IPL 2025: ഒരു കളി കൊണ്ട് മുംബൈയ്ക്ക് ഇനിയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താം; ഇതാ കണക്കിലെ കളികൾ
Mumbai Indians Can Still Finish Top 2: ഒരു മത്സരം ബാക്കിയുള്ളെങ്കിലും മുംബൈ ഇന്ത്യൻസിന് ഇനിയും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താം. ബാക്കിയെല്ലാ ടീമുകൾക്കും ഇനി രണ്ട് മത്സരം കൂടിയുണ്ട്.
മുംബൈ ഇന്ത്യൻസിന് ഇനിയും പ്ലേഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താം. പ്ലേ ഓഫ് യോഗ്യത നേടിയ നാല് ടീമുകളിൽ മുംബൈക്ക് മാത്രമാണ് ഇനി ഒരു മത്സരം ബാക്കിയുള്ളത്. ബാക്കിയെല്ലാ ടീമുകൾക്കും രണ്ട് കളി വീതമുണ്ട്. എങ്കിലും മുംബൈ ഇന്ത്യൻസിന് ഇനിയും ആദ്യ രണ്ടിലെത്താൻ അവസരമുണ്ട്.
ഇങ്ങനെ സംഭവിക്കണമെങ്കിൽ ഇനിയുള്ള ഒരു കളി മുംബൈ വിജയിച്ചാൽ മാത്രം പോര. മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമാവണം. പഞ്ചാബിനെതിരയാണ് മുംബൈയുടെ അവസാന മത്സരം. ഈ മത്സരം വിജയിക്കാനായാൽ മുംബൈക്ക് 18 പോയിൻ്റാവും. പ്ലേഓഫിലുള്ള മറ്റ് ടീമുകൾ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ്. ഈ ടീമുകൾക്ക് യഥാക്രമം 18, 17, 17 എന്നിങ്ങനെയാണ് പോയിൻ്റ്. മുംബൈ പഞ്ചാബിനെ തോല്പിക്കുകയും മറ്റ് മൂന്ന് ടീമുകൾ ഇനിയുള്ള മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്താൽ ഗുജറാത്തിനും മുംബൈക്കും 18 പോയിൻ്റ് വീതമാവും. അങ്ങനെയെങ്കിൽ മികച്ച റൺ റേറ്റുള്ള മുംബൈ ഒന്നാമതെത്തും.
Also Read: IPL 2025: പ്ലേ ഓഫ് കണ്ട് ഇനിയാരും പനിയ്ക്കണ്ട; ഡൽഹിയെ തകർത്തെറിഞ്ഞ് ആ സ്ഥാനം മുംബൈ എടുത്തിട്ടുണ്ട്




പ്ലേ ഓഫിലെ മറ്റ് ടീമുകളിൽ ഏതെങ്കിലും രണ്ട് ടീമുകൾ അടുത്ത രണ്ട് മത്സരങ്ങൾ തോൽക്കുകയും ഒരു ടീം ഒരു കളിയെങ്കിലും വിജയിക്കുകയും ചെയ്താൽ മുംബൈ രണ്ടാം സ്ഥാനത്തെത്തും. ഇങ്ങനെ വരുമ്പോൾ ഒരു ടീമിന് ചുരുങ്ങിയത് 19 അല്ലെങ്കിൽ 20 പോയിൻ്റാവും. മറ്റ് ടീമുകൾ 17, 18 പോയിൻ്റിൽ ഒതുങ്ങുകയും ചെയ്യും. റൺ റേറ്റ് കൂടി പരിഗണിക്കുമ്പോൾ മുംബൈ രണ്ടാം സ്ഥാനത്തെത്തും. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് പ്ലേ ഓഫിൽ ഒരു കളി തോറ്റാലും ഫൈനലിലെത്താൻ ഒരവസരം കൂടി ലഭിക്കും. മൂന്ന്, നാല് സ്ഥാനക്കാർക്ക് ആദ്യ കളി ജയിച്ചാലും ഫൈനൽ കളിക്കാൻ ഒരു കളി കൂടി ജയിക്കണം.
പഞ്ചാബ് കിംഗ്സിന് ഡൽഹിക്കും മുംബൈക്കുമെതിരെയാണ് അടുത്ത മത്സരങ്ങൾ. ഗുജറാത്ത് ടൈറ്റൻസ് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നീ ടീമുകളെ നേരിടും. സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ടീമുകൾക്കെതിരെയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ അടുത്ത രണ്ട് മത്സരങ്ങൾ.