AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajasthan Royals: ഈ സ്‌ക്വാഡുമായി രാജസ്ഥാന്‍ റോയല്‍സ് എന്തു ചെയ്യാനാണ് ? ആരാധകര്‍ ചോദിക്കുന്നതിലും കാര്യമുണ്ട്; സഞ്ജു പാടുപെടും

Ipl Auction Rajasthan Royals: ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മാത്രമാണ് ഇത്തവണ റോയല്‍സിന്റെ ആശ്രയം. തുടക്കത്തില്‍ തകര്‍ച്ച നേരിട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കെല്‍പുള്ളവര്‍ ബാറ്റിങ് നിരയിലുണ്ടോയെന്നതിലാണ് പ്രധാന ആശങ്ക

Rajasthan Royals: ഈ സ്‌ക്വാഡുമായി രാജസ്ഥാന്‍ റോയല്‍സ് എന്തു ചെയ്യാനാണ് ? ആരാധകര്‍ ചോദിക്കുന്നതിലും കാര്യമുണ്ട്; സഞ്ജു പാടുപെടും
സഞ്ജു സാംസണ്‍ (image credits: PTI)
Jayadevan AM
Jayadevan AM | Updated On: 26 Nov 2024 | 07:14 PM

അങ്ങനെ ഐപിഎല്‍ താരലേലം പൂര്‍ത്തിയായി. പൊന്നുംവില കൊടുത്ത് താരങ്ങളെ ഫ്രാഞ്ചെസികള്‍ വാരിക്കൂട്ടി. കൊള്ളാമെന്നും, പോരായെന്നും ഭിന്നാഭിപ്രായമുള്ള ലേലതീരുമാനങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ‘സ്ട്രാറ്റജി’യാണ് ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെയാണ് ഫ്രാഞ്ചെസി നിലനിര്‍ത്തിയത്. സഞ്ജുവും, ജയ്‌സ്വാളും ടീമില്‍ തുടരുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മറ്റ് തീരുമാനങ്ങളായിരുന്നു സര്‍പ്രൈസുകള്‍.

ജോസ് ബട്ട്‌ലര്‍, ട്രെന്‍ഡ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ തുടങ്ങിയവരെ വിട്ടുകളഞ്ഞത് ആരാധകരെ പ്രകോപിതരാക്കി. അതില്‍ തന്നെ ബട്ട്‌ലറെ ഒഴിവാക്കിയതിലായിരുന്നു കൂടുതല്‍ നീരസം. ഹെറ്റ്‌മെയര്‍ക്ക് പകരം ബട്ട്‌ലര്‍ പോരായിരുന്നോ എന്നായിരുന്നു ചോദ്യങ്ങളിലേറെയും.

ബട്ട്‌ലറെ ഒഴിവാക്കിയതിലൂടെ തന്നെ ടീമിന്റെ ഒരു പദ്ധതി മറനീക്കി പുറത്തുവന്നു. അടുത്ത സീസണില്‍ സഞ്ജുവും, ജയ്‌സ്വാളിയിരിക്കും ഓപ്പണര്‍മാരെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഓപ്പണിങ്ങില്‍ വെടിക്കെട്ട് തീര്‍ക്കാന്‍ പ്രാപ്തരാണ് രണ്ട് പേരും. ആ തിരിച്ചറിവില്‍ ആരാധകര്‍ ഒടുവില്‍ സമാധാനിച്ചു. ലേലത്തിലെ സര്‍പ്രൈസുകള്‍ക്കായി കാത്തിരുന്നു.

അവിടെയായിരുന്നു ട്വിസ്റ്റ്. ആദ്യ ദിനം ലേലവിളി കൊടുമ്പിരി കൊള്ളുമ്പോഴും രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പില്‍ മാത്രം പ്രത്യേകിച്ച് ആവേശം കണ്ടില്ല. ടീം മാനേജ്‌മെന്റ് ഉറങ്ങിപ്പോയോ എന്ന് ആരാധകര്‍ കരുതിയ നിമിഷം. ഒടുവില്‍ ജോഫ്രെ ആര്‍ച്ചറെ ടീമിലെത്തിച്ച് റോയല്‍സ് ആദ്യ ലേലവെടി പൊട്ടിച്ചു.

12.5 കോടി രൂപയ്ക്കാണ് ആര്‍ച്ചറെ റോയല്‍സ് തിരികെയെത്തിച്ചത്. പവര്‍ പ്ലേയിലടക്കം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന, മികച്ച പേസില്‍ ബാറ്റര്‍മാരെ കുഴപ്പിക്കാന്‍ പ്രാപ്തിയുള്ള താരമാണ് ആര്‍ച്ചറെന്നതില്‍ തര്‍ക്കമില്ല. തരക്കേടില്ലാത്ത രീതിയില്‍ ബാറ്റു ചെയ്യും. പക്ഷേ, എപ്പോഴും പരിക്കിന്റെ പിടിയിലാകുന്നതാണ് ഒരു പ്രശ്‌നം.

ആകാശ് മധ്വാല്‍, അശോക് ശര്‍മ, ധ്രുവ് ജൂറല്‍, ഫസല്‍ഹഖ് ഫറൂഖി, കുമാര്‍ കാര്‍ത്തികേയ സിങ്, കുണാല്‍ റാത്തോര്‍, ക്വെന മഫാക്ക, മഹീഷ് തീക്ഷണ, നിതീഷ് റാണ, ശുഭം ദുബെ, തുഷാര്‍ ദേശ്പാണ്ഡെ, വൈഭവ് സൂര്യവന്‍ശി, വനിന്ദു ഹസരങ്ക, യുധ്‌വിര്‍ ചറക്ക്‌ എന്നിരാണ് റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

ഇതില്‍ തീക്ഷണ, ഹസരങ്ക, ഫാറൂഖി, കാര്‍ത്തികേയ തുടങ്ങിയവരൊക്കെ നല്ല ബൗളിങ് ഓപ്ഷനുകളാണ്. റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടാറില്ലെങ്കിലും ദേശ്പാണ്ഡെ വിക്കറ്റ് ടേക്കറാണ്. അണ്ടര്‍ 19 ലോകകപ്പില്‍ തിളങ്ങിയ താരമായ മഫാക്ക സീനിയര്‍ ടൂര്‍ണമെന്റുകളില്‍ ഇതുവരെ അത്ര തിളങ്ങിയിട്ടില്ല. എങ്കിലും രാജസ്ഥാന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് തരക്കേടില്ലാത്തതാണ്.

എന്നാല്‍ ടോപ് ഓര്‍ഡറില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മാത്രമാണ് ഇത്തവണ റോയല്‍സിന്റെ ആശ്രയം. തുടക്കത്തില്‍ തകര്‍ച്ച നേരിട്ടാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കെല്‍പുള്ളവര്‍ ബാറ്റിങ് നിരയിലുണ്ടോയെന്നതിലാണ് പ്രധാന ആശങ്ക. ആറു വിദേശ താരങ്ങളെ മാത്രമാണ് ഇത്തവണ ടീമിലെത്തിച്ചത്. മികച്ച ഇലവനെ കളത്തിലിറക്കുന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ സഞ്ജു സാംസണിനും വെല്ലുവിളിയായിരിക്കും. എങ്കിലും വിലയിരുത്തലുകള്‍ക്കുമപ്പുറം മികച്ച പ്രകടനം പുറത്തെടുക്കാന്‍ റോയല്‍സിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.