IPL 2025: അഭിമാന പോരാട്ടത്തിന് ചെന്നൈ; ടോപ്പ് ടു ലക്ഷ്യമിട്ട് പഞ്ചാബ്: ഇന്ന് കളി പൊടിപാറും
CSK vs PBKS Match Preview: ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിൽ മത്സരം. ചെന്നൈ ഇതിനകം ടൂർണമെൻ്റിൽ നിന്ന് പുറത്തായി. ആദ്യ രണ്ട് സ്ഥാനങ്ങളാണ് പഞ്ചാബ് കിംഗ്സിൻ്റെ ലക്ഷ്യം.

സിഎസ്‌കെ - പിബികെഎസ്
ഐപിഎലിൽ ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സും പഞ്ചാബ് കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞ ചെന്നൈ ഇന്ന് അഭിമാന പോരാട്ടത്തിനായാണ് ഇറങ്ങുന്നത്. പഞ്ചാബ് കിംഗ്സ് ആവട്ടെ ടോപ്പ് ടു ലക്ഷ്യമിട്ടാണ് ഇന്ന് കളിക്കുക. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി 7.30ന് മത്സരം ആരംഭിക്കും.
ലേലത്തിൽ അബദ്ധങ്ങൾ മാത്രം ചെയ്ത ചെന്നൈ മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ കളിയ്ക്ക് ശേഷം ഇതുവരെ നിവർന്നുനിന്നിട്ടില്ല. ഇടയ്ക്ക് ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ തോല്പിച്ചെങ്കിലും 9 മത്സരങ്ങളിൽ കേവലം രണ്ട് ജയം മാത്രമാണ് ചെന്നൈയ്ക്കുള്ളത്. നാല് പോയിൻ്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് ചെന്നൈ. ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രെ, ഷെയ്ഖ് റഷീദ് എന്നീ പകരക്കാരാണ് ചെന്നൈ ബാറ്റിംഗ് നിരയുടെ കരുത്തെന്നത് ചെന്നൈയുടെ ലേലതന്ത്രത്തിലെ പ്രശ്നങ്ങൾ തെളിയിക്കുന്നു. ശിവം ദുബെയും ചില നല്ല പ്രകടനങ്ങൾ നടത്തി. ആദ്യ ചില മത്സരങ്ങൾക്ക് ശേഷം നൂർ അഹ്മദ് നിറം മങ്ങിയതും മതീഷ പതിരന തുടരെ നിരാശപ്പെടുത്തുന്നതും ചെന്നൈയ്ക്ക് തിരിച്ചടിയാണ്. മാറ്റമില്ലാത്ത ഇലവനാവും ഇന്ന്.
Also Read: IPL 2025: ‘അത് വൈഭവിൻ്റെ ഭാഗ്യദിനം’; ശുഭ്മൻ ഗില്ലിൻ്റെ പ്രസ്താവനയ്ക്കെതിരെ വിമർശനം
പഞ്ചാബ് കിംഗ്സ് ലേലത്തിൽ നന്നായി ഇടപെട്ടു. അത് കാണാനുമുണ്ട്. 9 മത്സരങ്ങളിൽ അഞ്ച് ജയം സഹിതം 11 പോയിൻ്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രൻ സിംഗ് നേഹൽ വധേര എന്നിവരാണ് ബാറ്റിംഗിലെ വിശ്വസ്ഥർ. നന്നായി തുടങ്ങിയെങ്കിലും ശ്രേയാസ് അയ്യർക്ക് പിന്നീട് ഫോം നഷ്ടമായി. ഗ്ലെൻ മാക്സ്‌വൽ തുടരെ നിരാശപ്പെടുത്തുന്നതും ശശാങ്ക് സിംഗ് ഫോമിൽ ആവാത്തതുമൊക്കെയാണ് ടീമിൻ്റെ തിരിച്ചടി. യുസ്‌വേന്ദ്ര ചഹാലും ഫോമിലല്ല. പഞ്ചാബ് നിരയിലും മാറ്റമുണ്ടായേക്കില്ല.