Roger Binny: എഴുപതിലേക്ക് റോജര്‍ ബിന്നി; ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയും; പകരം രാജീവ് ശുക്ല?
BCCI President: നിലവില്‍ ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് രാജീവ് ശുക്ല. അടുത്ത മൂന്ന് മാസത്തേക്കാകും രാജീവ് ശുക്ല താൽക്കാലിക പ്രസിഡന്റാവുക. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തേക്കും

റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിയും. ജൂലൈ 19ന് അദ്ദേഹത്തിന് 70 വയസ് തികയും. ബിസിസിഐയുടെ മാനദണ്ഡങ്ങള്‍ പ്രകാരം 70 വയസില്‍ താഴെയുള്ളവര്‍ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് യോഗ്യര്‍. ഈ സാഹചര്യത്തിലാണ് റോജര്‍ ബിന്നി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്. ലോധ കമ്മിറ്റി നടപ്പിലാക്കിയ പ്രായപരിധി ചട്ടങ്ങളാണ് കാരണം. 1983-ൽ ഇന്ത്യ ലോകകപ്പ് നേടിയ ടീമിലെ അംഗം കൂടിയാണ് റോജര്‍ ബിന്നി. മുന്‍ ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയുടെ പിതാവാണ്. റോജര്‍ ബിന്നി സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ രാജീവ് ശുക്ല ബിസിസിഐ താൽക്കാലിക പ്രസിഡന്റായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ബിസിസിഐയുടെ വൈസ് പ്രസിഡന്റാണ് രാജീവ് ശുക്ല. അടുത്ത മൂന്ന് മാസത്തേക്കാകും രാജീവ് ശുക്ല താൽക്കാലിക പ്രസിഡന്റാവുക. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തേക്കും. അതുവരെ രാജീവ് ശുക്ല താല്‍ക്കാലിക പ്രസിഡന്റാകുമെന്നാണ് വിവരം. എന്നാല്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കും രാജീവ് ശുക്ല മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സെപ്റ്റംബറിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിന് മുമ്പ് ഇതില്‍ തീരുമാനമുണ്ടാകും.
2020 മുതൽ രാജീവ് ശുക്ല ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 വരെ ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയായിരുന്നു. 2018 വരെ ഐപിഎല്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.




സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയായി 2022 ഒക്ടോബറിലാണ് റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ബിസിസിഐയുടെ 36-ാമത് പ്രസിഡന്റായിരുന്നു ബിന്നി. 27 ടെസ്റ്റുകളിലും 72 ഏകദിനങ്ങളിലും അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 124 വിക്കറ്റുകൾ വീഴ്ത്തി. 1983 ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. എട്ട് മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമായി.
Read Also: Glenn Maxwell: ഏകദിനത്തിൽ ഇനി ‘ബിഗ് ഷോ’ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഗ്ലെൻ മാക്സ്‌വൽ
റോജര്‍ ബിന്നി പ്രസിഡന്റായ സമയത്ത് രണ്ട് പ്രധാന കിരീടങ്ങള്‍ ഇന്ത്യന്‍ ടീം നേടിയിട്ടുണ്ട്. 2024ലെ ടി20 ലോകകപ്പും, ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫിയും. വനിതാ പ്രീമിയര്‍ ലീഗ് ആരംഭിച്ചതും റോജര്‍ ബിന്നിയുടെ ഭരണകാലത്താണ്.
ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ആഭ്യന്തര താരങ്ങളുടെ ശമ്പള ഘടനയടക്കം മെച്ചപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റില്‍ സീനിയര്‍ താരങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. ബിസിസിഐ പ്രസിഡന്റാകുന്നതിന് മുമ്പ് സെലക്ഷന്‍ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.