UAE vs BAN: മലയാളിയുടെ ഫിഫ്റ്റിയിൽ ബംഗ്ലാദേശിനെ തുരത്തി യുഎഇ; ചരിത്രത്തിലാദ്യമായി ടി20 പരമ്പര
Alishan Sharafu Scores Fifty vs UAE: മലയാളിയായ അലിഷാൻ ഷറഫുവിൻ്റെ മികവിൽ ബംഗ്ലാദേശിനെതിരെ ടി20 പരമ്പര നേടി യുഎഇ. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശിനെതിരെ യുഎഇ പരമ്പര വിജയിക്കുന്നത്.

അലിഷാൻ ഷറഫു
ബംഗ്ലാദേശിനെതിരെ ചരിത്രജയവുമായി യുഎഇ. കഴിഞ്ഞ മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച യുഎഇ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനെതിരെ ടി20 പരമ്പര നേടി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും വിജയിക്കാൻ യുഎഇയ്ക്ക് സാധിച്ചു.
മൂന്നാം മത്സരത്തിൽ മലയാളിയായ അലിഷാൻ ഷറഫുവാണ് യുഎഇയുടെ വിജയശില്പി ആയത്. 163 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ അഞ്ച് പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 47 പന്തിൽ 68 റൺസുമായി അലിഷാൻ ഷറഫു പുറത്താവാതെ നിന്നു. 22കാരനായ ഷറഫു കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ്. യുഎഇയുടെ അണ്ടർ 19 സിസ്റ്റത്തിലൂടെ വളർന്നുവന്ന താരമാണ് അലിഷാൻ ഷറഫു. 2022 അണ്ടർ 19 ലോകകപ്പ് ടീം ക്യാപ്റ്റനായിരുന്ന അലിഷാൻ അതിന് മുൻപ് തന്നെ ദേശീയ ടീമിൽ കളിച്ചിരുന്നു. 2020 ഫെബ്രുവരിയിൽ അയർലൻഡിനെതിരെയാണ് അലിഷാൻ യുഎഇയുടെ സീനിയർ ടീമിൽ ഇടം നേടുന്നത്. തുടർന്ന് താരം ടീമിലെ സ്ഥിരസാന്നിധ്യമാണ്.
Also Read: IPL 2025: ഒരു കളി കൊണ്ട് മുംബൈയ്ക്ക് ഇനിയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താം; ഇതാ കണക്കിലെ കളികൾ
പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് 27 റൺസിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 191 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ യുഎഇ 20 ഓവറിൽ 164 റൺസിന് ഓളൗട്ടായി. അടുത്ത മത്സരത്തിൽ 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ യുഎഇ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു പന്ത് ബാക്കിനിർത്തി വിജയലക്ഷ്യം മറികടന്നു. അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച യുഎഇ ഇതോടെ പരമ്പരയും നേടി. ഈ കളി അലിഷാൻ ഷറഫു കളിയിലെ താരമായി. ക്യാപ്റ്റൻ മുഹമ്മദ് വസീമാണ് പരമ്പരയിലെ താരം.
ഡൽഹി ക്യാപിറ്റൽസിൽ മിച്ചൽ സ്റ്റാർക്കിന് പകരക്കാരനായെത്തിയ മുസ്തഫിസുർ റഹ്മാൻ യുഎഇക്കെതിരെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നു. പിന്നീടുള്ള രണ്ട് മത്സരങ്ങളിലും താരം ബംഗ്ലാദേശിനായി ഇറങ്ങിയില്ല.