IPL 2025: അന്ന് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ; ഇന്ന് ഐപിഎൽ അമ്പയർ: ജോലി കഠിനമെന്ന് തന്മയ് ശ്രീവാസ്തവ
Tanmay Srivastava Umpire In IPL: വിരാട് കോലിയുടെ മുൻ ടീമംഗവും 2008 അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ടോപ്പ് സ്കോററുമായ തന്മയ് ശ്രീവാസ്തവ ഇപ്പോൾ അമ്പയർ. ഈ ഐപിഎൽ സീസണിൽ താരം അമ്പയറായി കളി നിയന്ത്രിക്കും.
വിരാട് കോലിക്കൊപ്പം അണ്ടർ 19 ലോകകപ്പ് കളിച്ച തന്മയ് ശ്രീവാസ്തവ ഈ ഐപിഎൽ സീസണിൽ അമ്പയർ. 35കാരനായ തന്മയ് ശ്രീവാസ്തവ 2008 അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്നു. വിരാട് കോലിയുടെ നായകത്വത്തിന് കീഴിൽ ഇന്ത്യ കിരീടം നേടിയ ലോകകപ്പായിരുന്നു ഇത്. ശേഷം തന്മയുടെ ക്രിക്കറ്റ് കരിയർ പ്രതീക്ഷിച്ചതുപോലെ നന്നായില്ല.
അണ്ടർ 19 ലോകകപ്പിന് ശേഷം കോലിയെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയപ്പോൾ തന്മയ് ശ്രീവാസ്തവയ്ക്ക് കിംഗ്സ് ഇലവൻ പഞ്ചാബാണ് അവസരം നൽകിയത്. കോലി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ മാറിയപ്പോൾ തന്മയ് ശ്രീവാസ്തവയുടെ ഒന്നുമാവാതെ പോയി.
“എനിക്ക് ആവാൻ കഴിയുന്ന ഏറ്റവും നല്ല കളിക്കാരൻ അതായിരുന്നു എന്ന് ഞാൻ മനസിലാക്കി. ഐപിഎൽ കളിക്കാൻ യോഗ്യതയുള്ള കളിക്കാരനായിരുന്നില്ല ഞാൻ. ഒരു കളിക്കാരനെന്ന നിലയിൽ തുടരണോ മറ്റെന്തെങ്കിലും ചെയ്യണോ എന്ന് എനിക്ക് തീരുമാനിക്കണമായിരുന്നു.”- ശ്രീവാസ്തവ ടൈം ഓഫ് ഇന്ത്യയോട് പറഞ്ഞു.




ഉത്തരാഖണ്ഡ് ക്യാപ്റ്റനായിരിക്കെ, 30ആം വയസിലാണ് തന്മയ് ശ്രീവാസ്തവ തൻ്റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. ഉത്തരാഖണ്ഡിന് മുൻപ് താരം ഉത്തർ പ്രദേശിനായും കളിച്ചു. പിന്നീടാണ് താരം അമ്പയറിങിലേക്ക് തിരിഞ്ഞത്. ഐപിഎലിൽ ഓൺഫീൽഡ് അമ്പയർ റോൾ താരത്തിന് ഇതുവരെ നൽകിയിട്ടില്ല.
“കോലിയുമായി ഇപ്പോഴും ബന്ധമുണ്ട്. രാജീവ് ശുക്ല സാറിനോട് ക്രിക്കറ്റ് കളിയല്ലാതെ മറ്റെന്തെങ്കിലും ചെയ്യണമെന്ന് രാജീവ് ശുക്ല സാറിനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിശയിച്ചു. കാരണം ഞാൻ വെറും 30 വയസുകാരനായിരുന്നല്ലോ. പിന്നീടാണ് എന്ത് ചെയ്യാനാവുമെന്ന് ആലോചിച്ചത്. എൻസിഐയിൽ ഞാൻ ലെവൽ 2 കോച്ചിങ് കോഴ്സ് ചെയ്തതാണ്. പരിശീലന കരിയറിൽ പരമാധി എനിക്ക് ആവാൻ കഴിയുന്നത് ഫീൽഡിങ് കോച്ച് മാത്രമാണെന്ന് മനസിലാക്കിയപ്പോഴാണ് അമ്പയറിങ് തിരഞ്ഞെടുത്തത്. അമ്പയറിങിനായി പഠിക്കൽ വലിയ ബുദ്ധിമുട്ടാണ്.”- തന്മയ് പറഞ്ഞു.
അമ്പയറിങ് കരിയറിന് മുൻപ് ആർസിബിയുടെ ടാലൻ്റ് സ്കൗട്ടായും നാഷണൽ ക്രിക്കറ്റ് അക്കാദമി പരിശീലകനായുമൊക്കെ തന്മയ് പ്രവർത്തിച്ചിട്ടുണ്ട്. ക്വലാലംപൂരിൽ നടന്ന ഫൈനലിൽ തന്മയ് ശ്രീവാസ്തവ 46 റൺസെടുത്ത് പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയായിരുന്നു ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. രവീന്ദ്ര ജഡേജ, സൗരഭ് തിവാരി, മനീഷ് പാണ്ഡെ തുടങ്ങിയവരും ഈ ഇന്ത്യൻ ടീമിലുണ്ടായിരുന്നു.