IPL 2025: ടോട്ടനത്തിനും കിട്ടി, പിഎസ്ജിയ്ക്കും കിട്ടി; ബെംഗളൂരുവിനും പഞ്ചാബിനും സാധ്യത: 2025 സോഷ്യലിസത്തിൻ്റെ വർഷം
Trophyless Clubs Winning Titles This Year: ഈ വർഷത്തെ ഐപിഎലിൽ ഒരു പുതിയ ടീം കിരീടം നേടുമെന്നതിനാൽ ഇത്തവണ തുടർന്നുപോരുന്ന ട്രെൻഡിൻ്റെ ആവർത്തനമാവും. 2025 കിരീടമില്ലാത്തവർക്ക് കിരീടം ലഭിക്കുന്ന സോഷ്യലിസ്റ്റ് വർഷമാണ്.

2025 സോഷ്യലിസത്തിൻ്റെ വർഷമാണ്. കിരീടം അന്യമായിരുന്ന ടീമുകൾക്കൊക്കെ ഇക്കൊല്ലം കിരീടനേട്ടം ലഭിച്ചു. അതിപ്പോൾ 1984ന് ശേഷം ആദ്യമായി യൂറോപ്യൻ കിരീടം നേടിയ ടോട്ടനമാണെങ്കിലും ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് നേടിയ പിഎസ്ജി ആണെങ്കിലും ഇക്കൊല്ലമാണ് നടന്നത്. ഇനി ഐപിഎലിലും ഈ പതിവ് തുടരുകയാണ്. ഫൈനലിൽ പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. ഈ രണ്ട് ടീമുകൾക്കും ഇതുവരെ കിരീടം ലഭിച്ചിട്ടില്ല. 18ആം വർഷം ഇവരിൽ ഒരു ടീം കിരീടം നേടും.
ഈ വർഷം മെയ് 21നാണ് ടോട്ടനം 2008ന് ശേഷം ഒരു പ്രധാന കിരീടം നേടിയത്. യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ടോട്ടനത്തിൻ്റെ കിരീടനേട്ടം. 2008ന് ശേഷം ഒരു പ്രധാന കിരീടം. 1984ന് ശേഷം ഒരു യൂറോപ്യൻ കിരീടം എന്നിങ്ങനെ ഈ നേട്ടം ടോട്ടനത്തിന് നൽകിയത് സമാനതകളില്ലാത്ത അനുഭവമാണ്. ക്ലബ് ഇതിഹാസം സൺ ഹ്യൂങ് മിൻ മത്സരശേഷം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു.
മെയ് 31നാണ് പിഎസ്ജിയുടെ കിരീടനേട്ടം. ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പിഎസ്ജിയ്ക്ക് സാധിച്ചു. ഫൈനലിൽ ഇൻ്റമിലാനെ മടക്കമില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞായിരുന്നു പാരിസ് സെയ്ൻ്റ് ജർമൻ്റെ ചാമ്പ്യൻസ് ലീഗ് നേട്ടം. ഫ്രഞ്ച് ലീഗിൽ വർഷങ്ങളായി എതിരാളികളില്ലാതെ മുന്നേറുകയായിരുന്നെങ്കിലും പിഎസ്ജിയ്ക്ക് ചാമ്പ്യൻസ് ലീഗ് കിട്ടാക്കനിയായിരുന്നു. ലയണൽ മെസിയും നെയ്മറും പോലുള്ള ഇതിഹാസ താരങ്ങൾക്ക് പോലും ഇത് കഴിഞ്ഞില്ല. എന്നാൽ, ഈ വർഷം പിഎസ്ജി അത് നേടിയെടുത്തു.




Also Read: IPL 2025: മഴപെയ്ത് മാനം തെളിഞ്ഞു; ഇത്തവണ ഐപിഎലിൽ പുതിയ ചാമ്പ്യൻ
2008 മുതൽ ഐപിഎൽ കളിക്കുന്ന ടീമുകളാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിംഗ്സും. ഇതുവരെ കിരീടം ലഭിക്കാത്ത രണ്ട് ടീമുകൾ. ഡൽഹി ക്യാപിറ്റൽസാണ് ആദ്യ സീസൺ മുതൽ ഐപിഎൽ കളിക്കുന്ന, ഇതുവരെ കിരീടം നേടാത്ത മറ്റൊരു ടീം. ഡൽഹി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. പക്ഷേ, പഞ്ചാബോ ബെംഗളൂരുവുവോ കന്നിക്കിരീടം നേടുമ്പോൾ 2025ലെ സോഷ്യലിസം പൂർത്തിയാവും.