IPL 2025: ആദ്യമായി എലിമിനേറ്റർ കളിക്കുന്ന ഗുജറാത്ത്; എലിമിനേറ്ററിൽ നിന്ന് ഫൈനലിലെത്താത്ത മുംബൈ: ഈ സീസണ് ഏറെ സവിശേഷതകൾ
IPL 2025 Playoffs Scenario: ഐപിഎൽ പ്ലേ ഓഫ് പട്ടിക ആയപ്പോൾ ആദ്യമായി എലിമിനേറ്റർ കളിക്കുന്ന ഗുജറാത്തും എലിമിനേറ്ററിൽ നിന്ന് ഫൈനലിലെത്താത്ത മുംബൈയുമാണ് ഫോക്കസിൽ. ഒപ്പം ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത പഞ്ചാബും ബെംഗളൂരുവും ഫൈനൽ കളിക്കുമെന്നതും പ്രത്യേകതയാണ്.
ഇത്തവണ പ്ലേ ഓഫിന് ചില പ്രത്യേകതകളുണ്ട്. ഇതുവരെ കിരീടം നേടാത്ത രണ്ട് ടീമുകളും മുൻപ് കിരീടപരിചയമുള്ള രണ്ട് ടീമുകളുമാണ് പ്ലേ ഓഫ് കളിക്കുക. ഇതുവരെ കിരീടമധുരം ലഭിച്ചിട്ടില്ലാത്ത ഒരു ടീമെങ്കിലും ഫൈനൽ കളിക്കും. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ആദ്യമായാണ് എലിമിനേറ്റർ കളിക്കുന്നത്. നാലാമതുള്ള മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ കളിച്ച സീസണുകളിലൊന്നും ഫൈനലിൽ എത്തിയിട്ടില്ല. ഇങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ സീസണുള്ളത്.
പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇരു ടീമുകളും ഇതുവരെ ഐപിഎൽ കിരീടം നേടിയിട്ടില്ല. ഇരുവരും തമ്മിൽ ഇന്ന് നടക്കുന്ന ക്വാളിഫയർ 1 മത്സരത്തിലെ വിജയികൾ നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെടുന്നവർ എലിമിനേറ്റർ വിജയിക്കുന്ന മുംബൈയെയോ ഗുജറാത്തിനെയോ ക്വാളിഫയർ 2ൽ നേരിടും. 2014 സീസണ് ശേഷം ഇതാദ്യമായാണ് പഞ്ചാബ് പ്ലേ ഓഫിലെത്തുന്നത്. 2014ലും ഒന്നാം സ്ഥാനത്താണ് പഞ്ചാബ് ലീഗ് ഘട്ടം പൂർത്തിയാക്കിയത്. സീസണിൽ പഞ്ചാബ് റണ്ണേഴ്സ് അപ്പായി. 2008ൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബിൻ്റെ മൂന്നാം പ്ലേ ഓഫ് മാത്രമാണിത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ പത്താം പ്ലേ ഓഫാണിത്. പക്ഷേ, ഇതുവരെ കിരീടം നേടിയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത് രണ്ടാമത്. മൂന്ന് തവണ റണ്ണേഴ്സ് അപ്പായി.




ഐപിഎലിൽ ആകെ നാല് സീസൺ കളിച്ച ഗുജറാത്ത് ആദ്യമായാണ് എലിമിനേറ്റർ കളിക്കുക. ആദ്യ രണ്ട് സീസണുകളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ക്ലബ് ആദ്യ സീസണിൽ കിരീടം നേടുകയും രണ്ടാം സീസണിൽ റണ്ണേഴ്സ് അപ്പ് ആവുകയും ചെയ്തു. 2024 സീസണിൽ ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മുംബൈയാണ് നാലാമത്. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയിട്ടുള്ള മുംബൈ ഐപിഎൽ ചരിത്രത്തിലെ തന്നെ മികച്ച ടീമുകളിൽ ഒന്നാണ്. നാല് തവണ എലിമിനേറ്റർ കളിച്ചെങ്കിലും ഫൈനലിലെത്തിയില്ല.