AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: നോട്ടമിട്ടാല്‍ സ്വന്തമാക്കും, എത്ര മുടക്കാനും മടിയില്ലാതെ ഫ്രാഞ്ചെസികള്‍; ഐപിഎല്ലിലെ ലേലറെക്കോഡിന് സാക്ഷിയായി ജിദ്ദ

Ipl Auction Record ഫ്രാഞ്ചെസികള്‍ കോടികള്‍ വാരിയെറിയുന്നു. കായിക വിനോദത്തിലുപരി ഐപിഎല്‍ എങ്ങനെ കോടികളുടെ കളിവേദിയാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ചകളും കണക്കുകളും.

IPL Auction 2025: നോട്ടമിട്ടാല്‍ സ്വന്തമാക്കും, എത്ര മുടക്കാനും മടിയില്ലാതെ ഫ്രാഞ്ചെസികള്‍; ഐപിഎല്ലിലെ ലേലറെക്കോഡിന് സാക്ഷിയായി ജിദ്ദ
ഐപിഎല്‍ താരലേലം (image credits-screengrab/ipl facebook page)
Jayadevan AM
Jayadevan AM | Published: 25 Nov 2024 | 07:41 PM

ജിദ്ദ: ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ഭീമന്‍ തുകകളാണ് ജിദ്ദയില്‍ നടക്കുന്ന താരലേലത്തില്‍ ഫ്രാഞ്ചെസികള്‍ താരങ്ങള്‍ക്കായി മുടക്കുന്നത്. അതിന് ഫലവും കണ്ടു ! ഐപിഎല്‍ ലേലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതിന്റെ റെക്കോഡിനാണ് സൗദി അറേബ്യയിലെ ജിദ്ദ സാക്ഷിയായത്.

ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ഇതുവരെ 94 താരങ്ങള്‍ക്കായി 555.4 കോടി രൂപയാണ് 10 ഫ്രാഞ്ചെസികള്‍ ചെലവഴിച്ചത്. ഈ കണക്കുകള്‍ അന്തിമമല്ല. ലേലം ഇനിയും അവസാനിച്ചിട്ടില്ലാത്തതിനാല്‍ തുക ഇനിയും വര്‍ധിക്കുമെന്ന് ഉറപ്പ്. ഐപിഎല്‍ 2022 മെഗാ ലേലത്തില്‍ ചെലവഴിച്ച 551.7 കോടി രൂപയാണ് ഇതുവരെയുണ്ടായിരുന്ന റെക്കോഡ്. ആ റെക്കോഡാണ് ജിദ്ദയില്‍ പഴങ്കഥയാകുന്നത്.

ഫ്രാഞ്ചെസികള്‍ കോടികള്‍ വാരിയെറിയുന്നുവെന്ന് ചുരുക്കം. കായിക വിനോദത്തിലുപരി ഐപിഎല്‍ എങ്ങനെ കോടികളുടെ കളിവേദിയാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ കാഴ്ചകളും കണക്കുകളും.

കൂടുതല്‍ കൊണ്ടുപോയത് ഋഷഭ് പന്ത്‌

സൗദി അറേബ്യയിലെ ജിദ്ദയിലെ അബാദി അൽ-ജോഹർ അരീനയിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലം ചരിത്രപ്പട്ടികയില്‍ ഇടം നേടുകയാണ്. താരലേലത്തിന്റെ ആദ്യ ദിവസം തന്നെ ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ 27 കോടി രൂപയ്ക്ക് സ്വന്തമാക്കി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യ ഞെട്ടല്‍ സമ്മാനിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.

ഈ നേട്ടപ്പട്ടികയില്‍ രണ്ടാമതുള്ളത് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ശ്രേയസിനെ പഞ്ചാബ് കിങ്‌സ് റാഞ്ചിയത് 26.75 കോടി രൂപയ്ക്ക്. ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമെന്ന റെക്കോഡ് കുറച്ചുകാലത്തേക്കെങ്കിലും ശ്രേയസിന് സ്വന്തമെന്ന് കരുതിയ നിമിഷം. പക്ഷേ, ആ ചിന്തകള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. തൊട്ടുപിന്നാലെ തന്നെ ഋഷഭ് പന്ത് ആ റെക്കോഡ് കൊണ്ടുപോയി.

ഐപിഎല്‍ 2025 മെഗാതാരലേലം ആരംഭിക്കുന്നതിന് മുമ്പ് ഈ നേട്ടം ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് സ്വന്തമായിരുന്നു. കഴിഞ്ഞ തവണ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയപ്പോഴാണ് സ്റ്റാര്‍ക്ക് ഈ റെക്കോഡിന് അവകാശമായത്. എന്നാല്‍ പന്തും, അയ്യരും കൂടി സ്റ്റാര്‍ക്കിനെ ഈ പട്ടികയില്‍ മൂന്നാമതാക്കി.

ഈ പട്ടികയില്‍ നാലാമതുള്ളത് വെങ്കടേഷ് അയ്യരാണ്. ഐപിഎല്‍ 2025 ലേലത്തിന്റെ ആദ്യ ദിനം 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വെങ്കടേഷിനെ ടീമിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ വെങ്കടേഷ് കൊല്‍ക്കത്തയുടെ താരമായിരുന്നെങ്കിലും ഇത്തവണ നിലനിര്‍ത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ പ്രതിഫലത്തെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് താരത്തെ കൊല്‍ക്കത്ത തിരികെയെത്തിച്ചു. അതുകൊണ്ട് റീട്ടന്‍ഷന്‍ ലിസ്റ്റില്‍ കൊല്‍ക്കത്ത ഉള്‍പ്പെടുത്താത്തത് വെങ്കടേഷിന് അനുഗ്രഹമായെന്നും പറയാം.