Cricket Rule Change: ബൗണ്ടറി ലൈനിലെ അതിസാഹസിക ക്യാച്ചുകൾക്ക് വിട; ഇനി അത്തരം ക്യാച്ചുകൾ നിയമവിരുദ്ധം
Bunny Hop Catches Rule Change: ബൗണ്ടറി ലൈനിൽ നിന്നെടുക്കുന്ന അതിസാഹസിക ക്യാച്ചുകൾ വിലക്കി എംസിസി. ഇത്തരം ക്യാച്ചുകളിൽ എംസിസി പുതിയ നിയമപരിഷ്കരണം കൊണ്ടുവന്നു.

ക്യാച്ച് നിയമം
ബൗണ്ടറി ലൈനിൽ നിന്നെടുക്കുന്ന അതിസാഹസിക ക്യാച്ചുകൾ ഇനിമുതൽ നിയമവിരുദ്ധം. ക്രിക്കറ്റ് നിയമങ്ങൾ രൂപീകരിക്കുന്ന മെരിൽബോൾ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണ് ഇത്തരം ക്യാച്ചുകൾ നിയമവിരുദ്ധമാക്കിയത്. ഈ മാസം മുതൽ ഇത്തരം ക്യാച്ചുകൾ ക്യാച്ചുകളായി പരിഗണിക്കില്ല. നേരത്തെ, ഇത്തരം ക്യാച്ചുകളുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം ഇല്ലാതിരുന്നതിനാൽ നിലവിലെ നിയമങ്ങളനുസരിച്ച് അമ്പയർമാർ ക്യാച്ചെന്നോ ബൗണ്ടറിയെന്നോ വിധിക്കാറായിരുന്നു പതിവ്. എന്നാൽ, പുതിയ നിയമമനുസരിച്ച് ഇത്തരം ക്യാച്ചുകൾ ഇനി പരിഗണിക്കില്ല.
ബൗണ്ടറിയിൽ ചില അസാമാന്യ ഫീൽഡിംഗ് പ്രകടനങ്ങൾക്ക് ഇത്തരം ക്യാച്ചുകൾ വഴിയൊരുക്കിയിട്ടുണ്ടെങ്കിലും ചില ക്യാച്ചുകൾ ക്രിക്കറ്റ് ലോകത്തിന് ശരിയായി തോന്നിയിരുന്നില്ല. ഇത് പരിഗണിച്ചാണ് നിയമപരിഷ്കരണം. ബൗണ്ടറി ലൈനിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ചാടി അതിസാഹസികമായി കൈപ്പിടിയിലൊതുക്കുന്ന ക്യാച്ചുകൾ ഇതോടെ ഇല്ലാതാവും.
2023 ബിഗ് ബാഷ് ലീഗിൽ മൈക്കൽ നസർ നേടിയ ക്യാച്ചും 2020ൽ മാറ്റ് റെൻഷായുടെ സഹായത്തോടെ ടോം ബാൻ്റൺ നേടിയ ക്യാച്ചുമൊക്കെയാണ് എംസിസി പരിഗണിച്ചത്. ഈ രണ്ട് ക്യാച്ചുകളും വിവാദമായിരുന്നു. ഫീൽഡർമാർ ക്യാച്ചെടുക്കാനായി ബൗണ്ടറിയിൽ ഏറെ ദൂരം പോയി എന്ന് എംസിസി നിരീക്ഷിച്ചു. 2010ലാണ് മുൻപ് ഇതുമായി ബന്ധപ്പെട്ട നിയമം പരിഷ്കരിച്ചത്. ഈ നിയമമാണ് 15 വർഷത്തിന് ശേഷം വീണ്ടും പരിഷ്കരിച്ചിരിക്കുന്നത്.
Also Read: India vs India A: പരിശീലന മത്സരത്തിലും നിറഞ്ഞാടി രാഹുൽ, തകർപ്പൻ ഫോമിൽ ഗിൽ
പരിഷ്കരിച്ച നിയമമനുസരിച്ച് ബൗണ്ടറി വരയ്ക്കപ്പുറത്ത് നിന്ന് ഒരു തവണ പന്ത് തൊടുന്ന ഫീൽഡർ രണ്ടാമത് പന്ത് തൊടുന്നത് ബൗണ്ടറി വരയ്ക്ക് ഇപ്പുറത്ത് നിന്നാവണം. ബൗണ്ടറിയ്ക്കപ്പുറത്ത് നിന്ന് പന്ത് മുകളിലേക്കെറിഞ്ഞ് ഒന്നുകൂടി ബൗണ്ടറിയിൽ ചവിട്ട് മൂന്നാം തവണ ഇപ്പുറത്ത് കാൽ കുത്തിയാൽ അത് ബൗണ്ടറിയായി പരിഗണിക്കും. ബൗണ്ടറിയ്ക്ക് അപ്പുറത്ത് നിന്ന് പന്ത് ഇപ്പുറത്തേക്കിട്ട് ഫീൽഡറും ഇപ്പുറത്ത് വന്ന് ക്യാച്ചെടുക്കുന്നത് അനുവദനീയമാണ്. അതായത് ബൗണ്ടറിയ്ക്ക് അപ്പുറത്ത് നിന്ന് ഉയർന്നുചാടി ഒരു തവണയേ ഫീൽഡർ പന്തിൽ തൊടാവൂ. ബൗണ്ടറിയ്ക്ക് അപ്പുറത്തുനിന്ന് പന്ത് ഇപ്പുറത്തേക്കിടുന്ന ഫീൽഡർ ഇപ്പുറത്ത് എത്തുന്നതിന് മുൻപ് ടീം അംഗം പന്ത് കൈപ്പിടിയിലൊതുക്കണം. ടീമംഗം പന്ത് പിടികൂടുന്നതിന് മുൻപ് ഫീൽഡർക്ക് തിരികെ എത്താനായില്ലെങ്കിൽ അത് ബൗണ്ടറിയാവും.