Shakib Al Hasan : കൊലക്കുറ്റം, കലാപം; ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷാക്കിബ് ഭയക്കുന്നതിനുള്ള കാരണങ്ങൾ
Why Shakib Al Hasan is Afraid to Return to Bangladesh : നാട്ടിലേക്ക് പോകുന്നത് അപകടമാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് തൻ്റെ അവസാന ടെസ്റ്റ് മത്സരമാവുമെന്നും ഷാക്കിബ് അൽ ഹസൻ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് താരം നാട്ടിലേക്ക് പോകാൻ ഭയക്കുന്നത്?
നാട്ടിൽ വിടവാങ്ങൽ മത്സരം കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇപ്പോൾ ഇന്ത്യക്കെതിരെ കാൺപൂരിൽ നടക്കുന്ന മത്സരം തൻ്റെ അവസാന ടെസ്റ്റാവുമെന്ന് മുൻ നായകൻ ഷാക്കിബ് അൽ ഹസൻ പറഞ്ഞിരുന്നു. നാട്ടിൽ പോവുക അപകടമാണെന്നും പോയാൽ തിരികെവരാൻ കഴിഞ്ഞേക്കില്ല എന്നും ഷാക്കിബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷാക്കിബ് നാട്ടിൽ പോകാൻ പേടിക്കുന്നതിനുള്ള കാരണങ്ങൾ ചെറുതല്ല.
കൊലക്കേസിൽ പ്രതിയാണ് ഷാക്കിബ് അൽ ഹസൻ. കുറച്ചുകാലം മുൻപ് ബംഗ്ലാദേശിൽ നടന്ന കലാപത്തിനിടെയുണ്ടായ കൊലപാതകക്കേസിൻ്റെ പ്രതിപ്പട്ടികയിൽ ഷാക്കിബും ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് മടങ്ങിയാൽ തൻ്റെ ജീവന് ഭീഷണിയായേക്കുമെന്നാണ് താരം കരുതുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ബംഗ്ലാദേശ് സ്വന്തം നാട്ടിൽ ഇനി കളിക്കുന്ന ടെസ്റ്റ് പരമ്പര. ഈ പരമ്പരയിൽ കളിക്കണമെന്ന ആഗ്രഹം താരം പങ്കുവച്ചിരുന്നു. എന്നാൽ, നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ സുരക്ഷയെപ്പറ്റി സംശയമുണ്ട്. തനിക്ക് മതിയായ സുരക്ഷ നൽകാൻ ക്രിക്കറ്റ് ബോർഡിന് കഴിഞ്ഞേക്കില്ല. അതിനുള്ള സുരക്ഷയൊരുക്കാൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുകയാണ് എന്നും ഷാക്കിബ് പറഞ്ഞു.
“ഞാൻ ബംഗ്ലാദേശ് പൗരനാണ്. അതുകൊണ്ട് തന്നെ തിരികെ ബംഗ്ലാദേശിലേക്ക് പോകാൻ എനിക്ക് കഴിയേണ്ടതാണ്. എൻ്റെ ആശങ്ക ബംഗ്ലാദേശിൽ എൻ്റെ സുരക്ഷയെപ്പറ്റിയാണ്. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊക്കെ ഈ ആശങ്കയുണ്ട്. എല്ലാം ശരിയാവുമെന്ന് കരുതുന്നു. എന്താവുമെന്നറിയില്ല. എനിക്കെതിരെ കേസുണ്ട്. എല്ലാവർക്കും അവരവരുടേതായ അവകാശങ്ങളുണ്ട്. എന്ത് കേസാണ് അതെന്നും ഞാൻ ആ സമയത്ത് എന്താണ് ചെയ്തിരുന്നതെന്നുമൊക്കെ നിങ്ങൾക്കറിയാം. അക്കാര്യത്തെപ്പറ്റി ഞാൻ കൂടുതൽ പറയുന്നില്ല. “- ഷാക്കിബ് പറഞ്ഞു.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ പാർട്ടിയിലെ എംപിയായിരുന്നു ഷാക്കിബ് അൽ ഹസൻ. ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ കലാപത്തിനിടെ നടന്ന കൊലപാതകത്തിൻ്റെ പ്രതിപ്പട്ടികയിലാണ് ഷാക്കിബും ഉൾപ്പെട്ടിരിക്കുന്നത്. മുഹമ്മദ് റുബെൽ എന്നയാളുടെ കൊലപാതകത്തിലാണ് ഷാക്കിബ് പ്രതിയായിരിക്കുന്നത്. പിതാവ് റഫീഖുൽ ഇസ്ലാമാണ് ഷാക്കിബിനെതിരെ കേസ് നൽകിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്.
ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കുകയാണെന്നും ഏകദിനത്തിൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗ് വരെ കളി തുടരും എന്നുമാണ് ഷാക്കിബ് അറിയിച്ചത്. സ്വന്തം നാട്ടിലെ ആരാധകർക്ക് മുന്നിൽ ടെസ്റ്റ് കരിയർ മതിയാക്കാനാണ് ആഗ്രഹം. പക്ഷേ, അത് നടക്കുമോ എന്നറിയില്ല. മുഖ്യ സെലക്ടറോടും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റിനോടും സംസാരിച്ചിരുന്നു. പുതിയ കളിക്കാർക്ക് വരാൻ ഏറ്റവും പറ്റിയ സമയം ഇതാണ് എന്നും ഷാക്കിബ് പറഞ്ഞിരുണ്ണു.
ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച താരമായ ഷാക്കിബ് അൽ ഹസൻ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം ലോകത്തിലെ വിവിധ ടി20 ലീഗുകളിൽ കളിച്ചിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് ഏറ്റവുമധികം തവണ ഐപിഎൽ ജഴ്സിയണിഞ്ഞത്. ഒരു സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായും കളിച്ചു. ഏറെക്കാലം ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടറായിരുന്നു. 2007ലെ ആദ്യ എഡിഷൻ മുതൽ എല്ലാ ടി20 ലോകകപ്പുകളിലും കളിച്ചിട്ടുണ്ട്. 129 ടി20 മത്സരങ്ങളിൽ താരം ബംഗ്ലാദേശിനായി കളത്തിലിറങ്ങി. 121.18 സ്ട്രൈക്ക് റേറ്റിൽ 2551 റൺസും 149 വിക്കറ്റും ടി20യിൽ താരത്തിനുണ്ട്.
Also Read : India VS Bangaladesh: കാൺപൂരിൽ ഇന്ന് രണ്ടാം ടെസ്റ്റ്; ഇന്ത്യക്ക് ടോസ്, ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ചു
ബംഗ്ലാദേശിനായി 70 ടെസ്റ്റിൽ ജഴ്സിയണിഞ്ഞ താരം അഞ്ച് സെഞ്ചുറികളും 31 ഹാഫ് സെഞ്ചുറികളും നേടി. 4600 റൺസ് ആണ് താരത്തിൻ്റെ സമ്പാദ്യം. ബംഗ്ലാദേശ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ മൂന്നാമതാണ് ഷാക്കിബ്. ടെസ്റ്റിൽ 242 വിക്കറ്റുകളുള്ള താരം ബംഗ്ലാദേശ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ താരം കൂടിയാണ്.
മഴയെതുടർന്ന് ആദ്യ ദിനം നേരത്തെ കളിനിർത്തുമ്പോൾ ബംഗ്ലാദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിലാണ്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് ആർ സ്വന്തമാക്കി. ബംഗ്ലാദേശിനായി 40 റൺസ് നേടിയ മോമിനുൽ ഹഖ് ക്രീസിൽ തുടരുകയാണ്.