IPL 2025: ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് പഞ്ചാബ് കിംഗ്സ്; ശ്രേയാസിൻ്റെ നേതൃത്വത്തിൽ പ്ലേ ഓഫ് യോഗ്യത
Punjab Kings Qualifies For Play Offs: ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് പഞ്ചാബ് കിംഗ്സ് ഐപിഎൽ പ്ലേ ഓഫിൽ. ഗുജറാത്ത് ടൈറ്റൻസ് ഡൽഹി ക്യാപിറ്റൽസിനെ തോല്പിച്ചപ്പോഴാണ് പഞ്ചാബ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.

11 വർഷത്തിന് ശേഷം പ്ലേ ഓഫിലെത്തി പഞ്ചാബ് കിംഗ്സ്. 2014 സീസണ് ശേഷം ഇതാദ്യമായാണ് പഞ്ചാബ് കിംഗ്സ് പ്ലേ ഓഫിലെത്തുന്നത്. ഈ മാസം 18ന് വൈകുന്നേരം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോല്പിച്ച് പ്ലേ ഓഫിനരികെയെത്തിയ പഞ്ചാബ് ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് ടൈറ്റൻസ് വീഴ്ത്തിയതോടെ പ്ലേ ഓഫ് ഉറപ്പിച്ചു. പഞ്ചാബിനൊപ്പം ഗുജറാത്തും ബെംഗളൂരുവും പ്ലേ ഓഫിലെത്തി.
പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ചതോടെ മൂന്ന് ടീമുകളെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡും ശ്രേയാസ് കുറിച്ചു. 2019, 2020 സീസണിൽ ഡൽഹി ക്യാപിറ്റൽസിനെയും 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് മുൻപ് ശ്രേയാസ് പ്ലേ ഓഫിലെത്തിച്ചത്. പഞ്ചാബിന് നിലവിൽ 12 മത്സരങ്ങളിൽ നിന്ന് എട്ട് ജയം സഹിതം 17 പോയിൻ്റുണ്ട്.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 10 റൺസിനാണ് പഞ്ചാബ് കിംഗ്സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 219 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Also Read: IPL 2025: കൊല്‍ക്കത്തയുടെ മോഹങ്ങള്‍ മഴയില്‍ ഒലിച്ചു; പ്ലേ ഓഫ് കാണാതെ നിലവിലെ ചാമ്പ്യന്‍മാര്‍
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിൽ പതറിയ പഞ്ചാബിനെ 37 പന്തിൽ 70 റൺസ് നേടിയ നേഹൽ വധേരയാണ് മികച്ച സ്കോറിലെത്തിച്ചത്. ശശാങ്ക് സിംഗും (30 പന്തിൽ 59 നോട്ടൗട്ട്) തിളങ്ങി. മറുപടിയായി യശസ്വി ജയ്സ്വാളും (25 പന്തിൽ 50) വൈഭവ് സൂര്യവൻശിയും (15 പന്തിൽ 40) ഗംഭീര തുടക്കം നൽകിയെങ്കിലും പിന്നീട് അത് മുതലെടുക്കാൻ രാജസ്ഥാന് സാധിച്ചില്ല. 31 പന്തിൽ 53 റൺസ് നേടിയ ധ്രുവ് ജുറേൽ തിളങ്ങിയെങ്കിലും രാജസ്ഥാന് ലക്ഷ്യം ഭേദിക്കാനായില്ല. നാല് ഓവറിൽ കേവലം 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാർ ആണ് രാജസ്ഥാൻ റോയൽസിനെ തകർത്തത്.
പ്ലേ ഓഫിൽ നിന്ന് നേരത്തെ പുറത്തായ രാജസ്ഥാന് 13 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം സഹിതം ആറ് പോയിൻ്റ് മാത്രമാണുള്ളത്. പോയിൻ്റ് പട്ടികയിൽ 9ആം സ്ഥാനത്താണ് രാജസ്ഥാൻ. സീസണിൽ പ്രമുഖ താരങ്ങളുടെ മോശം ഫോമും ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ പരിക്കുമാണ് രാജസ്ഥാന് തിരിച്ചടിയായത്. അടുത്ത സീസണിൽ സഞ്ജു ടീം വിടുമെന്ന അഭ്യൂഹം ശക്തമാണ്.