IPL 2025: അന്ന് ധോണിയെത്തിയപ്പോള്‍ ചെവി പൊത്താന്‍ തോന്നി; സഞ്ജുവിന്റെ വെളിപ്പെടുത്തല്‍
Sanju Samson about MS Dhoni: ചെന്നൈയുടെ മത്സരം ജയ്പുരില്‍ നടക്കുമ്പോഴും 'ധോണി ഇഫക്ട്' വേദികളെ മറികടക്കുമെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു. ചെന്നൈയിൽ സിഎസ്‌കെയെ നേരിടുമ്പോൾ മറ്റൊന്നും കാണാനോ കേൾക്കാനോ കഴിയില്ല. സിഎസ്‌കെ ജയ്പുരില്‍ കളിക്കാനെത്തുമ്പോഴും അവിശ്വസനീയമാണ് കാര്യങ്ങളെന്നും സഞ്ജു

സഞ്ജു സാംസണ്‍, എംഎസ് ധോണി
ഈ സീസണോടെ എം.എസ്. ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമോയെന്ന സംശയം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇതുസംബന്ധിച്ച് ധോണിയോ, ചെന്നൈ സൂപ്പര്‍ കിങ്‌സോ കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ, ധോണിയെക്കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞ ചില വാക്കുകള്‍ വൈറലാവുകയാണ്. ചെപ്പോക്കിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഉണ്ടായ രസകരമായ നിമിഷത്തെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടാണ് സഞ്ജു വെളിപ്പെടുത്തിയത്.
കഴിഞ്ഞ തവണ ചെപ്പോക്കില്‍ ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ കീപ്പിങ് ചെയ്യുകയായിരുന്ന തനിക്ക് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് സഞ്ജു പറഞ്ഞു. അതുകൊണ്ട് തനിക്ക് ചെവി പൊത്തണമെന്ന് തോന്നി. ധോണി ക്രീസിലെത്തിയപ്പോഴുണ്ടായ ആരാധകരുടെ ആവേശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സഞ്ജു. ധോണി ക്രീസിലുള്ളപ്പോള്‍ രണ്ട് ഓവറില്‍ 40 റണ്‍സ് വേണമെങ്കില്‍ പോലും ചെന്നൈയ്ക്ക് അത് സാധ്യമാകുമെന്ന് തോന്നിയെന്നും സഞ്ജു പറഞ്ഞു.
ചെന്നൈയുടെ മത്സരം ജയ്പുരില്‍ നടക്കുമ്പോഴും ‘ധോണി ഇഫക്ട്’ വേദികളെ മറികടക്കുമെന്ന് സഞ്ജു കൂട്ടിച്ചേര്‍ത്തു. ചെന്നൈയിൽ സിഎസ്‌കെയെ നേരിടുമ്പോൾ മറ്റൊന്നും കാണാനോ കേൾക്കാനോ കഴിയില്ല. സിഎസ്‌കെ ജയ്പുരില്‍ കളിക്കാനെത്തുമ്പോഴും അവിശ്വസനീയമാണ് കാര്യങ്ങള്‍. ഇത്രയും മികച്ച ഒരു താരത്തിന്റെ പ്രകടനം കാണാന്‍ പറ്റുന്നത് ഭാഗ്യമാണ്. ഇത് പ്രചോദനം നല്‍കുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
Read Also: IPL 2025: ഐപിഎല്‍ കലാശപ്പോരാട്ടം കൊല്‍ക്കത്തയില്‍ നിന്ന് മാറ്റി; ഫൈനലിന് പുതിയ വേദി
അതേസമയം, സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് രാജസ്ഥാന്റെ ശ്രമം. മെയ് 25ന് ഗുജറാത്തിനെതിരെയാണ് ചെന്നൈയുടെ അവസാന മത്സരം. പരിതാപകരമായ പ്രകടനമാണ് ഇരുടീമുകളും ഈ സീസണില്‍ പുറത്തെടുത്തത്. പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ രണ്ട് ടീമുകളും ചെന്നൈയും രാജസ്ഥാനുമാണ്.