Virat Kohli : രഞ്ജിയിലും രക്ഷയില്ല; രോഹിതിന്റെ പാതയില്‍ കോഹ്ലിയും, വന്ന പോലെ മടങ്ങി
Delhi vs Railways Ranji Match : 15 പന്തില്‍ ആറു റണ്‍സാണ് നേടിയത്. ഒരു ഫോര്‍ കണ്ടെത്തി. ഹിമാന്‍ശു സാങ്‌വാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് പുറത്തായത്. 13 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയത് ഈ 15 പന്തുകള്‍ മാത്രം നേരിടാനാണോയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. രണ്ടാം ഇന്നിംഗ്‌സിലെങ്കിലും ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Virat Kohli
13 വര്‍ഷത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്. വമ്പന്‍ വാര്‍ത്താപ്രാധാന്യം. ഒപ്പം മത്സരം കാണാന്‍ ഇരച്ചെത്തുന്ന ആരാധകരും. വിരാട് കോഹ്ലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തുന്ന മത്സരമെന്ന ഒറ്റ കാരണത്താല്‍, ഡല്‍ഹി-റെയില്‍വേസ് മത്സരത്തിന് ക്രിക്കറ്റ് ലോകത്ത് പ്രാധാന്യമേറെയായിരുന്നു. എന്നാല്‍, പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ആഭ്യന്തര ക്രിക്കറ്റിലും വിരാട് വന്ന പോലെ മടങ്ങി. മോശം ഫോമെന്ന ദുര്‍ഭൂതം രാജ്യാന്തര ക്രിക്കറ്റിന് പിന്നാലെ, ആഭ്യന്തര മത്സരങ്ങളിലും വിരാട് കോഹ്ലിയെ വിടാതെ പിന്തുടരുന്ന കാഴ്ചയാണ് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കാണാനായത്.
15 പന്തില്‍ ആറു റണ്‍സാണ് സമ്പാദ്യം. ഒരു ഫോര്‍ കണ്ടെത്തിയത് മാത്രം ആശ്വാസം. ഹിമാന്‍ശു സാങ്‌വാന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. 13 വര്‍ഷത്തിന് ശേഷം താരം തിരിച്ചെത്തിയത് ഈ 15 പന്തുകള്‍ മാത്രം നേരിടാനാണോയെന്ന ചോദ്യമാണ് ആരാധകര്‍ പരിഹാസരൂപത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്. താരം രണ്ടാം ഇന്നിംഗ്‌സിലെങ്കിലും ഫോം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നിലവില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഡല്‍ഹിയുടെ ബാറ്റിംഗ് പുരോഗമിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ റെയില്‍വേസ് 241 റണ്‍സിന് പുറത്തായിരുന്നു. കോഹ്ലി മോശം ഫോമിലാണെങ്കിലും ഡല്‍ഹി ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.
Read Also : മറ്റ് വഴികളില്ല, സഞ്ജുവിന് ഇന്ന് തിളങ്ങിയേ പറ്റൂ; ഈ പോരാട്ടം നിര്‍ണായകം
രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ഫോം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ജമ്മു കശ്മീരിനെതിരെ നടന്ന മുന്‍ മത്സരത്തില്‍ മുംബൈ താരമായ രോഹിത് ആദ്യ ഇന്നിംഗ്‌സില്‍ വെറും മൂന്ന് റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 28 റണ്‍സ് നേടി. മത്സരത്തില്‍ ജമ്മു കശ്മീരിനോട് മുംബൈ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. നിലവില്‍ മേഘാലയക്കെതിരെ നടക്കുന്ന മത്സരത്തില്‍ മുംബൈയ്ക്കായി രോഹിത് കളിക്കുന്നില്ല.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്താണ് രഞ്ജിയില്‍ നിരാശപ്പെടുത്തിയ മറ്റൊരു താരം. സൗരാഷ്ട്രയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 1, 17 എന്നിങ്ങനെയാണ് രണ്ട് ഇന്നിംഗ്‌സുകളില്‍ ഋഷഭ് പന്ത് നേടിയത്. റെയില്‍വേസിനെ നടക്കുന്ന മത്സരത്തില്‍ പന്ത് കളിക്കുന്നില്ല.