Jesus Jimenez : ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന്റെ കുന്തമുന; വെക്കേഷന്‍ മാലിദ്വീപില്‍ അടിച്ചുപൊളിച്ച് ഹെസൂസ് ഹിമെനെസ്
Kerala Blasters Forward Jesus Jimenez : ഇനി ഫെബ്രുവരി 15നാണ് മത്സരം. എതിരാളികള്‍ കരുത്തരായ മോഹന്‍ ബഗാന്‍. അതുവരെ ബ്ലാസ്‌റ്റേഴ്‌സിന് വിശ്രമിക്കാനുള്ള സമയമാണ്. ഒപ്പം പുതുതന്ത്രങ്ങള്‍ മെനയാനുള്ള കാലയളവും. എന്നാല്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് ആഘോഷിക്കാനാണ് ഹെസൂസിന്റെ തീരുമാനം. കുടുംബത്തോടൊപ്പം മാലിദ്വീപിലാണ് താരം

കയറ്റിറക്കങ്ങളുടെ ആകെ തുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം. പുറത്തേക്കോ, അകത്തേക്കോ എന്ന് പറയാനാകാത്ത അവസ്ഥ. ലീഗില്‍ നിന്ന് പുറത്തായി എന്ന് തോന്നിച്ചിടത്ത് നിന്നാണ് പ്രതീക്ഷയുടെ നെരിപ്പോട് സമ്മാനിച്ച് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചെത്തിയത്. ഇപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടറിലെത്തുമെന്ന് പറയാറായിട്ടില്ല. എന്നാല്‍ സാധ്യതകള്‍ അവസാനിച്ചിട്ടുമില്ല. പരിതാപകരമായ പ്രകടനം പതിവാക്കിയതിന് പിന്നാലെ മുഖ്യപരിശീലകന്‍ മിക്കായേല്‍ സ്റ്റാറെയെ ക്ലബ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക പരിശീലകന്‍ ടി.ജി. പുരുഷോത്തമന്റെ കീഴില്‍ പോരാട്ടം. അതുവരെ തണുത്തുറത്ത് മാത്രം കണ്ട ടീമില്‍ നിന്ന് പോരാട്ടത്തിന്റെ തീജ്വാല ആളിപ്പടര്‍ന്നത് അപ്പോള്‍ മുതലാണെന്നും പറയാം. ഹെസൂസ് ഹിമെനെസ് പോലുള്ള കിടിലോല്‍ക്കിടിലം താരങ്ങളുടെ ചിറകിലേറെ ക്ലബ് പറന്നുയരുകയായിരുന്നു. ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാമതാണ് ഹെസൂസ്. ഇതുവരെ ഈ സ്പാനിഷ് താരം നേടിയത് 11 ഗോളുകള്‍. ബ്ലാസ്‌റ്റേഴ്‌സിന് ഹെസൂസ് എത്രത്തോളം പ്രാധാന്യമെന്ന് വരച്ചുകാട്ടുന്ന നേട്ടം.
ഇനി ഫെബ്രുവരി 15നാണ് മത്സരം. എതിരാളികള്‍ കരുത്തരായ മോഹന്‍ ബഗാന്‍. അതുവരെ ബ്ലാസ്‌റ്റേഴ്‌സിന് വിശ്രമിക്കാനുള്ള സമയമാണ്. ഒപ്പം പുതുതന്ത്രങ്ങള്‍ മെനയാനുള്ള കാലയളവും. എന്നാല്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് ആഘോഷിക്കാനാണ് ഹെസൂസിന്റെ തീരുമാനം. കുടുംബത്തോടൊപ്പം മാലിദ്വീപിലാണ് താരം. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹെസൂസിനെ പോലെ മറ്റ് താരങ്ങള്‍ക്ക് ഇത് ‘റീചാര്‍ജാ’കാനുള്ള സമയമാണ്.
എട്ടില്‍ നിന്ന് കുതിക്കണം
പോയിന്റ് പട്ടികയില്‍ എട്ടാമതാണ് കേരള ബ്ലാസ്റ്റേഴ്‌സ്. 19 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ചു. ഒമ്പതും തോറ്റു. മൂന്ന് സമനില. കയ്യിലുള്ളത് 24 പോയിന്റ്. ഇനി ആലസ്യം പാടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. കരുത്തോടെ മുന്നോട്ട് പോയേ മതിയാകൂവെന്ന് പോയിന്റ് പട്ടികയിലെ നിലവിലെ സ്ഥാനം അടിവരയിടുന്നു. പോയിന്റ് പട്ടികയിലെ കുതിപ്പിന് ഇന്ധനം പകരുന്നതിനുള്ള കാലയളവായി ഈ വെക്കേഷന്‍ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.




കൊച്ചിയില്‍ മോഹന്‍ ബഗാനെതിരെ നടക്കുന്ന പോരാട്ടത്തില്‍ സ്വന്തം ആരാധകര്‍ക്ക് വിജയമധുരം നുണയുന്നതിനുള്ള അവസരമൊരുക്കാനാകും ബ്ലാസ്റ്റേഴ്‌സിന്റെയും ശ്രമം. അതിനുശേഷം 22ന് ഗോവയെ അവരുടെ നാട്ടില്‍ നേരിടണം. മാര്‍ച്ച് ഒന്നിന് വീണ്ടും കൊച്ചിയിലേക്ക് മടക്കം. എതിരാളികള്‍ ജംഷെദ്പുര്‍. മാര്‍ച്ച് ഏഴിനുമുണ്ട് കൊച്ചിയില്‍ മത്സരം. പോരാട്ടം മുംബൈയ്‌ക്കെതിരെ. മാര്‍ച്ച് 12ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഈ എവേ മത്സരത്തില്‍ ഹൈദരാബാദാണ് എതിര്‍ടീം. ഈ മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നോട്ട് പോക്ക് അസാധ്യമല്ല. ഫീനിക്‌സ് പക്ഷിയെ പോലെ ബ്ലാസ്‌റ്റേഴ്‌സ് വിജയം കൊയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.