IPL 2025: വിൽ ജാക്ക്സ് എറിഞ്ഞ ആ പന്തെങ്ങനെ നോബോളായി?; ഐപിഎലിലെ അധികമാരും അറിയാത്തൊരു നിയമം
How Will Jacks Bowled That No Ball: ഡൽഹി ക്യാപിറ്റൽസിനെതിരായ അഞ്ചാം ഓവറിൽ വിൽ ജാക്ക്സ് എറിഞ്ഞ മൂന്നാമത്തെ പന്ത് നോബോളായിരുന്നു. എന്നാൽ, അതെങ്ങനെ നോബോളായി എന്നറിയാമോ?
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ആധികാരികമായി വിജയിച്ച് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫുറപ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 181 റൺസ് വിജയലക്ഷ്യം മുന്നോട്ടുവച്ച മുംബൈ ഡൽഹിയെ 121 റൺസിന് ഓളൗട്ടാക്കി. ഇരു ടീമുകളിലെയും സ്പിന്നർമാർ തിളങ്ങിയ മത്സരത്തിൽ മുംബൈയുടെ പാർട് ടൈം സ്പിന്നർ വിൽ ജാക്ക്സ് എറിഞ്ഞ ഒരു പന്ത് നോബോളായതെങ്ങനെ എന്ന ചോദ്യമുയരുന്നുണ്ട്. അതിന് കാരണം ഐപിഎലിലെ അധികമാരും അറിയാത്തൊരു നിയമമാണ്.
വിൽ ജാക്ക്സ് എറിഞ്ഞ അഞ്ചാമത്തെ ഓവറിലായിരുന്നു വിചിത്രമായ നോബോൾ. രണ്ടാം പന്തിൽ അഭിഷേക് പോറൽ പുറത്തായതിന് പിന്നാലെ വിപ്രജ് നിഗം ക്രീസിലെത്തി. തൊട്ടടുത്ത പന്ത് നോബോളായി. എന്നാൽ, ഇത് ആദ്യം എന്തുകൊണ്ടെന്ന് ആർക്കും മനസ്സിലായില്ല. ഓഫ് സൈഡിൽ വെറും മൂന്ന് ഫീൽഡർമാരാണ് ഉണ്ടായിരുന്നത്. അതായത് ലെഗ് സൈഡിൽ ആറ് ഫീൽഡർമാർ. ഐപിഎലിൻ്റെ നിയമമനുസരിച്ച് ലെഗ് സൈഡിൽ അഞ്ച് ഫീൽഡർമാരിൽ കൂടുതൽ ഉണ്ടാവാൻ പാടില്ല. ഐപിഎൽ പ്ലേയിങ് കണ്ടീഷനിലെ 28.4.1 വകുപ്പനുസരിച്ചാണ് ഇങ്ങനെ ഒരു നിയമമുള്ളത്. ഇത് നോബോളായതോടെ അടുത്ത പന്തിലെ ഫ്രീ ഹിറ്റിൽ സിക്സർ നേടിയ വിപ്രജ് പിന്നീട് രണ്ട് ബൗണ്ടറികൾ കൂടി നേടി ഓവറിൽ 15 റൺസ് അടിച്ചെടുത്തിരുന്നു.
Also Read: IPL 2025: ഒരു കളി കൊണ്ട് മുംബൈയ്ക്ക് ഇനിയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താം; ഇതാ കണക്കിലെ കളികൾ




മത്സരത്തിൽ 59 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം കുറിച്ച മുംബൈ പ്ലേ ഓഫ് യോഗ്യത നേടുന്ന നാലാമത്തെ ടീമായി. ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളാണ് നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചത്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയം സഹിതം 16 പോയിൻ്റാണ് മുംബൈക്കുള്ളത്. പഞ്ചാബ് കിംഗ്സിനെതിരെയാണ് മുംബൈയുടെ അവസാന മത്സരം. ഈ കളി വിജയിക്കാനായാൽ മുംബൈക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനുള്ള സാധ്യതയും ഉണ്ട്.