കേരള ക്രിക്കറ്റ് ലീഗ് കിരീടത്തില്‍ ആദ്യ മുത്തമിട്ടു കൊല്ലം സെയ്ലേഴ്സ്; സച്ചിന്‍ ബേബിക്ക് സെഞ്ചുറി
Kerala Cricket Legaue Aries Kollam Sailors Won: കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ആറ് വിക്കറ്റിന് വീഴ്ത്തി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് കപ്പടിച്ചു. കൊല്ലത്തെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ സച്ചിൻ ബേബി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസൺ കിരീടം സ്വന്തമാക്കി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. എതിരാളികളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ആറ് വിക്കറ്റിനാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് തോൽപ്പിച്ചത്. അടിക്ക് തിരിച്ചടി എന്ന മട്ടിൽ ആവേശകരമായി മുന്നേറിയ മത്സരത്തിൽ അഞ്ചു പന്തുകൾ ശേഷിക്കെയാണ് വിജയം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 213 റൺസാണ് എടുത്തത്. എന്നാൽ അതിലും ആവേശകരമായി മത്സരിച്ച് 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എടുത്ത് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് കേരള ക്രിക്കറ്റ് ലീഗ് കിരീടത്തില്‍ ആദ്യ മുത്തമിട്ടു.
കൊല്ലത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ക്യാപ്റ്റിൻ സച്ചിൻ ബേബി തന്നെയാണെന്ന് നിസംശയം പറയാം. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സച്ചിൻ വിക്കറ്റ് നഷ്ടപ്പെടാതെ നേടിയത് 54 പന്തിൽ 105 റൺസ്. ഇതിൽ ഏഴ് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നു. തുടർന്ന് മൂന്നാം വിക്കറ്റിൽ സച്ചിനും വത്സൽ ഗോവിന്ദും ചേർന്ന് 114 റൺസ് നേടിയതോടു കൂടി കളി കാലിക്കറ്റിന്റെ കൈവിട്ടു പോയി. സച്ചിൻ ബേബിയുടെ ഇന്നിങ്സിന് മുന്നിൽ കാലിക്കറ്റിന്റെ ബൗളർമാരെല്ലാം മുട്ടുകുത്തി. തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവെച്ച സച്ചിൻ പ്ലയെർ ഓഫ് ദി ഫൈനൽ പുരസ്കാരവും കരസ്ഥമാക്കി.
ഓപ്പണർമാരായ അഭിഷേക് നായരും (25) അരുൺ പൗലോസും (13) പുറത്തായ ശേഷം ഇറങ്ങിയ വത്സൽ ഗോവിന്ദ് 27 പന്തിൽ 45 റൺസ് നേടി. ഷറഫുദീൻ എൻ എം (2), രാഹുൽ ശർമ്മ (15*) എന്നിവരാണ് മറ്റ് സ്കോറർമാർ. കൊല്ലത്തിന് വേണ്ടി അമല്‍ എജി, എസ് മിധുന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പ്രവീൺ രാജും ബേസിലും ഓരോ വിക്കറ്റ് വീതം നേടി.
കാലിക്കറ്റിന് വേണ്ടി അജിനാസ് 24 പന്തില്‍ 56 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായി. ക്യാപ്റ്റനും ഓപണറുമായ രോഹന്‍ കുന്നുമ്മല്‍ 26 പന്തില്‍ 51 റൺസ് സ്വന്തമാക്കിയപ്പോൾ, അഖില്‍ സ്‌കറിയ 30 പന്തില്‍ 50 റൺസ് നേടി. സല്‍മാന്‍ നിസാര്‍ 17 പന്തില്‍ 24 റൺസ് നേടി. അന്‍ഫാല്‍ (13*), ഉമര്‍ അബൂബക്കര്‍ (10), അഭിജിത് പ്രവീണ്‍ (1) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കാലിക്കറ്റിനായി അഖിൽ ദേവ് രണ്ട് വിക്കറ്റ് വീഴ്ത്തി. നിഖിൽ എം, അഖിൽ സ്കറിയ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് 30 ലക്ഷം രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് 20 ലക്ഷം രൂപ സ്വന്തമാക്കി. സെമി ഫൈനലിസ്റ്റുകള്‍ക്ക് 5 ലക്ഷം രൂപ വീതമാണ് ലഭിക്കുക. കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ മോഹന്‍ലാല്‍, ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തുടങ്ങിയവര്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തു.