതുടങ്ങിയപ്പോഴാണ് ടിനുവിന് അബദ്ധം മനസിലായത്. മുന്‍പരിചയമുള്ളതിനാല്‍ ഇരുവരും കുറച്ചു നേരം സംസാരിച്ചു. കേരളത്തിലേക്ക് വരാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍, മധ്യപ്രദേശ് വിടുന്നില്ലെന്നായിരുന്നു ജലജിന്റെ മറുപടി. അങ്ങനെ ആ സംഭാഷണം അവിടെ അവസാനിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജലജ് ടിനുവിനെ തിരിച്ചുവിളിച്ചു. ‘ഇപ്പോഴും ആ ഓഫറുണ്ടോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

Also Read: Ranji Trophy 2025: ജലജ് സക്സേനയും ആദിത്യ സർവതെയും ഇല്ല; വരുന്ന രഞ്ജി സീസണിൽ കേരളത്തിന് തിരിച്ചടി

ആഭ്യന്തര ക്രിക്കറ്റില്‍ ജലജ് മിന്നിത്തിളങ്ങുന്ന സമയമായിരുന്നു അത്. അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് രണ്ടാമതൊന്നും ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ ജലജ് കേരള ടീമിലെത്തി. പല മത്സരങ്ങളിലും താരം ടീമിന്റെ രക്ഷകനായി. കഴിഞ്ഞ സീസണില്‍ കേരളം രഞ്ജി ഫൈനലിലെത്തിയതില്‍ ഈ ഓള്‍റൗണ്ടറുടെ പ്രകടനവും നിര്‍ണായകമായിരുന്നു.

പല അതിഥി താരങ്ങളും സമീപവര്‍ഷങ്ങളില്‍ വന്നിട്ടുണ്ട്. അരുണ്‍ കാര്‍ത്തിക്, ശ്രേയസ് ഗോപാല്‍, റോബിന്‍ ഉത്തപ്പ, ആദിത്യ സര്‍വതെ തുടങ്ങിയവര്‍. എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മാത്രമാണ് ഇവര്‍ കേരളത്തിനൊപ്പം തുടര്‍ന്നത്. എന്നാല്‍ ജലജ് അങ്ങനെയായിരുന്നില്ല. നീണ്ട ഒമ്പത് വര്‍ഷം അദ്ദേഹം കേരള ടീമിന്റെ രക്ഷനായി. തന്റെ ‘സെക്കന്‍ഡ് ഹോം’ എന്നാണ് ജലജ് കേരളത്തെ പലതവണ വിശേഷിപ്പിച്ചത്. നീണ്ട ഒമ്പത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ‘സെക്കന്‍ഡ് ഹോം’ വിടാന്‍ ജലജിനാകുമോ? ആരാധകര്‍ ആശങ്കയിലാണ്.