IPL 2025: ‘ഡുപ്ലെസി ഷൂ പോലും ഇട്ടിരുന്നില്ല; ഞങ്ങളെ വാനുകളിൽ തള്ളിക്കയറ്റി പറഞ്ഞുവിട്ടു’: ധരംശാലയിൽ സംഭവിച്ചത് വിവരിച്ച് അലീസ ഹീലി
Alyssa Healy About PBKS vs DC Game: ധരംശാല സ്റ്റേഡിയത്തിൽ നിന്ന് തങ്ങളെ നിർബന്ധപൂർവം ഒഴിപ്പിക്കുകയായിരുന്നു എന്ന് ഓസീസ് വനിതാ ടീം ക്യാപ്റ്റൻ അലിസ ഹീലി. ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ ഭാര്യയായ ഹീലിയും പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനിടെ ധരംശാലയിൽ ഉണ്ടായിരുന്നു.

പഞ്ചാബ് കിംഗ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് ഐപിഎൽ സീസൺ നിർത്തിവച്ചത്. പഞ്ചാബ് കിംഗ്സ് 10 ഓവർ ബാറ്റ് ചെയ്തപ്പോൾ ഫ്ലഡ്ലൈറ്റ് ഓഫ് ചെയ്ത് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ഈ സമയത്ത് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം മിച്ചൽ സ്റ്റാർകിൻ്റെ ഭാര്യയും ഓസീസ് വനിതാ ടീം ക്യാപ്റ്റൻ അലിസ ഹീലിയും സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഈ സമയത്ത് നടന്നത് എന്തെന്ന് ഹീലി വില്ലോ ടോക്ക് എന്ന പോഡ്കാസ്റ്റിലൂടെ വെളിപ്പെടുത്തി.
“ചില ലൈറ്റ് ടവറുകൾ ഓഫായി. ഞങ്ങൾ സ്റ്റേഡിയത്തിലിരിക്കുകയാണ്. കുറച്ച് സീറ്റുകൾ താഴെ ചിലർ പറയുന്നത് കേട്ടു, ‘ചിലപ്പോൾ സ്റ്റേഡിയം ഒഴിപ്പിക്കേണ്ടിവരും. കാരണം ലൈറ്റ് പോയി. താഴെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. നമ്മൾ കുറച്ചുസമയം കാത്തുനിൽക്കണം’ എന്ന്. ഞങ്ങളൊരു വലിയ സംഘമായിരുന്നു. കുടുംബാംഗങ്ങളും അധിക സപ്പോർട്ട് സ്റ്റാഫുകളുമൊക്കെയാണ് ഉണ്ടായിരുന്നത്. അടുത്ത മിനിട്ടിൽ ഒരാൾ വന്നു. അയാളുടെ മുഖം വിളറിയിരുന്നു. ‘നമ്മൾ ഇപ്പോൾ തന്നെ പോകണം’ എന്ന് അയാൾ പറഞ്ഞു. ‘കുഴപ്പമില്ല, ബാക്കിയുള്ളവരെല്ലാം സ്റ്റേഡിയം വിട്ട് പോയിക്കഴിഞ്ഞ് നമ്മൾ ഇറങ്ങുന്നതാവും സുരക്ഷിതം’ എന്ന് ഞങ്ങൾ പറഞ്ഞു. കാരണം ഒരുപാട് പേർ ഒരേസമയം ഇറങ്ങിപ്പോവുകയാണല്ലോ.”- ഹീലി പറഞ്ഞു.




“അപ്പോൾ മറ്റൊരാൾ വന്നു. അയാളുടെ മുഖവും വിളറിയിരുന്നു. അയാൾ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുട്ടിയെ പിടിച്ചു. ‘നമ്മൾ ഇപ്പോൾ തന്നെ പോകണം’ എന്ന് അയാൾ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. അങ്ങനെ ഞങ്ങൾ താഴേക്ക് പോയി. ഞങ്ങളെ ഒരു മുറിയിലാക്കി. താരങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നു. ഡുപ്ലെസി ഷൂ പോലും ധരിച്ചിരുന്നില്ല. അവരെല്ലാവരും അവിടെ കാത്തുനിൽക്കുകയായിരുന്നു. അവരൊക്കെ ആശങ്കയിലായിരുന്നു. ഞാൻ സ്റ്റാർക്കിനോട് കാര്യമെന്താണെന്ന് ചോദിച്ചു. സ്റ്റാർക്ക് പറഞ്ഞു, ‘ഇവിടെ നിന്ന് 60 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് മിസൈൽ ആക്രമണം ഉണ്ടായി. എല്ലായിടത്തും ബ്ലാക്കൗട്ടാണ്’ എന്ന്. അതുകൊണ്ടാണ് ഫ്ലഡ്ലൈറ്റ് ഓഫ് ചെയ്തത്. ധരംശാല സ്റ്റേഡിയം ആ സമയത്ത് ഒരു ദീപം പോലെയായിരുന്നു. അതുകൊണ്ട് ഫ്ലഡ്ലൈറ്റ് അണച്ച് എല്ലാവരെയും ഒഴിപ്പിക്കുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ വാനുകളിൽ തള്ളിക്കയറ്റപ്പെട്ടു. തിരികെ ഹോട്ടലിലേക്ക് പോയി. ഞാൻ സഞ്ചരിച്ച ബസിൽ ശ്രേയാസ് അയ്യർ അടക്കം പഞ്ചാബ് താരങ്ങളുമുണ്ടായിരുന്നു. വേഗം വാനിൽ കയറി പോകൂ എന്നതായിരുന്നു.”- അവർ കൂട്ടിച്ചേർത്തു.