IPL 2025: കഴിഞ്ഞ സീസൺ വെറും സാമ്പിൾ; ഇക്കുറി വെടിക്കെട്ടിന് ഒപ്പം കൂടാൻ ഇഷാൻ കിഷനും സച്ചിൻ ബേബിയും; സൺറൈസേഴ്സ് സെറ്റാണ്
IPL 2025 SRH Team Analysis: കഴിഞ്ഞ സീസണിലെ ബാറ്റിംഗ് കരുത്തിൽ ഇത്തവണ ഇഷാൻ കിഷൻ, സച്ചിൻ ബേബി, അഭിനവ് മനോഹർ എന്നിവരെക്കൂടി ഉൾപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് ശക്തി വർധിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബൗളിംഗ് അല്പം ക്ഷീണിച്ചിട്ടുണ്ട്. ടീം വിശകലനം.

കഴിഞ്ഞ സീസണിൽ എക്സ്പ്ലോസിവ് ബാറ്റിംഗ് ആയിരുന്നു സൺറൈസേഴ്സിൻ്റെ സവിശേഷത. ഫൈനൽ വരെ ഈ തന്ത്രം കൃത്യമായി മുന്നോട്ടുപോവുകയും ചെയ്തു. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, രാഹുൽ ത്രിപാഠി, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ൻറിച് ക്ലാസൻ, അബ്ദുൽ സമദ് എന്നിങ്ങനെ നീളുന്ന വെടിക്കട്ട് പുരയിൽ എയ്ഡൻ മാർക്രത്തിൻ്റേത് മാത്രമായിരുന്നു സമാധാനത്തിൻ്റെ പാത. ത്രിപാഠിയും ഏറെക്കുറെ ഈ ബാറ്റിംഗ് നിരയിൽ ഔട്ട് ഓഫ് പ്ലേസ് ആയിരുന്നു. ഈ ബാറ്റിംഗ് നിര കൊണ്ട് ഹൈദരാബാദ് പടുകൂറ്റൻ സ്കോറുകളും പല റെക്കോർഡുകളും തിരുത്തി. ഇത്തവണ അത് കുറച്ചുകൂടി ശക്തമായ നിലയിൽ തുടരുമെന്നാണ് ടീം വിശകലനം ചെയ്യുമ്പോൾ മനസിലാവുന്നത്.
കഴിഞ്ഞ സീസണിൽ ബാറ്റിംഗ് നിരയിലെ രണ്ട് വിടവുകൾ ഇത്തവണ മറ്റ് രണ്ട് പേരുകൾ കൊണ്ട് ഹൈദരാബാദ് അടച്ചു. ഇഷാൻ കിഷനും അഭിനവ് മനോഹറും. രണ്ട് പേരും ആക്രമണത്തിൻ്റെ രീതി മാത്രം അറിയുന്നവർ. അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെയ്ൻറിച് ക്ലാസൻ, അഭിനവ് മനോഹർ എന്നാവും ഇത്തവണത്തെ ബാറ്റിംഗ് ഡെപ്ത്. അഭിനവിന് പകരം സച്ചിൻ ബേബിയെ പരീക്ഷിച്ചാലും ആക്രമണഫലം കുറയില്ല. അഥർവ തായ്ഡെ, അനികേത് ശർമ്മ, കമിന്ദു മെൻഡിസ് തുടങ്ങിയ ബാക്കപ്പ് ഓപ്ഷനുകളും സമാധാനപ്രിയരല്ല.
ബൗളിംഗിലേക്ക് വരുമ്പോൾ നടരാജൻ്റെയും ഭുവനേശ്വർ കുമാറിൻ്റെയും അഭാവം വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്. എന്നാൽ, പകരം നല്ല ഓപ്ഷനുകൾ തന്നെ ടീമിലെത്തിയിട്ടുണ്ട്. മുഹമ്മദ് ഷമി, സിമർജീത് സിംഗ്, ഇഷാൻ മലിംഗ, ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട് തുടങ്ങിയവരാണ് ഫാസ്റ്റ് ബൗളിംഗ് ഓപ്ഷനുകൾ. ആദം സാമ്പ, രാഹുൽ ചഹാർ തുടങ്ങിയ ബൗളിംഗ് ഓപ്ഷനുകളും ഹൈദരാബാദിനുണ്ട്.




Also Read: IPL 2025: സഞ്ജുവിൻ്റെ രാജസ്ഥാന് പ്രശ്നം ബൗളിംഗിൽ; ഇത്തവണയെങ്കിലും കിരീടനേട്ടത്തിലെത്തുമോ?
ബാറ്റിംഗ് ഹെവി യൂണിറ്റെന്ന സമീപകാല പതിവ് തന്നെയാണ് ഇത്തവണയും ഹൈദരാബാദ് തുടരുക. ഒന്നാം പന്ത് മുതൽ അവസാന പന്ത് വരെ നീളുന്ന തൂക്ക്. അതുകൊണ്ട് തന്നെ ബൗളിംഗ് കുറച്ച് മോശമായിട്ടുണ്ട്. ഏത് ടോട്ടലും മറികടക്കാനാവുന്ന ബാറ്റിംഗ് നിര മോശം ബൗളിംഗ് നിരയുടെ ദൗർബല്യം മറയ്ക്കുമെന്നാവും മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ. ഈ മാസം 23ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസിനെതിരെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് കളത്തിലിറങ്ങുക. ഹൈദരാബാദിൻ്റെ തട്ടകമായ ഉപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം.