Lionel Messi – Luis Suarez: ക്ലബ് ഉടമകളായി മെസിയും സുവാരവും; ഡിപ്പോർട്ടിവോ എൽഎസ്എം ഉറുഗ്വേ ഫോർത്ത് ഡിവിഷനിൽ കളിക്കും
Messi Joins With Suarez For Deportivo LSM Project: ലൂയിസ് സുവാരവും ലയണൽ മെസിയും തമ്മിൽ വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ക്ലബ് സഹ ഉടമകളായാണ് ഇരുവരും ഒരുമിക്കുക.
ഉറുഗ്വേ താരം ലൂയിസ് സുവാരസിൻ്റെ ഉടമസ്ഥതയിലുള്ള ക്ലബിൻ്റെ സഹ ഉടമയായി അർജൻ്റൈൻ ഇതിഹാസം ലയണൽ മെസി. സുവാരസിൻ്റെ ഡിപ്പോർട്ടിവോ എൽഎസ് എന്ന ക്ലബിൽ മെസി ഇനിമുതൽ സഹ ഉടമയാവും. ഇതോടെ ക്ലബിൻ്റെ പേര് ഡിപ്പോർട്ടിവോ എൽഎസ്എം എന്നാക്കിമാറ്റി. ഉറുഗ്വേ ഫുട്ബോൾ സിസ്റ്റത്തിലെ നാലാം ഡിവിഷനായ ഉറുഗ്വേ ലീഗ മെട്രോപൊളിറ്റാന അമച്വർ ലീഗിലാവും ക്ലബ് കളിക്കുക. കഴിഞ്ഞ ദിവസം സുവാരസ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രഖ്യാപനം നടത്തിയത്.
സ്പാനിഷ് ക്ലബായ ബാഴ്സലോണയിൽ ഒരുമിച്ച് കളിച്ചപ്പോഴാണ് മെസിയും സുവാരസും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് ഇരുവരും രണ്ട് ക്ലബുകളിലേക്ക് മാറിയെങ്കിലും പിന്നീട് അമേരിക്കൻ ക്ലബായ ഇൻ്റർ മയാമിയിൽ വീണ്ടും ഒരുമിച്ചു. നിലവിൽ മെസിയും സുവാരസും ഇൻ്റർ മിയാമിയുടെ സഹതാരങ്ങളാണ്. ഇതിന് പിന്നാലെയാണ് ഇരുവരും ഇപ്പോൾ ക്ലബിൻ്റെ സഹ ഉടമകളായിരിക്കുന്നത്.
View this post on Instagram
2018ൽ സുവാരസാണ് ക്ലബ് ആരംഭിച്ചത്. ഡിപ്പോർട്ടിവോ എൽഎസ് എന്നായിരുന്നു അന്ന് ഈ ക്ലബിൻ്റെ പേര്. രാജ്യത്തെ ഗ്രാസ്റൂട്ട് ഫുട്ബോൾ വളർച്ചയെ ലക്ഷ്യമിട്ടുള്ള ഒരു പ്രൊജക്ടായിരുന്നു ഇത്. മത്സരഫലത്തിനപ്പുറം താരങ്ങളുടെ വളർച്ചയാണ് ഡിപ്പോർട്ടിവോ എൽഎസ് ലക്ഷ്യമിട്ടിരുന്നത്. യുവതാരങ്ങൾക്ക് മികച്ച പരിശീലന പ്രോഗ്രാമുകളും തൊഴിലവസരങ്ങളുമൊക്കെ ക്ലബ് നൽകിവരുന്നുണ്ട്. ഈ ക്ലബിൽ ഇനിമുതൽ മെസിയും പങ്കാളിയാവും.
നേരത്തെ ലൂയിസ് സുവാരസ് എന്ന പേര് സൂചിപ്പിക്കാനാണ് ഡിപ്പോർട്ടിവോ എൽഎസ് എന്ന് ക്ലബിന് പേരിട്ടിരുന്നത്. മെസി കൂടി എത്തിയതോടെ ക്ലബിൻ്റെ പേര് എം കൂടി ഉൾപ്പെടുത്തി ഡിപ്പോർട്ടിവോ എൽഎസ്എം എന്നാക്കി. ടീീൻ്റെ ലോഗോയിലും ബ്രാൻഡിംഗിലും ഇതിനനുസരിച്ചുള്ള മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.
നിലവിൽ 20 ഏക്കർ സ്ഥലത്താണ് ക്ലബ് സ്ഥിതിചെയ്യുന്നത്. സിന്തറ്റിക് ടർഫ്, 1,400 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയം എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളും ക്ലബിലുണ്ട്. 80 ജീവനക്കാരാണ് ഇവിടെയുള്ളത്. 3000ഓളം പേർ ക്ലബിൽ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. ഉറുഗ്വേ ഫുട്ബോളിൻ്റെ വളർച്ചയിൽ ഈ ക്ലബ് നിർണായക പങ്കാണ് വഹിക്കുന്നത്.