Glenn Maxwell: ഏകദിനത്തിൽ ഇനി ‘ബിഗ് ഷോ’ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഗ്ലെൻ മാക്സ്‌വൽ
Glenn Maxwell Retires From ODI: ഏകദിന മത്സരത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ. 149 ഏകദിനങ്ങളിലാണ് മാക്സ്‌വൽ ഓസ്ട്രേലിയക്കായി കളിച്ചത്.

ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ. 36 വയസുകാരനായ താരം ഫൈനൽ വേർഡ് പോഡ്കാസ്റ്റിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. 149 ഏകദിനങ്ങളിൽ ഓസ്ട്രേലിയക്കായി കളിച്ച മാക്സ്‌വൽ 3990 റൺസും 77 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20യിൽ കളി തുടരുമെന്ന് മാക്സ്‌വൽ അറിയിച്ചു.
2015ലും 2023ലും ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ 128 പന്തിൽ പുറത്താവാതെ 201 റൺസ് നേടി ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ച മാക്സ്‌വെലിൻ്റെ പ്രകടനം ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. 33.81 ശരാശരിയും 126.70 സ്ട്രൈക്ക് റേറ്റുമാണ് മാക്സ്‌വലിന് ഏകദിനത്തിലുണ്ടായിരുന്നത്. ഏകദിനത്തിൽ 23 അർദ്ധസെഞ്ചുറികളും നാല് സെഞ്ചുറികളുമാണ് താരം നേടിയത്. ഇന്ത്യക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ മത്സരത്തിലാണ് മാക്സ്‌വൽ അവസാനമായി കളിച്ചത്. പാർട്ട് ടൈം ഓഫ് സ്പിന്നർ കൂടിയായ മാക്സ്‌വെൽ ചില മികച്ച ബൗളിംഗ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. ടി20യിൽ കളി തുടരുമെന്നറിയിച്ച മാക്സ്‌വെൽ 2026 ടി20 ലോകകപ്പിലാവും അവസാനമായി കളിക്കുക.
“ശരീരത്തിൻ്റെ ആരോഗ്യം പരിഗണിക്കുമ്പോൾ ഞാൻ ടീമിനെ കൈവിടുന്നത് പോലെയാണ് എനിക്ക് തോന്നിയത്. മുഖ്യ സെലക്ടർ ജോർജ് ബെയ്‌ലിയുമായി ഞാൻ സംസാരിച്ചിരുന്നു. 2027 ലോകകപ്പ് വരെ കളിക്കാൻ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ കളിച്ചുകൊണ്ടിരിക്കുന്ന പൊസിഷനിലേക്ക് മറ്റ് താരങ്ങളെ പരീക്ഷിക്കാൻ സമയമായിരിക്കുന്നു. സ്വാർത്ഥതയ്ക്ക് വേണ്ടി ഇനിയും കളി തുടരാൻ എനിക്ക് ആഗ്രഹമില്ല.”- മാക്സ്‌വെൽ പറഞ്ഞു.
ഐപിഎലിൽ പഞ്ചാബ് കിംഗ്സിൻ്റെ താരമായിരുന്നു മാക്സ്‌വെൽ. പരിക്കേറ്റ താരം ഐപിഎൽ സീസൺ പാതിയിൽ പുറത്തായി. പഞ്ചാബ് കിംഗ്സ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് പഞ്ചാബിൻ്റെ എതിരാളികൾ.