AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഓപ്പണറായിട്ടും പന്തിന് രക്ഷയില്ല; വീണ്ടും ലഖ്‌നൗവിനെ തോളിലേറ്റി പൂരനും മര്‍ക്രമും

Lucknow Super Giants win by 6 wickets: ലഖ്‌നൗ ഓപ്പണര്‍മാര്‍ നല്‍കിയ ക്യാച്ചിനുള്ള അവസരങ്ങള്‍ ഒന്നിലേറെ തവണ ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. ഈ അവസരം മുതലാക്കിയ മര്‍ക്രം തകര്‍ത്തടിച്ച് അര്‍ധ സെഞ്ചുറി നേടി. മികച്ച തുടക്കമാണ് ഓപ്പണിങ് വിക്കറ്റില്‍ ലഖ്‌നൗവിന് ലഭിച്ചത്

IPL 2025: ഓപ്പണറായിട്ടും പന്തിന് രക്ഷയില്ല; വീണ്ടും ലഖ്‌നൗവിനെ തോളിലേറ്റി പൂരനും മര്‍ക്രമും
എയ്ഡന്‍ മര്‍ക്രമും, നിക്കോളാസ് പുരനും Image Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Apr 2025 | 07:44 PM

വിദേശതാരങ്ങളുടെ കരുത്തില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ ആറു വിക്കറ്റിനാണ് ലഖ്‌നൗ തകര്‍ത്തത്. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ്-20 ഓവറില്‍ ആറു വിക്കറ്റിന് 180. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്-19.3 ഓവറില്‍ നാല് വിക്കറ്റിന് 186. മിച്ചല്‍ മാര്‍ഷിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ ഋഷഭ് പന്താണ് എയ്ഡന്‍ മര്‍ക്രമിനൊപ്പം ഓപ്പണറായി ഇറങ്ങിയത്. ലഖ്‌നൗ ഓപ്പണര്‍മാര്‍ നല്‍കിയ ക്യാച്ചിനുള്ള അവസരങ്ങള്‍ ഒന്നിലേറെ തവണ ഗുജറാത്ത് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തി. ഈ അവസരം മുതലാക്കിയ മര്‍ക്രം തകര്‍ത്തടിച്ച് അര്‍ധ സെഞ്ചുറി നേടി. മികച്ച തുടക്കമാണ് ഓപ്പണിങ് വിക്കറ്റില്‍ ലഖ്‌നൗവിന് ലഭിച്ചത്.

6.2 ഓവറില്‍ 65 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ലഖ്‌നൗ സ്വന്തമാക്കിയത്. 18 പന്തില്‍ 21 റണ്‍സെടുത്ത പന്തിന്റെ വിക്കറ്റാണ് ലഖ്‌നൗവിന് ആദ്യം നഷ്ടമായത്. ഇമ്പാക്ട് പ്ലയറായെത്തിയ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ വാഷിങ്ടണ്‍ സുന്ദറിന് ക്യാച്ച് നല്‍കി പന്ത് പുറത്തായി. ഉഗ്രന്‍ ഫോമിലുള്ള നിക്കോളാസ് പുരനാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. പതിവുപോലെ ബൗളര്‍മാരോട് ഒരു കരുണയുമില്ലാതെ പൂരന്‍ സിക്‌സര്‍ മഴ പെയ്യിച്ചു.

മര്‍ക്രം ഉറച്ച പിന്തുണ നല്‍കി. 28 പന്തില്‍ 58 റണ്‍സാണ് ഈ സഖ്യം ലഖ്‌നൗ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 31 പന്തില്‍ 58 റണ്‍സെടുത്ത മര്‍ക്രമിനെ പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയെങ്കിലും ഇതിനകം ലഖ്‌നൗ വിജയം ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ലഖ്‌നൗവിന്റെ ഇമ്പാക്ട് പ്ലയറായെത്തിയ ആയുഷ് ബദോനിയെ ഒരു വശത്ത് സാക്ഷിയാക്കി പൂരന്‍ വീണ്ടും അടിച്ചുതകര്‍ത്തു. 34 പന്തില്‍ ഏഴ് സിക്‌സറുകളുടെയും, ഒരു ഫോറിന്റെയും അകമ്പടിയോടെ 61 റണ്‍സെടുത്താണ് താരം മടങ്ങിയത്. റാഷിദ് ഖാനായിരുന്നു വിക്കറ്റ്. ഡേവിഡ് മില്ലറിന് തിളങ്ങാനായില്ല. 11 പന്തില്‍ ഏഴ് റണ്‍സെടുത്ത മില്ലറിനെ വാഷിങ്ടണ്‍ സുന്ദര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

അബ്ദുല്‍ സമദും-മൂന്ന് പന്തില്‍ രണ്ട്, ബദോനിയും-20 പന്തില്‍ 28 പുറത്താകാതെ നിന്നു. 38 പന്തില്‍ 60 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലിന്റെയും, 37 പന്തില്‍ 56 റണ്‍സെടുത്ത സായ് സുദര്‍ശന്റെയും പ്രകടനമികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഈ വിജയത്തോടെ ലഖ്‌നൗ മൂന്നാമതെത്തി. ഗുജറാത്ത് രണ്ടാമതാണ്. ഇരുടീമുകള്‍ക്കും ആറു മത്സരങ്ങളില്‍ നിന്ന് നാലു വീതം ജയവും രണ്ട് തോല്‍വിയുമാണ് സമ്പാദ്യം.

Read Also : IPL 2025: ഈ ചെക്കന്‍ ഇത് എന്തു ഭാവിച്ചാ ! സായ് സുദര്‍ശന് നാലാം അര്‍ധ സെഞ്ചുറി; ലഖ്‌നൗവിന് വേണം 181 റണ്‍സ്‌

ഓപ്പണറായിട്ടും പന്തിന് രക്ഷയില്ല

മകളുടെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മിച്ചല്‍ മാര്‍ഷ് ഇന്ന് ലഖ്‌നൗ ടീമിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മര്‍ക്രമിനൊപ്പം പന്ത് ഓപ്പണറാവുകയായിരുന്നു. ഓപ്പണറായിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. 18 പന്തില്‍ 21 റണ്‍സാണ് താരം നേടിയത്. നാല് ബൗണ്ടറികള്‍ നേടിയെങ്കിലും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ താരത്തിന് ബാറ്റ് ചെയ്യാനായില്ല.