Women’s T20 World Cup: ഇനി പാകിസ്താൻ വിചാരിക്കണം, വനിതാ ലോകകപ്പിലെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ മങ്ങി
India vs Australia: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമിയിലേക്കുള്ള ഓസ്ട്രേലിയയുടെ ആധികാരിക മുന്നേറ്റം. ഇന്ന് നടക്കുന്ന ന്യൂസിലൻഡ്- പാകിസ്താൻ മത്സരത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം.
ദുബായ്: വനിതാ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തേക്കോ? നിർണായക മത്സരത്തിൽ ഓസീസിന്റെ ബൗളിംഗ് പ്രഹരത്തിന് മേൽ ഇന്ത്യ മത്സരം കെെവിട്ടത് 9 റൺസുകൾക്ക് അകലെ. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതങ്ങൾ മങ്ങി. 9 റൺസിന്റെ ജയത്തോടെ ഓസ്ട്രേലിയ സെമി ഫെെനലിന് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമിയിലേക്കുള്ള ഓസ്ട്രേലിയയുടെ ആധികാരിക മുന്നേറ്റം. ഇന്ന് നടക്കുന്ന ന്യൂസിലൻഡ്- പാകിസ്താൻ മത്സരത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ രണ്ടാമതാണ്. ന്യൂസിലൻഡും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. സ്കോർ: ഇന്ത്യ: 20 ഓവറിൽ 142/9; ഓസ്ട്രേലിയ: 20 ഓവറിൽ 152.
രണ്ട് വീതം മത്സരങ്ങളുള്ള ന്യൂസിലൻഡും പാകിസ്താനും ഏതെങ്കിലുമൊന്നിൽ തോറ്റാലും ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് മുളകും. നെറ്റ് റൺറേറ്റായിരിക്കും ഇന്ത്യയെ സെമി കടത്താൻ സഹായിക്കുക. പാകിസ്താൻ കുറഞ്ഞ റൺറേറ്റിൽ ജയിച്ചാൽ മാത്രമാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാനാകൂ. ടൂർണമെന്റിൽ നിന്ന് ഇതിനോടകം ശ്രീലങ്ക പുറത്തായി.
കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തിരിച്ചടി. മറുപടി ബാറ്റിംഗിന്റെ തുടക്കം മുതൽ അടിപതറി. 46 റൺസെടുക്കുന്നതിനിടെ ഷെഫാലി വർമ്മ, സ്മൃത് മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവർ പുറത്ത്. പിന്നെ കണ്ടത് ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയുടെയും കരുതലോടെയുള്ള ബാറ്റിംഗ്. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റി. സ്കോർ 110-ൽ നിൽക്കെ ദീപ്തിയെ മടക്കി അയച്ച് സോഫി മൊളിനെക്‌സ്. പിന്നെ കണ്ടത് ഓസീസിന്റെ ബൗളാക്രമണത്തിന് മുന്നിൽ ഇന്ത്യ തകർന്നടിയുന്ന കാഴ്ച. പുറത്താകാതെ 54 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോരാട്ടവും ഇന്ത്യയെ ജയിപ്പിക്കാനായില്ല.