Women’s T20 World Cup: കണക്കുകൂട്ടലുകൾ തെറ്റിക്കല്ലേ ഭഗവാനേ..! ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് വനിതകൾ ഇന്നിറങ്ങും
Women's T20 World Cup: ടി20 വനിതാ ലോകകപ്പ് സ്റ്റാർസ്പോർട്സ്1, എച്ച്ഡി1, ഹോട്ട്സ്റ്റാർ എന്നിവിടങ്ങളിൽ തത്സമയം കാണാം. ഓസ്ട്രേലിയയ്ക്കെതിരായ ജയം, മറ്റ് ടീമുകളുടെ പ്രകടനം, നെറ്റ് റൺറേറ്റ് എന്നീ മൂന്ന് ഘടകങ്ങളും അനുകൂലമായാൽ മാത്രമേ ഇന്ത്യക്ക് സെമി ബെർത്ത് ഉറപ്പിക്കാൻ സാധിക്കൂ.

Image Credits: BCCI Women
ദുബായ്: ടി20 വനിതാ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഓസ്ട്രേലിയയാണ് എതിരാളികൾ. കങ്കാരുകൾക്കെതിരെ മികച്ച ജയം സ്വന്തമാക്കിയാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാനാകൂ. ഷാർജയിൽ ഇന്ന് രാത്രി 7.30-നാണ് ഇന്ത്യ- ഓസീസ് മത്സരം. ഗ്രൂപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും ദുബായിൽ കളിച്ച ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും ഷാർജയിലെ ആദ്യ മത്സരമാണ് ഇന്ന്. സ്റ്റാർസ്പോർട്സ്1, എച്ച്ഡി1, ഹോട്ട്സ്റ്റാർ എന്നിവിടങ്ങളിൽ മത്സരം തത്സമയം കാണാം. ഓസ്ട്രേലിയയ്ക്കെതിരായ ജയം, മറ്റ് ടീമുകളുടെ പ്രകടനം, നെറ്റ് റൺറേറ്റ് എന്നീ മൂന്ന് ഘടകങ്ങളും അനുകൂലമായാൽ മാത്രമേ ഇന്ത്യക്ക് സെമി ബെർത്ത് ഉറപ്പിക്കാൻ സാധിക്കൂ.
ന്യൂസിലൻഡിനോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യൻ വനിതകൾ പാകിസ്താനെയും ശ്രീലങ്കയെയും തോൽപ്പിച്ചാണ് നെറ്റ് റൺറേറ്റിൽ മുന്നോട്ട് വന്നത്. എങ്കിലും ഓസ്‌ട്രേലിയയും ന്യൂസിലൻഡും പാകിസ്താനും വെല്ലുവിളിയായി മുന്നിലുണ്ട്. ശ്രീലങ്കയ്ക്കെതിരായ 82 റൺസിന്റെ ജയത്തോടെ ഹർമൻപ്രീതും സംഘവും -1.271 ൽ നിന്ന് +0.576 നെറ്റ് റൺറേറ്റുയർത്തി. അഞ്ച് ടീമുകളടങ്ങിയ ഗ്രൂപ്പ് എയിൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫെെനലിന് യോഗ്യത നേടുക. ഓസ്ട്രേലിയ ഏറെക്കുറെ സെമി ബെർത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് രണ്ടാം സ്ഥാനക്കാരാകാനുള്ള പോരാട്ടം നടക്കുന്നത്.
ഓസീസുമായുള്ള മത്സരത്തിൽ ഇന്ത്യൻ വനിതകൾ ജയിച്ചാൽ, ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി 6 പോയിന്റോടെ തുല്യശക്തികളാകും. അങ്ങനെ സംഭവിച്ചാൽ നെറ്റ് റൺറേറ്റിൽ മുന്നിലുള്ള രണ്ട് ടീമുകൾ സെമിയിലേക്ക് മുന്നേറും. നിലവിൽ ഓസീസിന് +2.524, ഇന്ത്യക്ക് +0.576, ന്യൂസിലൻഡിന് -0.555 എന്നിങ്ങനെയാണ് നെറ്റ് റൺറേറ്റ്.
ഓസീസിനെതിരായ ഇന്ത്യയുടെ ജയം
ഓസീസിനെ ഇന്ത്യ ഒരു റണ്ണിന് തോൽപ്പിച്ചാൽ ന്യൂസിലൻഡ് പാകിസ്താനും ശ്രീലങ്കയ്ക്കും എതിരെയുള്ള മത്സരങ്ങളിൽ ജയിക്കണം. ഏകദേശം 38 റൺസിനായിരിക്കണം കിവീസിന്റെ ജയം. ഇന്ത്യ 10 റൺസിനാണ് ജയിക്കുന്നതിൽ അവസാന രണ്ട് മത്സങ്ങളിൽ നിന്നും ന്യൂസിലൻഡ് 48 റൺസിന്റെ ജയം സ്വന്തമാക്കണം.
ഇന്ത്യയുടെ തോൽവി
ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടാൽ നാല് മത്സരങ്ങളിൽ എട്ട് പോയിന്റോടെ ഓസീസ് സെമി ഉറപ്പിക്കും. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമിയിലേക്ക് മുന്നേറുകയും ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്യും. എന്നാൽ രണ്ട് വീതം മത്സരങ്ങളുള്ള ന്യൂസിലൻഡും പാകിസ്താനും ഏതെങ്കിലുമൊന്നിൽ തോറ്റാലും ഇന്ത്യക്ക് നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ സാധ്യത കൈവരും. ശ്രീലങ്ക ഇതിനോടകം ടൂർണമെന്റിൽ നിന്ന് പുറത്തായി.
ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചാൽ
മത്സരം ഉപേക്ഷിച്ചാൽ ഓസ്ട്രേലിയ 7 പോയിന്റുമായി സെമിയിലെത്തും. 5 പോയിന്റുള്ള ഇന്ത്യ സെമി യോഗ്യത ഉറപ്പിക്കണമെങ്കിൽ ന്യൂസിലൻഡ് ഒരു മത്സരത്തിൽ തോൽക്കണം. കിവീസ് ഒരു മത്സരത്തിൽ ജയിക്കുകയും അവരുടെ മറ്റൊരു മത്സരം ഉപേക്ഷിക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റായിരിക്കും രണ്ടാം സ്ഥാനക്കാരെ കണ്ടെത്തുക. ന്യൂസിലൻഡിനെക്കാൾ റൺറേറ്റുണ്ടെങ്കിൽ ഇന്ത്യ സെമി കളിക്കും.